കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അക്രമത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെന്നതിരെ ‘സീറോ ടോളറൻസ് നയം’ ആവർത്തിച്ച് ഗവർണർ സി.വി ആനന്ദബോസ്. രാജ്ഭവനിൽ പീസ്റൂമും ലോഗ് സഭ പോർട്ടലും സജ്ജീകരിച്ചതിനെത്തുടർന്ന് ബംഗാളിൽ ഭരണകക്ഷി തുറന്ന പോരിനിറങ്ങിയതോടെയാണ് ഗവർണർ തന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.
ഗവർണർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നുവെന്നും രാജ്ഭവനിൽ സമാന്തര സംവിധാനം ഏർപ്പെടുത്തുവെന്നും ആരോപിച്ച് തൃണമൂൽ കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് കമ്മീഷനോട് കഴിഞ്ഞദിവസം പരാതിപ്പെട്ടിരുന്നു. ലോക് സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കൂച്ച്ബഹറിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. സംഭവസ്ഥലം സന്ദർശിച്ച ഗവർണർ അവിടെവെച്ചാണ് രാജ്ഭവനിലെ പോർട്ടൽ – പീസ്‌റൂം സജ്ജീകരണം പ്രഖ്യാപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ അതിന്റെ ഫലം മനസ്സിലാക്കിയ മാധ്യമങ്ങളും പൊതുജനങ്ങളും ഗവർണറുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുവെങ്കിലും തൃണമൂൽ കോൺഗ്രസ്സിനെ അത് പ്രകോപിപ്പിച്ചു.
രാജ്ഭവന്റെ ‘ലോഗ് സഭ’ പോർട്ടൽ തുറന്നയുടൻ അയച്ചുകിട്ടിയ ഗുണ്ടാലിസ്റ്റും മറ്റു സുപ്രധാന വിവരങ്ങളും നടപടികൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പിന്റെ ഒരു പ്രക്രിയയിലും താൻ ഇടപെടില്ലെന്നും എന്നാൽ അക്രമങ്ങൾക്കും പൗരാവകാശനിഷേധങ്ങൾക്കും അഴിമതിക്കുമെതിരെ ഭണഘടനാനുസൃതമായ ഇടപെടൽ നടത്തുന്നത് വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും കഴിഞ്ഞദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ ഗവർണർ ആനന്ദബോസ് മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണർ ഉൾപ്പെടെ ഏതൊരു ഉദ്യോഗസ്ഥനും കൈക്കൊള്ളുന്ന ഏത് നടപടിക്കെതിരെയും പരാതിപ്പെടാൻ ഏതൊരു പൗരനും രാഷ്‌ട്രീയ പാർട്ടിക്കും അവകാശമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപ്രകാരം പീസ്‌റൂമിലും പോർട്ടലിലും ലഭിക്കുന്ന പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷനും ബന്ധപ്പെട്ട സർക്കാർ അധികാരികൾക്കും കൈമാറി നടപടി ഉറപ്പുവരുത്തുകയാണ് രാജ്ഭവൻ ചെയ്യുന്നത്.
കഴിഞ്ഞ തദ്ദേശഭരണതിരഞ്ഞെടുപ്പിലാണ് ആദ്യമായി രാജ്ഭവനിൽ ഗവർണറുടെ ഈ ആശയം പ്രാവർത്തികമാക്കിയത്. ആയിരക്കണക്കിന് പരാതികളാണ് ഫോൺ – ഇമെയിൽ – പീസ്‌റൂം സംവിധാനങ്ങൾ മുഖേന രാജ്ഭവനിലെത്തിയത്. അവയ്‌ക്ക് അടിയന്തരപരിഹാരം ഉറപ്പുവരുത്തുന്നതിന് ഒ.എസ്.ഡിയുടെ മേൽനോട്ടത്തിൽ സംവിധാനവുമൊരുക്കിയിരുന്നു. അത് വലിയൊരു മാറ്റം സംസ്ഥാനത്തുണ്ടാക്കിയെന്ന് മാധ്യമങ്ങളും സ്വതന്ത്ര നിരീക്ഷകരും വിലയിരുത്തിയിരുന്നു.
ജനങ്ങളുടെ പരാതി കേൾക്കുന്നതും പരിഹാരം കാണുന്നതും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നതായി വ്യാഖ്യാനിക്കുന്നത് വിചിത്രമായ നിർവചനമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവിഭാഗം രാഷ്‌ട്രീയപ്രവർത്തകർക്കും സമ്മതിദായകർക്കും കൂടുതൽ ആത്മവിശ്വാസവും സുരക്ഷിതബോധവും സൃഷ്ടിക്കാൻ ഇത് സഹായകമായി എന്നതാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലത്തെ അനുഭവം – ഗവർണർ കൂട്ടിച്ചേർത്തു.
സന്ദേശ് ഖാലിയും കൂച്ച് ബെഹറുമടക്കം ഗുണ്ടായിസവും രാഷ്‌ട്രീയ സംഘർങ്ങളും അടിക്കടിയുണ്ടാകുന്ന സ്ഥലങ്ങളിൽ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ഗവർണറുടെ വേറിട്ട ശൈലിയും ആരെയും കൂസാതുള്ള നടപടികളും നേതാക്കളെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി കുറ്റപ്പെടുത്താതെയും അതേസമയം ഇടംവലം നോക്കാതെ ഭരണഘടനാനുസൃതമായ നടപടികൾ സ്വീകരിച്ചും പ്രവചനാതീതമായ ഇടപെടലുകളിലൂടെ ജനകീയാംഗീകാരം നേടിയ ആനന്ദബോസ് ബംഗാളിലെ മാധ്യമങ്ങളിൽ നിറസാന്നിധ്യമായതും നിക്ഷിപ്ത താല്പര്യക്കാരുടെ ഉറക്കം കെടുത്തുന്നു. ഗവർണറെ പൊതുവേദികളിലും മാധ്യമങ്ങളിലും നിരന്തരം വിമർശിച്ചിരുന്ന തൃണമൂൽ വക്താവ് കുനാൽ ഘോഷ് അടക്കമുള്ളവർക്ക് കഴിഞ്ഞദിവസം ഒരു പ്രമുഖ ചാനളിലെ ചർച്ചയിൽ അദ്ദേഹത്തെ പ്രശംസിക്കേണ്ടി വന്നത് ശ്രദ്ധേയമാണ്.
മാധ്യമപ്രവർത്തകർക്കുപോലും അപ്രാപ്യമായിരുന്ന സന്ദേശ്`ഖാലിയിൽ ഗവർണർ ആനന്ദബോസ് നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആണ് ആ പ്രശനം ദേശീയശ്രദ്ധയിലേക്ക് ഉയർത്തിയതും പ്രധാനമന്ത്രിയടക്കം ദേശീയ നേതാക്കളെയും മനുഷ്യാവകാശ-വനിതാ-ബാലാവകാശ കമ്മീഷനുകളെയും അവിടേക്കെത്തിച്ചതും. പ്രശാന്ത് കിഷോർ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് തന്ത്രജ്ഞർ വരെ തിരിച്ചറിഞ്ഞ ഈ ജി-ഫാക്ടർ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് ഭയപ്പെടുന്ന നേതാക്കളും രാഷ്‌ട്രീയ പാർട്ടികളും ഗവർണർക്കെതിരെ ജനരോഷം സൃഷ്ടിക്കാനും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുമുള്ള വൃഥാ ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: