Categories: Vasthu

വീടിന് വാസ്തുദോഷങ്ങള്‍ വരാവുന്ന പ്രധാന സ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് അറിയാമോ?

Published by

വീട്ടിലേയ്‌ക്കു കയറുന്ന പടികള്‍ ഇരട്ട സംഖ്യയില്‍ നില്‍ക്കണം. രണ്ട്, നാല്, ആറ്, എട്ട് എന്നീ ക്രമത്തില്‍ പണ്ടത്തെ കണക്കനുസരിച്ച് ലാഭം, നഷ്ടം, ലാഭം എന്നീ രീതിയില്‍ ലാഭത്തിലേക്ക് കാലടുത്തുവയ്‌ക്കണം. സ്‌റ്റെയര്‍കെയ്‌സ് പടിയായിരുന്നാലും ഇതുതന്നെയാണ് തത്ത്വം. വീടിന്റെ കട്ടിളപ്പടി, ജന്നല്‍ എന്നിവയും ഇരട്ടസംഖ്യയില്‍ വരുന്നതാണ് ഉത്തമം.

വീടിന്റെ സ്‌റ്റെയര്‍കെയ്‌സ് രൂപകല്‍പ്പന ചെയ്യുന്നത് ഏതു വിധമാണ്?

സ്‌റ്റെയര്‍കെയ്‌സ് പണിയുന്നത് ഒന്നുകില്‍ തെക്കോട്ടു നോക്കി കയറണം. അല്ലെങ്കില്‍ പടിഞ്ഞാറോട്ട് നോക്കി കയറി ക്ലോക്ക് വൈസില്‍ വരണം. ഒരു കാരണവശാലും വടക്കുകിഴക്കേ മൂലയില്‍നിന്നും (ഈശാനകോണ്‍) സ്‌റ്റെയര്‍കെയ്‌സ് പണിയരുത്. അതുപോലെ വീടിന്റെ ബ്രഹ്മസ്ഥാനത്തുനിന്നും (മധ്യഭാഗം) സ്‌റ്റെയര്‍കെയ്‌സ് ആരംഭിക്കരുത്. കൂടാതെ പൂമുഖവാതിലിന് നേരേ സ്‌റ്റെയര്‍കെയ്‌സ് വന്നാല്‍ ആ വീടിന്റെ ഗൃഹനായികയ്‌ക്ക് ദോഷം സംഭവിക്കുകയും വീടിന്റെ സമ്പദ്ഘടനയെ ഇതു സാരമായി ബാധിക്കുകയും ചെയ്യും.

ഒരു വീട്ടില്‍ രണ്ടടുക്കള, രണ്ട് പൂജാമുറി എന്നിവ വരാമോ?

ഒരുകുടുംബമാണ് താമസിക്കുന്നതെങ്കില്‍ ഒരുനില വീടിനകത്ത് ഒരു അടുക്കളയും ഒരു പൂജാമുറിയുമാണ് ഉത്തമം. രണ്ടാമത്തെ നിലയ്‌ക്കു പുറത്തുകൂടി സ്‌റ്റെയര്‍കെയ്‌സ് ഉണ്ടെങ്കില്‍ അവിടെയും ഒരു അടുക്കളയും ഒരു പൂജാമുറിയും വരുന്നതില്‍ തെറ്റില്ല.

വീടിനെ സംബന്ധിച്ച് പ്രധാന ബെഡ്‌റൂം എവിടെ വരണം? കുട്ടികളുടെ പഠനമുറി, കിടപ്പു മുറി എവിടെ വരണം? മാതാപിതാക്കളുടെ ബെഡ്‌റൂം എവിടെ വരണം?

പ്രധാന ബെഡ്‌റൂം എല്ലാം തന്നെ വീടിന്റെ തെക്കുഭാഗത്ത് ആയിരിക്കണം. മാസ്റ്റര്‍ ബെഡ്‌റൂം തെക്കുപടിഞ്ഞാറേ ഭാഗമായ കന്നിമൂലയില്‍ എടുക്കണം. ദമ്പതിമാര്‍ കിടക്കേണ്ടത് ഈ മുറിയിലാണ്. കട്ടില്‍ ഇടേണ്ടത് ഒന്നുകില്‍ തെക്കോട്ട് തലവച്ചുകിടക്കുന്ന രീതിയിലായിരിക്കണം. അല്ലെങ്കില്‍ കിഴക്കോട്ട് തലവച്ചു കിടക്കണം. കൂടാതെ കന്നിമൂലയില്‍ ഒരു അലമാര തെക്കേ ചുമരില്‍ പണിഞ്ഞ് വടക്കോട്ട് നോക്കി (കുബേരദിക്ക്) ഇരിക്കുന്ന രീതിയില്‍ പണിയണം. ഈ അലമാരിയില്‍ വീടിന്റെ പ്രമാണം, വിലപ്പെട്ട വസ്തുക്കള്‍, ആഭരണം എന്നിവ സൂക്ഷിച്ചാല്‍ അവയ്‌ക്ക് വളര്‍ച്ചയുണ്ടാകും. വീട്ടിലെ പ്രായമായ പെണ്‍കുട്ടികള്‍ കിടക്കേണ്ടമുറി വടക്കുപടിഞ്ഞാറ് ഭാഗത്തുള്ളത് ആയിരിക്കണം (വായുകോണ്‍). എന്നാല്‍ അവരുടെ ആരോഗ്യം, മാനസികം, പഠനം ഇവയെല്ലാം തന്നെ ഉന്നത നിലവാരം പുലര്‍ത്തും. കുട്ടികളുടെ പഠനമുറിയും കിടപ്പുമുറിയും കിഴക്കുവശത്തോ പടിഞ്ഞാറു വശത്തോ വരുന്നതാണ് ഉത്തമം. മുതിര്‍ന്ന മാതാപിതാക്കള്‍ക്ക് ഈശാനകോണിലുള്ള (വടക്കുകിഴക്കുഭാഗം) മുറി കിടപ്പുമുറിയായി ഉപയോഗിക്കുന്നത് നല്ലതാണ്. തെക്കുകിഴക്കേ ഭാഗത്തുള്ള (അഗ്‌നികോണ്‍) മുറി കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന മുറിയായിട്ടും ഇലക്ട്രിക് സംബന്ധമായ സാധനങ്ങള്‍ സ്‌റ്റോര്‍ ചെയ്യുന്ന മുറിയായിട്ടും ഉപയോഗിക്കുന്നത് ഉത്തമമാണ്.

വീടിന് വാസ്തുദോഷങ്ങള്‍ വരാവുന്ന പ്രധാന സ്ഥാനങ്ങള്‍ ഏതൊക്കെ?

വീട് വയ്‌ക്കുന്ന ഭൂമി എത്ര ചെറുതായാലും വലുതായാലും അല്‍പ്പമെങ്കിലും കിഴക്കോട്ടോ, വടക്കോട്ടോ ചരിവ് വരാവുന്ന രീതിയില്‍ ലെവല്‍ ആക്കിയിരിക്കണം. കോമ്പൗണ്ട് മതില്‍കെട്ടി വീടിനെ വാസ്തുമണ്ഡലമാക്കി തിരിച്ചിരിക്കണം. നെഗറ്റീവ് ഊര്‍ജം വമിക്കുന്ന സസ്യങ്ങള്‍ കഴിവതും ഒഴിവാ ക്കണം. പ്രത്യേകിച്ച് നാരക ഇനങ്ങള്‍, മുള്‍ച്ചെടികള്‍, ശീമപ്ലാവ് തുടങ്ങിയവ ഒഴിവാക്കണം. വീടിന്റെ നാലുകോണിലും ബാത്ത്‌റൂം വരാതെ സൂക്ഷിക്കണം. വീടിന്റെ മൂല ചേര്‍ത്ത് സെപ്റ്റിക് ടാങ്ക് പണിയരുത്. വീടിന്റെ മൂലകള്‍ ചേര്‍ത്ത് അലക്കുകല്ല് സ്ഥാപിക്കരുത്. വീടിന്റെ മദ്ധ്യഭാഗത്തുനിന്ന് സ്‌റ്റെയര്‍കെയ്‌സ് ആരംഭിക്കരുത്. കന്നിമൂല ഭാഗത്ത് അടുക്കള സ്ഥാപിക്കരുത്. വീടിന്റെ മദ്ധ്യഭാഗമായ ബ്രഹ്മസ്ഥാനം ഓപ്പണ്‍ സ്‌പേസായി വരത്തക്കവിധം ക്രമീകരിക്കണം. പൂമുഖവാതില്‍ ഉച്ചസ്ഥാനത്ത് സ്ഥാപിക്കണം. പ്രധാന ബെഡ്‌റൂമെല്ലാംതന്നെ തെക്കുപടിഞ്ഞാറ് ഭാഗത്തും വടക്ക്പടിഞ്ഞാറ് ഭാഗത്തും ക്രമീകരിക്കുക. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിപരീതമായാല്‍ വാസ്തുദോഷം ഉണ്ടാകും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by