ഭോപ്പാല്‍: മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാല്‍ ക്ഷേ ്രതത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പുരോഹിതര്‍ക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാവിലെ 5.50ന് ഹോളി ആഘോഷത്തോടനുബന്ധിച്ച് ഭസ്മ ആരതി നടത്തുന്നതിനിടെയാണ് അപകടം. ഗര്ഭഗൃഹത്തില് നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്ന് ഉജ്ജയിന്‍ ജില്ലാ കളക്ടര്‍ നീരജ് കുമാര്‍ സിങ് അറിയിച്ചു.
പരിക്കേറ്റവരില്‍ എട്ടു പേരെ ഇന്‍ഡോറിലെ ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് സിഇഒ മൃണാല്‍, അഡീ. കളക്ടര്‍ അനുകൂല്‍ ജയിന് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഭസ്മ ആരതിക്കിടെ കര്‍പ്പൂരം അടങ്ങിയ ധാലിയില്‍ ഹോളി ആഘോഷങ്ങള്‍ക്കായി കരുതിവെച്ച നിറങ്ങള്‍ വീണ് കത്തുകയും സമീപത്തെ പന്തലിലേക്ക് തീ വ്യാപിക്കുകയുമായിരുന്നു. തീപ്പിടിച്ചഭാഗം അവിടെയുണ്ടായിരുന്ന ആളുകള്‍ക്കിടയിലേക്ക് വീണാണ് അപകടമുണ്ടായത്.
ഹോളി ആഘോഷത്തിനിടെയാണ് ഈ ദുരന്തം ഉണ്ടായിട്ടുള്ളത്. വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് അറിയിച്ചു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി മോഹന്‍ യാദവും പാര്ലമെന്റ്വകുപ്പ് മന്ത്രി കൈലാഷ് വിജയ വര്‍ഗിയയും സന്ദര്‍ശിച്ചു. ഇന്‍ഡോറിലെ അരബിന്ദോ ആശുപത്രിയിലെത്തിയാണ് ഇവരെ സന്ദര്‍ശിച്ചത്. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതരുമായി രാവിലെ തന്നെ ബന്ധപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: