മാലി: ഇന്ത്യയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുകയും ചൈനയുമായി അടുക്കുകയും ചെയ്ത മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു പക്ഷെ ഇന്ത്യയുടെ പവര്‍ എന്താണെന്ന് വൈകാതെ അറിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ പ്രധാനവരുമാനമാര്‍ഗ്ഗമായ മാലി ദ്വീപിന് ഈ സീസണില്‍ ഇതുവരെ നഷ്ടമായത് 180 കോടി ഡോളര്‍ മുതല്‍ 200 കോടി ഡോളര്‍ വരെ ആണെന്ന് ടൂറിസം രംഗത്തെ വിദഗ്ധര്‍ വിലയിരുത്തിക്കഴിഞ്ഞു.
ഇതോടെ മാലിദ്വീപ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന് മാത്രമല്ല, മാലിദ്വീപിന്റെ സാമൂഹ്യാന്തരീക്ഷവും അസ്വാസ്ഥ്യം നിറഞ്ഞതായി. മാത്രമല്ല, ഇന്ത്യയില്‍ നിന്നും വാങ്ങിയ കടം 400.9 മില്യണ്‍ ഡോളറില്‍ തിരിച്ചടവ് തുടങ്ങേണ്ട സമയവുമായി. ഇതോടെ മുഹമ്മദ് മൊയ്സു ഇന്ത്യയ്ക്കെതിരായ കടുംപിടുത്തം വിട്ട് കഴിഞ്ഞ ദിവസം സൗഹൃദത്തോടെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇത്രയും വലിയ തുക തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നും തിരിച്ചടവ് വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നുമാണ് മുഹമ്മദ് മൊയ്സു ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മാത്രമല്ല, ഇന്ത്യ മാലിദ്വീപിന്റെ അടുത്ത സുഹൃത്തായി തുടരണമെന്നും മൊയ്സു അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
ഏതാനും മാസം മുന്‍പ് ലക്ഷദ്വീപ് സന്ദര്‍ശിച്ച മോദി, ലക്ഷദ്വീപ് സ്നോര്‍ക്കലിങ്ങ് നടത്താന്‍ പറ്റിയ ഇടമാണെന്നും മികച്ച ബീച്ചുകളാണ് ഇവിടുത്തേതെന്നും ടൂറിസ്റ്റുകള്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കണമെന്നും ആഹ്വാനം ചെയ്തത് മാലിദ്വീപുമായുള്ള ബന്ധം വഷളായപ്പോഴാണ്. അതോടെ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ നല്ലൊരു വിഭാഗം മോദിയുടെ ഈ വാക്കുകള്‍ അനുസരിച്ച് മാലിദ്വീപിന് പകരം ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാന്‍ തുടങ്ങി. ഇതാണ് ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആശ്രയിച്ചിരുന്ന മാലിദ്വീപിന്റെ ടൂറിസം മേഖല തകരാന്‍ ഇടയാക്കിയത്.
മോദി ലക്ഷദ്വീപിനെ പ്രൊമോട്ട് ചെയ്യാന്‍ തുടങ്ങിയത് മാലിദ്വീപില്‍ പുതുതായി ചുമതലയേറ്റ മുഹമ്മദ് മൊയ്സു മേയ് 10നകം ഇന്ത്യയുടെ സൈനികരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ്. മാലിദ്വീപിലെ മൂന്ന് വ്യോമത്താവളങ്ങളിലായി 88 ഇന്ത്യന്‍ സൈനികര്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു ബാച്ചിനെ ഇന്ത്യ പിന്‍വലിച്ചുകഴിഞ്ഞു. തന്ത്രപ്രധാനമായ മേഖലയായതിനാലാണ് ഇന്ത്യ മാലിദ്വീപിനെ സൈനിക കേന്ദ്രമാക്കി മാറ്റിയത്. ഇപ്പോള്‍ ചൈന അവിടെ കടന്നുകയറിയിരിക്കുകയാണ്. വൈകാതെ മാലിദ്വീപിനെ ചൈനയുടെ സൈനിക കേന്ദ്രമാക്കി മാറ്റും. അതിനായി വലിയ സാമ്പത്തിക പാക്കേജുകള്‍ മാലിദ്വീപിന് ചൈന വാഗ്ദാനം ചെയ്തതായി പറയുന്നു.
എയര്‍ ആംബുലന്‍സ് അടക്കമുള്ള വൈദ്യസഹായങ്ങളും ഇന്ത്യ മാലിദ്വീപിന് നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിക്കാലത്ത് മരുന്ന് മാത്രമല്ല, ഭക്ഷണവും മറ്റ് സേവനങ്ങളും ധാരാളമായി ഇന്ത്യ നല്‍കിയിരുന്നു. ഇതെല്ലാം തൃണവല്‍ഗണിച്ചാണ് ഇന്ത്യയെ മുഖത്തടിക്കുന്ന പ്രസ്താവനകളിലൂടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മൊയ്സു വഷളാക്കിയത്. എന്തായാലും ടൂറിസം മേഖലയില്‍ നിന്നുള്ള സാമ്പത്തിക നഷ്ടം അനുഭവിക്കാന്‍ തുടങ്ങുകയും ഇന്ത്യയില്‍ നിന്നും കടം വാങ്ങിയ പണത്തിന്റെ ഗഡു തിരിച്ചടക്കാന്‍ സമയമാവുകയും ചെയ്തതോടെ മൊയ്സു ഇന്ത്യ എന്ന ചങ്ങാതിയെ ഓര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അതെ, മൊയ്സു മെരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: