ശബരിമല : പത്ത് ദിവസം നീണ്ടുനിന്ന ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി – ഉത്രം മഹോല്‍സവത്തിന് പമ്പാ നദിയില്‍ നടന്ന ആറാട്ടോടെ സമാപനമായി. ആറാട്ട് ബലിക്ക് ശേഷം രാവിലെ ഒന്‍പത് മണിക്ക് ശബരിമല സന്നിധാനത്ത് നിന്ന് ആറാട്ട് എഴുന്നെള്ളത്ത് പമ്പയിലേക്ക് തിരിച്ചു. ഉച്ചക്ക് 11.45 ഓടെ പമ്പയില്‍ എത്തിയ ആറാട്ട് എഴുന്നെള്ളത്തിനെ ശരണംവിളികളോടെ ഭക്തര്‍ സ്വീകരിച്ചു.
ആറാട്ട് ഘോഷയാത്ര പമ്പയില്‍ എത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗങ്ങളായ അഡ്വ. എ.അജികുമാറും ദേവസ്വം വകുപ്പ് സെക്രട്ടറി എം..ജി രാജമാണിക്യവും ദേവസ്വം ബോര്‍ഡിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ആറാട്ട് എഴുന്നൊളിപ്പിന് ഔദ്യോഗിക വരവേല്‍പ്പും സ്വീകരണവും നല്കി. തുടര്‍ന്ന് പമ്പയില്‍ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആറാട്ട് നടന്നു. ആയിരക്കണക്കിന് ഭക്തരാണ് ആറാട്ട് കാണാന്‍ പമ്പയില്‍ എത്തിച്ചേര്‍ന്നത്.
ആറാട്ടിന് ശേഷം പമ്പാഗണപതി ക്ഷേത്രത്തില്‍ പറയിടല്‍ ചടങ്ങും നടന്നു. പമ്പാഗണപതി ക്ഷേത്രത്തിന് മുന്പില് ഒരുക്കിയിരുന്ന പഴുക്കാ മണ്ഡപത്തില്‍ അയ്യപ്പസ്വാമിയെ ഇരുത്തി ഭക്തര്‍ക്ക് സ്വാമി ദര്‍ശനത്തിനുള്ള സൗകര്യവും ക്രമീകരിച്ചിരുന്നു. രാത്രി
ആറാട്ട് എഴുന്നെള്ളത്ത് തിരികെ ശബരീശ സന്നിധാനത്ത് എത്തിയപ്പോള്‍ വലിയ നടപ്പന്തലില്‍ വിളക്ക് എഴുന്നെള്ളിപ്പും സേവയും ഉണ്ടായിരുന്നു.ശേഷം ശബരിമല ഉത്സവത്തിന് കൊടിയിറങ്ങി.
മേടമാസ – വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര തിരുനട ഏപ്രില്‍ 10 ന് വൈകുന്നേരം അഞ്ചിന് തുറക്കും ഏപ്രില്‍ 14 നാണ് മേടം ഒന്ന് വിഷു. 18 ന് രാത്രി ക്ഷേത്രനട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: