ജനതാ പാര്‍ട്ടിയുടെ പരീക്ഷണം പരാജയമാണെങ്കിലും പലതിന്റെയും പരീക്ഷണമായിരുന്നു. 1980 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 351 സീറ്റില്‍ വിജയിച്ച് അധികാരത്തിലേറിയത് എതിര്‍കക്ഷികള്‍ക്കെല്ലാം അങ്കലാപ്പും നിരാശയുമുണ്ടാക്കി. ജനതാപാര്‍ട്ടി പലതായി മാറിയതും മറ്റും മുമ്പ് പറഞ്ഞു. ജനസംഘം പഴയ പാര്‍ട്ടിയിലേക്ക് പോയതും ആ വര്‍ഷം തന്നെ (1980 ഏപ്രില്‍ 6 ന്) ബിജെപിയായി മാറിയതും മുമ്പ് വിശദീകരിച്ചു.
ഇന്ദിരാ ഭരണം കാര്യക്ഷമമായി മാറ്റാന്‍ പരിശ്രമങ്ങള്‍ ഉണ്ടായി. അനുഭവങ്ങളില്‍ നിന്ന് ഏറെ പഠിച്ച ഇന്ദിര ഓരോ ചുവടും കരുതലോടെയാണ് വച്ചത്. എന്നാല്‍ ഭരണത്തോടൊപ്പം പാര്‍ട്ടിയും രാഷ്ട്രീയവും നയിക്കുന്നതില്‍ അവര്‍ക്ക് പല കണക്കുകൂട്ടലുകളും പിഴച്ചു. കോണ്‍ഗ്രസിന് എതിരായി വളര്‍ന്ന പഞ്ചാബിലെ അകാലിദള്‍ രാഷ്ട്രീയത്തെ ചെറുക്കാന്‍ ഇന്ദിര തന്നെ നട്ടുനനച്ച് വളര്‍ത്തിയ പ്രസ്ഥാനത്തിന്റെ തലവന്‍ ഭിന്ദ്രന്‍വാല, അവസരം മുതലാക്കി വളര്‍ന്ന് തീവ്രവാദ സ്വഭാവം കൈവരിച്ചത് ഇന്ദിര പോലും അറിഞ്ഞില്ല.
പാകിസ്ഥാന് ഭീകരസംഘടനയായ ഐഎസ്ഐയുടെ ഭാരതത്തിലെ ‘ഔദ്യോഗിക ഏജന്‍സിയായി’ മാറി ഭിന്ദ്രന്‍വാലയും കൂട്ടരും. 1982 കാലത്ത് ഭിന്ദ്രന്‍വാല പരസ്യമായി ഇന്ദിരയെത്തന്നെ വിമര്‍ശിക്കാന്‍ മാത്രമല്ല വിരട്ടാനും തുടങ്ങി. സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഏജന്‍സികളെ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിലായിരുന്നു ഇന്ദിരയുടെ താല്‍പ്പര്യം. അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് ബ്യൂറോ പോലുള്ള ഏജന്‍സികള്‍ക്ക് ഭിന്ദ്രന്‍വാലയുടെ വളര്‍ച്ചയും അന്താരാഷ്ട്ര ബന്ധങ്ങളും മറ്റും വേണ്ടത്ര ഗൗരവത്തില്‍ സര്‍ക്കാരിലെത്തിക്കാനായില്ല, അഥവാ എത്തിച്ചിട്ടും ഇന്ദിര ഗൗരവമായി എടുത്തില്ല. പക്ഷേ ‘റോ’ അപകടം തിരിച്ചറിഞ്ഞു. അപ്പോഴേക്കും വൈകി. അങ്ങനെയാണ് ഭീകരന് ഭിന്ദ്രന്‍വാലയെ പിടിക്കാന്‍ സൈന്യത്തെ സിഖ് മതവിശ്വാസികളുടെ വിശുദ്ധ കേന്ദ്രമായ സുവര്‍ണ ക്ഷേത്രത്തിലേക്ക് അയക്കാന്‍ ഇന്ദിരാ സര്‍ക്കാര്‍ നിര്‍ബന്ധിതനായത്. അതാണ് കുപ്രസിദ്ധമായി മാറിയ ‘ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്.’ ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ നടത്തിയത് 1984 ജൂണ്‍ 5, 6 തീയതികളിലായിരുന്നു. ആറുമാസത്തിനുശേഷം അതിന്റെ ദുരന്തം രാജ്യത്ത് സംഭവിച്ചു. 1984 ഒക്ടോബര്‍ 31ന് സിഖുകാരായ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിര കൊല്ലപ്പെട്ടു. അതിന്റെ പ്രതികാരമായി ദല്‍ഹിയില്‍ സിഖ് കൂട്ടക്കൊല നടന്നു. ഇനിയും കൃത്യമായി മരണ സംഖ്യ തിട്ടപ്പെടുത്താനായിട്ടില്ലാത്ത വംശഹത്യയായിരുന്നു അത്. ഒരു സര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊല. അപ്പോള്‍ പ്രധാനമന്ത്രിയായിരുന്നത് ഇന്ദിരയുടെ മകന് രാജീവ് ഗാന്ധിയായിരുന്നു.
രാജീവ് ഗാന്ധി ഭരണപരിചയമൊന്നുമില്ലായിരുന്നെങ്കിലും തുടക്കകാലം ‘മിസ്റ്റര്‍ ക്ലീന്‍’ എന്ന പേരും സമ്പാദിച്ച് ഭരിച്ചു. ഇറങ്ങിപ്പോയത് ‘പ്രൈംമിനിസ്റ്റര്‍ ദ് അഗ്ലി’ ആയിട്ടായിരുന്നുവെന്നത് രാഷ്ട്രീയത്തിലെ പ്രത്യേകതയാണ്. നേതാവിന് ഭരണപരിചയമില്ലെങ്കിലും ഭരിക്കാന്‍ കഴിയും. കാരണം സര്‍ക്കാര്‍ ഒരു വ്യക്തിയല്ല. സംവിധാനമാണ്. 351 സീറ്റു നേടി അധികാരത്തില്‍ തിരിച്ചുവന്ന ഇന്ദിരയുടെ കോണ്‍ഗ്രസിനെ നയിച്ച രാജീവ്, 1985 ലെ തെരഞ്ഞെടുപ്പില്‍ 401 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. ഭാരത തെരഞ്ഞെടുപ്പിലെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും വലിയ ജനപിന്തുണ. പക്ഷേ അതാണ് അഴിമതി ഭരണത്തിലൂടെ, അടിതെറ്റിയ തീരുമാനത്തിലൂടെ രാജീവ് തകര്‍ത്തുകളഞ്ഞത്.
രാജീവിന്റെ സര്‍ക്കാര്‍ അവസാനവര്‍ഷത്തിലെത്തിയ ഘട്ടത്തിലാണ് ബോഫോഴ്സ് കോഴയിടപാട് പുറത്തുവന്നത്. പ്രതിരോധ ഇടപാടില്‍, ആയുധം വാങ്ങിയതില്‍, സര്‍ക്കാര്‍ കമ്മിഷന് വാങ്ങി, അത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേരിട്ടുള്ള ഇടപാടിലായിരുന്നു. കമ്മിഷന് തുക രാജീവിന്റെ സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് പോയി എന്നായിരുന്നു ആരോപണം. 1986 മാര്‍ച്ച് 18 ന്, 1437 കോടി രൂപയുടെ ചെലവില്‍, എബി ബോഫോഴ്സ് എന്ന സ്വീഡനിലെ ആയുധ നിര്‍മാണക്കമ്പനിയുമായി ഉണ്ടാക്കിയ കരാറാണ് ബോഫോഴ്സ് വിവാദത്തിന് അടിത്തറയായത്. 1987 ഏപ്രില്‍ 16 ന് സ്വീഡിഷ് റേഡിയോ പുറത്തുവിട്ട വാര്‍ത്തയില്‍ ഈ ആയുധക്കരാര്‍ നേടാന്‍ ബോഫോഴ്സ് കമ്പനി ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വത്തെ കോഴ കൊടുത്തു സ്വാധീനിച്ചുവെന്ന് വിശദീകരിച്ചു. അതാണ് രാജ്യത്തെ രാഷ്ട്രീയത്തെ, ഭരണത്തെ, സര്‍ക്കാരിനെ മാറ്റിക്കളഞ്ഞ സംഭവമായി വളര്‍ന്നത്.
1988 ആഗസ്തില്‍ ഭാരതത്തില്‍ പുതിയ ഒരു രാഷ്ട്രീയ പരീക്ഷണം കൂടി സംഭവിക്കുകയായിരുന്നു. പുതിയൊരു മുന്നണി രൂപംകൊള്ളുകയായിരുന്നു. പക്ഷേ, ആ മുന്നണിയും മുന്നണി നയിക്കാന്‍ ചില രാഷ്ട്രീയകക്ഷികള്‍ ലയിച്ചുണ്ടായ പുതിയ പാര്‍ട്ടിയും ജനതാ പാര്‍ട്ടിയുടെ പരീക്ഷണം നേരിട്ട അതേ പ്രതിസന്ധിക്കിരയായി എന്നതാണ് കൗതുകകരം. രാഷ്ട്രീയ നേതൃത്വത്തില്‍ വളരെക്കുറച്ചു പേരെ അനുഭവങ്ങളില്‍നിന്നുപോലും പഠിക്കുകയുള്ളൂവെന്നതിന് മറ്റൊരു തെളിവുകൂടിയായിരുന്നു ആ മുന്നണിയുടെ രൂപം കൊള്ളലും പതനവും. ഭാരത രാഷ്ട്രീയത്തിലെ രണ്ടാമത്തെ ബദല്‍ സര്‍ക്കാര്‍- ഭരണ- രാഷ്ട്രീയ സംഭവ വികാസമായിരുന്നു അത്.
1988 ജനുവരിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍, രാജീവ് ഭരണം ഒഴിയണമെന്നും ഇടക്കാല തെരഞ്ഞെടുപ്പു നടത്തണമെന്നും ആവശ്യം ഉയര്‍ന്നു. അടല്‍ ബിഹാരി വാജ്പേയി ഈ ആവശ്യത്തിനായി ദല്‍ഹിയില്‍ സത്യഗ്രഹമിരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഇതേ ആവശ്യത്തില്‍ എല്‍.കെ.അദ്വാനി ലഖ്നൗവില്‍ സത്യഗ്രഹം ആരംഭിച്ചും അതൊരു പുതിയ രാഷ്ട്രീയ കോളിളക്കത്തിന്റെ തുടക്കമായി മാറി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: