തിരുവനന്തപുരം മുരുകന്‍
രാഹുകേതുക്കള്‍ ആര്? പുരാണത്തില്‍ സൂര്യചന്ദ്രഗ്രഹണ വിസ്മയങ്ങള്‍ക്കു കാരണഭൂതനായ സൈംഹികേയന്‍. പാലാഴി കടഞ്ഞെടുത്ത അമൃത് മോഹിനീവേഷധാരിയായ വിഷ്ണു ദേവന്മാര്‍ക്കു വിളമ്പുമ്പോള്‍ ദേവവേഷത്തില്‍ ദേവന്മാരുടെ ഇടയിലിരുന്നു അമൃതുഭുജിച്ച രാക്ഷസനെ ദ്വാരപാലകരായി നിന്ന സൂര്യചന്ദ്രന്മാര്‍ വിഷ്ണുവിനു കാണിച്ചുകൊടുത്തു. വിഷ്ണു ചക്രായുധം കൊണ്ട് രാക്ഷസന്റെ കഴുത്തറുത്ത് ഉടലും തലയും വേര്‍പെടുത്തി. അമൃത് ആസ്വദിച്ചതുകൊണ്ടു ജീവന്‍ നഷ്ടപ്പെട്ടില്ല. അതിന്റെ വൈരാഗ്യത്തില്‍ ഒടുങ്ങാത്ത പകയോടെ സൂര്യചന്ദ്രന്മാരെ ഗ്രസിക്കുന്നതാണത്രെ സൂര്യചന്ദ്രഗ്രഹണം.
ഭൂമിയുടെയും ചന്ദ്രന്റെയും സഞ്ചാരമാര്‍ഗത്തിലെ രണ്ടുബിന്ദുക്കളാണു രാഹുകേതുക്കള്‍ എന്ന് ആധുനികശാസ്ത്രം. തമോഗ്രഹങ്ങളെന്നും പറയും. കാരണം അവര്‍ വസ്തുക്കളല്ല,വെറും നിഴലുകളാണ്. ഗ്രഹം എന്ന സംജ്ഞയ്‌ക്കു മനുഷ്യന്റെ ജീവിതത്തെ ഗ്രഹിക്കുന്നത്, ബാധിക്കുന്നത്, എന്നാണര്‍ത്ഥം. സപ്തഗ്രങ്ങളെപ്പോലെ രാഹുകേതുക്കളും മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്നു. അതുകൊണ്ട് അവര്‍ക്കും ഗ്രഹസ്ഥാനം ലഭിച്ചു.
അപ്രകാശഗ്രഹങ്ങളായ ഗുളികന്‍, ധൂമം, ഇന്ദ്രചാപം, യമകണ്ടന്‍, കാലന്‍, അര്‍ദ്ധപ്രഹരന്‍ എന്നിവയെല്ലാം പ്രപഞ്ചത്തില്‍ മനുഷ്യനെ സ്വാധീനിക്കുന്ന ചില അരൂപശാക്തേയ ബിന്ദുക്കളാണ്. ജ്യോതിഷത്തില്‍ എല്ലാത്തിനും അതിന്റേതായ പ്രാധാന്യവുമുണ്ട്. സ്വാധീനത്തിന്റെ പ്രമാണംവച്ചു നോക്കുമ്പോള്‍ അവയ്‌ക്കെല്ലാമുപരി മുന്തിയസ്ഥാനം സപ്തഗ്രഹങ്ങളോടൊപ്പം രാഹുകേതുക്കള്‍ക്കുമുണ്ടെന്നുള്ളതാണ് വാസ്തവം. നവഗ്രഹങ്ങളില്‍ വച്ചു ഏറ്റവും ആകര്‍ഷണബലമുള്ള രാഹുവിനും, കേതുവിനും രാശ്യാധിപത്യമില്ല. ചന്ദ്രനും സൂര്യനും യഥാക്രമം കര്‍ക്കിടകത്തിലും ചിങ്ങത്തിലും നിലയുറപ്പിച്ചുകൊണ്ട് മറ്റുള്ള അഞ്ചുഗ്രഹങ്ങള്‍ക്ക് ഈരണ്ടു രാശി വീതം ദാനം ചെയ്തു. അങ്ങനെ പന്ത്രണ്ടുരാശികളുടെയും ആധിപത്യം സപ്തഗ്രഹങ്ങള്‍ക്കു ലഭിച്ചപ്പോള്‍ രാഹുകേതുക്കള്‍ കളത്തിനു പുറത്തായി. എന്നാല്‍ പന്ത്രണ്ടുരാശികളിലും അവര്‍ക്കു സഞ്ചരിക്കാം. ചിലരാശികളില്‍ അവര്‍ക്കു സവിശേഷബലവുമുണ്ട്. രാഹുവിനു കുംഭം/കന്നി സ്വക്ഷേത്രം. ഇടവം ഉച്ചം മിഥുനം മൂലത്രികോണം. കേതുവിനു വൃശ്ചികം/മീനം സ്വക്ഷേത്രം. വൃശ്ചികം ഉച്ചം ധനു മൂലത്രികോണം. രാശ്യാധിപത്യം മാത്രമില്ല, സ്ഥിതിചെയ്യുന്ന രാശ്യാധിപന്റെ ഫലസൂചകാരണവര്‍. യോഗം ചെയ്തു നില്‍ക്കുന്ന ഗ്രഹത്തിന്റെ ഫലം ആകര്‍ക്ഷിച്ചുപിടിച്ച് രാഹുകേതുക്കള്‍ ദാനം ചെയ്യുന്നു.ശുഭന്മാരോടുചേര്‍ന്നാല്‍ ശുഭഫലവും പാപന്മാരോടു ചേര്‍ന്നാല്‍ പാപഫലവും നല്‍കുന്നു. ജാതകത്തില്‍ രാഹുകേതുക്കള്‍ വ്യത്യസ്തരാശികളില്‍ വിവിധ ഭാവങ്ങളില്‍ യോഗകാരകന്മാരായി സ്ഥിതിചെയ്യുമ്പോഴും സപ്തഗ്രഹങ്ങളുമായി ബന്ധപ്പെടുമ്പോഴും (യോഗം,ദൃഷ്ടി,നവാംശം,നക്ഷത്രം,ഗോചരം) അനുഭവപ്പെടാവുന്ന ഫലസൂചനകളെ കുറിച്ച് പ്രാമാണികരായ പ്രാചീന ഖഗോളശാസ്ത്രജ്ഞര്‍ വിഭിന്ന സിദ്ധാന്തങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളതു. വിവിധ മാര്‍ഗ്ഗങ്ങളില്‍ യാത്രചെയ്തു ഫലശ്രുതിയില്‍ നേരിയ വ്യത്യാസത്തില്‍ ഒരേ ബിന്ദുവില്‍ അവരെല്ലാം എത്തിച്ചേരുന്നതു കാണാം. അനുഭവങ്ങളെ അതിശയിക്കുന്ന ഗുരുശ്രേഷ്ഠന്‍ വേറെയില്ലല്ലോ.
ഉത്തമകലാകാരന്മാര്‍, ബുദ്ധിമാന്മാര്‍,സര്‍ഗപ്രതിഭാധനന്മാര്‍, ഭിഷഗ്വരന്മാര്‍, ശസ്ത്രക്രിയാവിദഗ്‌ദ്ധരായ ഡോക്ടര്‍മാര്‍, വര്‍ത്തകപ്രമാണിമാര്‍, വിദ്യാഭ്യാസവിചക്ഷണര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍തുടങ്ങി പ്രസിദ്ധി നേടി വിജയം വരിച്ചവരുടെയെല്ലാം ജാതകങ്ങളില്‍ രാഹുകേതുക്കള്‍ ശുഭഫലസൂചകരായി സ്ഥിതി ചെയ്യുന്നതു കാണാം. ലോകപ്രസിദ്ധരായ നിരവധി സിനിമാസംവിധായകരും അഭിനേതാക്കളും ജാതകത്തില്‍ ശുഭസ്ഥാനത്തു നില്‍ക്കുന്ന രാഹുവിന്റെ ദശയില്‍ പ്രസിദ്ധിയുടെയും താര ശോഭയുടെയും കൊടുമുടിയിലെത്തി സജീവമായി രംഗത്തു നില്‍ക്കുന്നു. ഇതു ഗവേഷണത്തിനു വിധേയമാക്കേണ്ട വിഷയമാണ്. പക്ഷേ രാഹുകേതുക്കള്‍ നല്‍കുന്ന ശുഭഫലങ്ങള്‍ സ്ഥായിയല്ലെന്നു ചില ജ്യോതിഷപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു .
കാലസര്‍പ്പയോഗം എന്നാല്‍?
രാഹുകേതുക്കള്‍ നൂറ്റിയെണ്‍പതു ഡിഗ്രി അകലം പാലിച്ച് കണ്ണോടുകണ്ണു നോക്കിരണ്ടു രാശികളില്‍ നിലയുറപ്പിച്ചുകൊണ്ട് സപ്തഗ്രഹങ്ങളെ ഒരുവശത്തുമാത്രമൊതുക്കി പരിധിക്കുള്ളിലാക്കുന്നതാണു കാലസര്‍പ്പയോഗം. ജന്മാന്തരകര്‍മ്മം കൊണ്ടു ഇവരുടെ ആകര്‍ഷണവലയത്തിനുള്ളില്‍ അകപ്പെടുന്ന ഗ്രഹനിലയുള്ള ജാതകര്‍ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നു. ഇത്തരം ഗ്രഹനിലയുള്ള ജാതകരില്‍ ലഗ്നം കൂടി ഉള്ളില്‍പ്പെട്ടു പോകുന്നവര്‍ക്കു ജീവിതക്ലേശങ്ങള്‍ കൂടുതല്‍അനുഭവിക്കേണ്ടിവരുന്നു. ഈ വ്യത്യാസമൊഴിച്ചു രാഹുകേതുക്കളുടെ സ്വാധീനം മറ്റു ഗ്രഹങ്ങളെപ്പോലെ തന്നെയാണ്.ഒരു ജാതകത്തിലും ശുഭഗ്രഹങ്ങളെല്ലാം സമ്പൂര്‍ണ്ണ ശുഭത്വവും പാപഗ്രഹങ്ങളെല്ലാം സമ്പൂര്‍ണ്ണ പാപത്വവും മാത്രമായി നല്‍കുന്നില്ല. ശുഭന്മാരായാലും പാപന്മാരായാലും രാശികളില്‍ അവരുടെ സ്ഥിതിവിശേഷത്തിനാണു പ്രധാന്യം. ദുഃസ്ഥാനസ്ഥിത ഗ്രഹങ്ങളേതായാലും ജാതകര്‍ക്കു അശുഭഫലം മാത്രേമേ നല്‍കുകയുള്ളൂ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: