കോട്ടയം : ചൂടുകാലത്ത് വില്‍ക്കുന്ന ശീതളപനീയങ്ങളുടെയും കുപ്പിവെള്ളത്തിന്റെയും ഗുണനിലവാരം പരിശോധിക്കാനും സുരക്ഷ ഉറപ്പുവരുത്താനുമെന്ന പേരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാപ്രഹസനം. സംസ്ഥാന വ്യാപകമായി 815 പരിശോധന നടത്തിയെന്നാണ് അവകാശവാദം. ഗുരുതര ചട്ടലംഘനം കണ്ടെത്തി ഏഴ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിടുകയും ചെയ്തുവെന്ന് പത്രക്കുറിപ്പു പറയുന്നു. 91 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്രെ. എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി പരതിയാല്‍ ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും ലഭ്യമാവുകയില്ല. മാത്രമല്ല കുപ്പിവെള്ളം സംബന്ധിച്ചും ശീതള പാനീയങ്ങള്‍ സംബന്ധിച്ചും 2023 ഏപ്രിലിനു ശേഷം ഒരു പരിശോധനയും നടത്തിയതായി വെബ്‌സൈറ്റില്‍ കാണാനാവില്ല. അതായത് ഒരു വര്‍ഷം മുന്‍പാണ് റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. നടത്തിയ പരിശോധനയുടെ ആധികാരികത ഉപഭോക്താക്കള്‍ക്ക് അറിയാന്‍ മാര്‍ഗമില്ലെന്ന് ചരുക്കം.
കുപ്പിവെള്ളത്തിലും ശീതള പാനീയത്തിലും സാധാരണയായുണ്ടാകുന്ന മാലിന്യം കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ്. ജലം ശുദ്ധീകരിക്കാത്തതും പഴയ കുപ്പികള്‍ ഉപയോഗിക്കുന്നതും യഥാവിധി കഴുകി വൃത്തിയാക്കാത്തതുമൊക്കെ പരിശോധനയില്‍ കണ്ടെത്താനാവും. ചെറുകിട നിര്‍മാണ സ്ഥാപനങ്ങളിലാണ് ഇത്തരം ക്രമക്കേടുകള്‍ കൂടുതലായും കണ്ടെത്താറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക