Categories: Kerala

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് പാകിസ്ഥാനിലേക്ക് നിരന്തരം കോളുകള്‍

Published by

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള കോളുകളിലധികവും ബംഗ്ലാദേശിലേക്കും പാകിസ്ഥാനിലേക്കും. ഫോണ്‍ വിളികള്‍ക്ക് പിന്നില്‍ ചാരപ്രവര്‍ത്തനവും ഭീകരവാദവുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് സമാന്തര എക്‌സ്‌ചേഞ്ചുകളുടെ നിയമവിരുദ്ധ കോളുകള്‍ നടത്തിയതിലധികവും ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ കുടിയേറിയ ബംഗ്ലാദേശികളാണ്.

14 പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 20 സമാന്തര ടെലിഫോണ്‍ എക്‌ചേഞ്ച് കേസുകളിലെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ എന്‍ഐഎക്ക് കൈമാറിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കുന്നതോടെ എന്‍ഐഎ സമഗ്ര അന്വേഷണം ആരംഭിക്കും.

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള ഫോണ്‍ കോളുകള്‍ കൂടുതലായും നടന്നിട്ടുള്ളത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും, ചാരപ്രവര്‍ത്തനങ്ങള്‍ക്കുമാണെന്ന് ഐബിയും കണ്ടെത്തിയിരുന്നു. പാകിസ്ഥാനിലേക്ക് വിളിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.

പാക് ചാരസംഘടനയായ ഐഎസ്‌ഐക്കായി പ്രവര്‍ത്തിക്കുന്നവര്‍ കേരളത്തിലെ ഐഎസ് സ്ലീപ്പര്‍ സെല്ലുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ബംഗാളികളെന്ന പേരില്‍ രാജ്യത്ത് അനധികൃതമായി കുടിയേറി താമസിക്കുന്നവരുടെ വിവരങ്ങള്‍ എന്‍ഐഎ നേരത്തെ ശേഖരിച്ചിരുന്നു. സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ വഴി ബംഗ്ലാദേശിലുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിരുന്ന ഇവരില്‍ ചിലര്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളിലൂടെ നടത്തിയ ഫോണ്‍കോളുകളാണ് ദുരൂഹതയുയര്‍ത്തുന്നത്. സിമ്മിലും, മൊബൈല്‍ ഫോണിലും ഹോട്ട്‌സ്‌പോട്ട് ഷെയര്‍ ചെയ്ത് കൂടുതല്‍ പേര്‍ ഒരേ സമയം നാട്ടിലേക്ക് വിളിക്കുകയായിരുന്നു. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ ഭീകരവാദ ബന്ധത്തില്‍ അന്വേഷണം ഏറ്റെടുക്കുന്ന എന്‍ഐഎ പോലീസിന്റെയും, സൈബര്‍ ക്രൈം വിങ്ങിന്റെയും റിപ്പോര്‍ട്ടുകള്‍ കൂടി അടിസ്ഥാനമാക്കി അന്വേഷണം നടത്തും.

ഇത്തരം എക്‌സ്‌ചേഞ്ചുകള്‍ രാജ്യത്ത് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ പാക് ചാരസംഘടന ഒരുക്കി നല്‍കുന്നുണ്ടെന്നാണ് വിവരം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക