തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ പിതാവിന്റെ ഹര്‍ജിയില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് സിബിഐ. ജെസ്നയെ കുറിച്ച് വിവരമൊന്നുമില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നുമുളള സിബിഐയുടെ ആവശ്യം തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിന് വിശദീകരണം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് സിബിഐ സിജെഎം കോടതിയില്‍ പറഞ്ഞു.
കേസ് ഏപ്രില്‍ അഞ്ചിന് പരിഗണിക്കും. ജെസ്ന കേസില്‍ സുപ്രധാനമായ ഒട്ടേറെകാര്യങ്ങള്‍ സിബിഐ അന്വേഷിച്ചില്ലെന്ന് പിതാവ് ഹര്‍ജിയില്‍ പറയുന്നുണ്ട്. ജെസ്നയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടന്നില്ല. കാണാതാകും മുന്നേ ജെസ്ന എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്തതിലും അന്വേഷമുണ്ടായില്ല. പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നതെങ്കിലും ഈ സ്ഥലങ്ങളില്‍ സിബിഐ അന്വേഷണം എത്തിയില്ലെന്നും പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജിയും ഏപ്രില്‍ അഞ്ചിന് പരിഗണിക്കും. 2018 മാര്‍ച്ച് 22ന് കൊല്ലമുളയിലെ സ്വന്തം വീട്ടില്‍ നിന്ന് പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കു പോകുന്നതിനിടെയാണ് ജെസ്നയെ കാണാതായത്.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിക്കാതെ വന്നതോടെ കേസ് സിബിഐക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: