ലോക്സഭയിലേക്കും രാജ്യസഭയിലേക്കും മത്സരിക്കാതെയും പാര്‍ലമെന്റ് അംഗമാകാം. അങ്ങനെ എംപിമാരായ ഒമ്പത് മലയാളികള്‍ ഉണ്ട്. അതില്‍ ഒരാള്‍ ലോക്സഭയിലേയ്ക്ക് ഇപ്പോള്‍ ജനവിധി തേടുന്നു.
ഒമ്പത് മലയാളികളാണ് നാമനിര്‍ദ്ദേശത്തിലൂടെ പാര്‍ലമെന്റ് അംഗങ്ങളായത്. സര്‍ദാര്‍ കെ.എം. പണിക്കര്‍, ജി. രാമചന്ദ്രന്, ജി. ശങ്കരക്കുറുപ്പ്, അബു എബ്രഹാം, കെ. കസ്തൂരിരംഗന്‍, സുരേഷ് ഗോപി, പി.ടി. ഉഷ, ഡോ. ചാള്‍സ് ഡയസ്, റിച്ചാര്‍ഡ് ഹെ എന്നിവരാണവര്‍. ആദ്യത്തെ ഏഴുപേര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടാണ് എംപിമാരായത്. രണ്ടു പേര് ആഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായി ലോക്സഭയും കണ്ടു.
രാജ്യസഭയില്‍ 245 അംഗങ്ങളുണ്ട്. സാഹിത്യം, ശാസ്ത്രം, കല, സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളിലുള്ള പ്രത്യേക ജ്ഞാനമോ പ്രായോഗിക പരിചയമോ കണക്കിലെടുത്ത് 12 പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യും.
പ്രമുഖ സാഹിത്യകാരനും രാജ്യതന്ത്രജ്ഞനും ചരിത്രകാരനുമായ സര്‍ദാര്‍ കെ.എം പണിക്കര്‍ ആണ് ഇത്തരത്തില്‍ ആദ്യം എംപിയായ മലയാളി. പ്രൊഫ. സത്യേന്ദ്രനാഥ് ബോസ് രാജിവച്ച ഒഴിവിലേക്ക് 1959 ആഗസ്റ്റ് 25നാണ് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്. 1960 ഏപ്രില്‍ മൂന്ന് മുതലുള്ള കാലാവധിയിലേക്ക് പണിക്കരെ വീണ്ടും നോമിനേറ്റ് ചെയ്തു. ജമ്മു കശ്മീര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി നിയമിതനായതിനെത്തുടര്‍ന്ന് 1961 മേയ് 22ന് അദ്ദേഹം രാജിവച്ചു.
പ്രമുഖ ഗാന്ധിയനും ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയുടെ സ്ഥാപകനുമായ ജി. രാമചന്ദ്രന് 1964 ഏപ്രില്‍ മൂന്ന് മുതല്‍ 1970 ഏപ്രില്‍ രണ്ട് വരെ ആറ് വര്‍ഷം രാജ്യസഭയിലെ അംഗമായിരുന്നു. ഡോ.ജി. രാമചന്ദ്രനു പിന്നാലെ പ്രഥമ ജ്ഞാനപീഠ പുരസ്കാര ജേതാവ് മഹാകവി ജി. ശങ്കരക്കുറുപ്പ് രാജ്യസഭയിലെത്തി. ഡോ. ധനഞ്ജയ രാമചന്ദ്ര ഗാഡ്ഗില്‍ രാജിവച്ച ഒഴിവിലേക്കാണ് 1968 ഏപ്രില്‍ രണ്ടിന് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. തുടര്‍ന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം നോമിനേഷനിലൂടെ സഭയിലെത്തി.
രാജ്യസഭയില്‍ 1964 മുതല്‍ 1978 വരെ തുടര്‍ച്ചയായി നാമനിര്‍ദ്ദേശത്തിലൂടെ വന്ന മലയാളികളുണ്ടായിരുന്നു. 1968 മുതല്‍ 1970 വരെ ഒരേസമയത്തുതന്നെ രണ്ടുപേരുണ്ടായിരുന്നു. ജി. രാമചന്ദ്രനും അബു എബ്രഹാമും മാത്രമാണ് ആറ് വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയത്. ഐഎസ്ആര്‍ഒയുടെ നിരവധി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് കസ്തൂരിരംഗന്‍ 2003-2009 കാലത്താണ് രാജ്യസഭാംഗമായത്. നരേന്ദ്ര മോദി സര്‍ക്കാര്‍ 2016 ഏപ്രില്‍ 29 ന് സുരേഷ് ഗോപിയെ നാമനിര്‍ദ്ദേശം ചെയ്തു. 2022 ജൂലൈ 7 ന് പി.ടി. ഉഷയും നോമിനേഷനിലൂടെ രാജ്യസഭയിലെത്തി.
ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായും രണ്ടുപേരെ ലോക്സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാറുണ്ട്. ആദ്യ ആംഗ്ലോ ഇന്ത്യന്‍ മലയാളി രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നോമിനേറ്റ് ചെയ്യപ്പെട്ട ഡോ ചാള്‍സ് ഡയസാണ്. കൊച്ചി എറണാകുളം സ്വദേശിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഡോ. റിച്ചാര്‍ഡ് ഹെ കണ്ണൂര്‍ സ്വദേശിയാണ്.
നോമിനേറ്റ് ചെയ്തവരില്‍ സുരേഷ് ഗോപിമാത്രമാണ് പിന്നീട് തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാജ്യസഭാഗം ആയിരിക്കെ 2021ല്‍ തൃശ്ശൂരില്‍ നിന്ന് നിയമസഭയിലേയക്ക് മത്സരിച്ചു. കാലാവധി തീര്‍ന്നശേഷം ഇപ്പോള്‍ തൃശ്ശൂരില്‍നിന്ന് ലോക്സഭയിലേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: