മാറനല്ലൂര്‍: നാലു പതിറ്റാണ്ടിന്റെ മുന്‍പുള്ള ചരിത്രം മായാതെ മങ്ങാതെ മാറനല്ലൂര്‍ പുന്നാവൂരിലിന്നുമുണ്ട്. 1984 ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി തെങ്ങ് അടയാളത്തില്‍ മത്സരിച്ച കേരളവര്‍മ്മ രാജക്ക് വേണ്ടി എഴുതിയ ചുമരെഴുത്താണ് പുന്നാവൂരിലെ ഒരു പഴയ വീടിന്റെ ചുമരില്‍ മായാതെ ഇപ്പോഴുമുള്ളത്. അന്നത്തെ പത്താം ക്ലാസുകാരി അമ്പിളിയും ആറാം ക്ലാസുകാരന് അശോകനും തൊണ്ട് ചതച്ച് ബ്രഷ് ആക്കി എഴുതിയ ചുവരെഴുത്താണ് പുന്നാവൂരില്‍ അവശേഷിക്കുന്നത്. അന്ന് 1,10,449 വോട്ടുകള്‍ നേടിയ കേരളവര്‍മ്മ രാജയുടെ പ്രകടനം കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. പോള്‍ ചെയ്ത 5 ല്‍ 1 വോട്ട് ഹിന്ദു മുന്നണിക്ക് ലഭിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ‘ഹിന്ദു തരംഗം’ ഉണര്‍ന്ന തെരഞ്ഞെടുപ്പായിരുന്നു അത്. എന്‍എസ്എസ് ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചാള്‍സിന് പിന്തുണ നല്കി പ്രചരണം നടത്തി. കേരളവര്‍മ്മ രാജയുടെ പ്രചരണത്തിന് നേതൃത്വം നല്‍കിയത് കോളജ് വിദ്യാര്‍ത്ഥികളാണ്, അവരില്‍ ഭൂരിഭാഗത്തിനും വോട്ടവകാശം പോലുമില്ലായിരുന്നു. ഗംഭീര വ്യക്തിത്വവും ശുദ്ധമായ പൊതുജീവിതവും ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന് മൂന്നാം സ്ഥാനത്ത് മാത്രമേ എത്താന്‍ കഴിഞ്ഞുള്ളൂ. തിരുവനന്തപുരത്തെ ഹിന്ദുക്കള്‍ തിരഞ്ഞെടുത്ത ചാള്‍സ് അഞ്ച് വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് പാര്‍ലമെന്റില്‍ എഴുന്നേറ്റത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിന് കോണ്‍ഗ്രസിലെ ഒരംഗം കൊണ്ടുവന്ന ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കാന്‍.
1984 ല്‍ ആര്‍എസ്എസ് വെളിയംകോട് ശാഖയുടെ ശാഖാ കാര്യവാഹ് ആയിരുന്ന 19 വയസ്സുകാരന് സുരേഷ് ബാബു ആ കാലഘട്ടത്തെക്കുറിച്ച് സ്മരിക്കുന്നു… 40 പേരുള്ള ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. കവലകളിലെല്ലാം ചിഹ്നമായ തെങ്ങ് നട്ടു. ചീനിവിള, മാറനല്ലൂര്‍, വണ്ടന്നൂര്‍, പന്തടിക്കുളം എന്നിവിടങ്ങളിലെ മുഴുവന്‍ വീടുകളിലും കേരളവര്‍മ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി എത്തി. രാജവര്‍മ്മയ്ക്ക് വടക്കേവിള ജംഗ്ഷനില്‍ അന്ന് നല്കിയ ഉജ്ജ്വല സ്വീകരണവും ആ കാലത്തെ പ്രവര്‍ത്തകര്‍ക്ക് ദീപ്ത ഇന്നും സ്മരണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: