അഴിമതി വിരുദ്ധ പോരാട്ടത്തിന് പേരുകേട്ട, അഴിമതി ചൂലുകൊണ്ട് അടിച്ചുവാരാന്‍ വന്ന അരവിന്ദ് കേജരിവാള്‍ എന്ന മുഖ്യമന്ത്രി അറസ്റ്റിലായി ജയിലിലേക്ക് പോകുമ്പോള്‍ അത് ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായമാണ്. ഒരുപക്ഷേ ഭാരതം കണ്ട ഏറ്റവും കുശാഗ്ര ബുദ്ധിയായ, കുടിലനായ, അഴിമതിവീരന് എന്ന പേര് അരവിന്ദ് കേജരിവാളിലേക്ക് ചുരുങ്ങുകയാണ്. തെരഞ്ഞെടുപ്പിന്റെ പടിവാതിലിലേക്ക് രാജ്യം എത്തിനില്ക്കുമ്പോള് ജയിക്കുമെന്നുറപ്പുള്ള എന്‍ഡിഎ സഖ്യത്തിന്റെ അമരക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് അറസ്റ്റ് തടഞ്ഞില്ല? ഇന്ത്യയില്‍ ഉടനീളമുള്ള രാഷ്ട്രീയ നിരീക്ഷകരെയും മൂല്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മാധ്യമപ്രവര്‍ത്തകരുടെയും മുന്നിലും ഈ ചോദ്യം എത്തി. ഒരു കാര്യം വ്യക്തമായി, മുഖ്യമന്ത്രിയായാലും മന്ത്രി ആയാലും ആരായാലും അഴിമതിക്കാരനും കള്ളപ്പണക്കാരനും നരേന്ദ്രമോദിയുടെ ഭരണകാലത്ത് രക്ഷയില്ല. ഏതു പദവിയില്‍ ആയാലും അവര്‍ അകത്തു പോവുക തന്നെ ചെയ്യും. അതിന് സ്ഥലകാല വ്യത്യാസമില്ല. പാര്‍ട്ടി ഏതായാലും നടപടി ഉറപ്പുതന്നെ. തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെ.ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിത അറസ്റ്റിലായിട്ട് ദിവസങ്ങളായി. ദല്‍ഹിയിലെ ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പിന്റെ ചുമതലക്കാരനുമായിരുന്ന മനീഷ് സിസോദിയ കഴിഞ്ഞ എട്ടുമാസമായി ജയിലിലാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തുള്ള ഒരാള്‍ ചരിത്രം കുറിച്ചു ജയിലിലേക്ക് പോകുന്നതിനെ കുറിച്ചുള്ള അന്വേഷണം എത്തി നിന്നത് അരവിന്ദ് കേജരിവാള്‍ എന്ന ബുദ്ധിരാക്ഷസനായ അഴിമതി വീരന്റെ കുടിലതന്ത്രങ്ങളിലേക്കാണ്. കേജരിവാള്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും സത്യസന്ധനായിരുന്നില്ല. ഈ രാഷ്ട്രത്തോട് സ്നേഹവും കൂറുമുള്ള ആളുമായിരുന്നില്ല എന്നാണ് ഇപ്പോള്‍ പൊതുസമൂഹം വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ പൂര്‍വകാല ചെയ്തികളും അന്താരാഷ്ട്ര ബന്ധങ്ങളും ഭാരതവിരുദ്ധ ശക്തികള്‍ക്ക് വേണ്ടി അദ്ദേഹം എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നും ഒക്കെയുള്ള വിശദാംശങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുമ്പോഴും കേജരിവാള്‍ തട്ടിപ്പ് നടത്തിയിരുന്നു. വിആര്‍എസ് എടുത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ഏതാണ്ട് ഒന്‍പത് ലക്ഷം രൂപ അടക്കേണ്ടിവന്ന സാഹചര്യം ഇതില്നിന്നാണുണ്ടായതെന്ന് ചൂണ്ടിക്കാണിക്കുന്നത് പഴയ സഹപ്രവര്‍ത്തകര്‍ തന്നെയാണ്. ഉദ്യോഗസ്ഥന് എന്ന നിലയിലും ഐഐടി ബിരുദധാരി എന്ന നിലയിലുമുള്ള ബുദ്ധിശക്തി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് അഴിമതി നടത്താന്‍ മാത്രമല്ല, അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കാന്‍ കൂടിയായിരുന്നു. ഇതുവരെ ചെയ്ത എല്ലാ കേസുകളിലും തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ചാണ് കേജരിവാള്‍ രക്ഷപ്പെട്ടു കൊണ്ടിരുന്നത്. പക്ഷേ, ഇക്കുറി അന്വേഷണസംഘം മുഴുവന്‍ തെളിവുകളും താഴെത്തട്ടുമുതല്‍ ശേഖരിച്ച് കേജരിവാളിന്റെ പങ്ക് വളരെ വ്യക്തമായി തെളിയിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരു നീതിപീഠത്തിലും രക്ഷയില്ലാത്ത വിധം വളരെ കൃത്യമായി പൂട്ടാനും കഴിഞ്ഞു.
2014 മുതല്‍ 2019 വരെ നിസാമാബാദില്‍ നിന്നുള്ള എംപിയും ഇപ്പോള്‍ തെലുങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമാണ് അറസ്റ്റിലായ കെ. കവിത. മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ ചന്ദ്രശേഖരറാവുവിന്റെ മകള്‍. ബിആര്‍എസ് ഭരണത്തില്‍ കവിത നടത്തുന്ന അഴിമതിയെക്കുറിച്ചും ഇടപെടലിനെ കുറിച്ചും നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. പക്ഷേ, ദല്‍ഹി മദ്യനയത്തില്‍ കവിതയ്ക്ക് പങ്കുണ്ട് എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ആദ്യം അത്ഭുതമായിരുന്നു. അണ്ണാ ഹസാരെക്കൊപ്പം പോരാട്ടം തുടങ്ങിയ അരവിന്ദ് കേജരിവാള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിയും മദ്യ വില്പനയ്ക്ക് എല്ലാകാലത്തും എതിരായിരുന്നു. പണം കണ്ടെത്താനുള്ള വഴി എന്ന നിലയിലാണ് ദല്‍ഹിയില്‍ നിലവില്‍ ഉണ്ടായിരുന്ന മദ്യനയം പുതുക്കാനും അതുവഴി കോടികള്‍ കണ്ടെത്താനും ശ്രമം നടന്നത്. കഥയുടെ തുടക്കം 2020ല്‍ കേജരിവാള്‍ ഭരണകൂടം ദല്‍ഹിയിലെ മദ്യനയം പുതുക്കാന്‍ തീരുമാനിച്ചതോടെയാണ്. ഇതിനായി 2020 സെപ്തംബറില്‍ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചു. സമിതി വളരെ പെട്ടെന്ന് തന്നെ ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2020 ഒക്ടോബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നാലുമാസത്തിനുള്ളില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2021 ഫെബ്രുവരിയില്‍ ഇതിനായി ഒരു മന്ത്രിതല ഉപസമിതിയെ നിയോഗിച്ചു. എക്സൈസിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി മനീഷ് സിസോദിയക്കായിരുന്നു ഇതിന്റെ ചുമതല.
പൊതുജനങ്ങളില്‍ നിന്നും മദ്യവ്യാപാരികളില്‍ നിന്നും അഭിപ്രായം സ്വീകരിച്ച ശേഷം 2021 നവംബര്‍ 17ന് സര്‍ക്കാര്‍ പുതിയ മദ്യനയം കൊണ്ടുവന്നു. പുതിയ നയം രൂപീകരിക്കും മുമ്പതന്നെ ഇതിലെ അഴിമതി ഇടപാടുകള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. പുതിയ മദ്യനയം വരുന്നു എന്ന് കണ്ടപ്പോള്‍ ആപ്പിന്റെ സാമൂഹ്യമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള മലയാളിയായ വിജയ് നായര്‍ കവിതയുമായി ഉറ്റ ബന്ധമുള്ള ഹൈദരാബാദ് വ്യവസായി അരുണ്‍ രാമചന്ദ്രന് പിള്ളയുമായി കൂടിക്കാഴ്ച നടത്തി. എല്ലാവര്ക്കും ഫലപ്രദമായ ഒരു ഇടപാട് സൃഷ്ടിക്കാനുള്ള നിര്‍ദ്ദേശം നല്കി. ദല്‍ഹിയിലെ മദ്യവിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ മദ്യവിപണിയില്‍ നിന്ന് വന്‍ ലാഭം കൊയ്യാനുള്ള പദ്ധതിയായിരുന്നു ഇത്. കവിതയുടെ നേതൃത്വത്തിലുള്ള സൗത്ത് ഗ്രൂപ്പ് അഥവാ സൗത്ത് ലോബിയാണ് പിന്നീട് മദ്യനയത്തിന്റെ ചുക്കാന്‍ പിടിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംപി എം. ശ്രീനിവാസലു റെഡ്ഡിയുടെ കുടുംബം കഴിഞ്ഞ 70 വര്‍ഷമായി മദ്യ വ്യവസായ രംഗത്തുള്ളവരാണ്. അദ്ദേഹം 2021 മാര്‍ച്ച് 16ന് അരവിന്ദ് കേജരിവാളിനെ നേരിട്ട് കണ്ടു. എന്നാല്‍ മുഖ്യമന്ത്രി റെഡ്ഡിയോട് പറഞ്ഞത് ഇക്കാര്യത്തില്‍ കവിതയുമായി ചര്‍ച്ച നടത്തിയെന്നും കവിത ആപ്പിന് 100 കോടി കൊടുക്കാം എന്ന് സമ്മതിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കവിതയുമായി ഇക്കാര്യത്തില്‍ സംഭാഷണം നടത്താനും നിര്‍ദ്ദേശിച്ചു.
കേജരിവാളിന്റെ നിര്‍ദ്ദേശമനുസരിച്ച് 2021 മാര്‍ച്ച് 19ന് കവിത ശ്രീനിവാസലു റെഡ്ഡിയെ വിളിക്കുകയും അവര്‍ കവിതയുടെ വസതിയില്‍ അടുത്തദിവസം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കേജരിവാള്‍ 100 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു പണമായിത്തന്നെ നല്‍കണമെന്നും ഈ ഇടപാടില്‍ പങ്കാളിയാക്കാന്‍ 50 കോടി രൂപ നല്‍കാനുമായിരുന്നു കവിതയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തിനായി തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബുച്ചി ബാബു ശ്രീനിവാസലു റെഡ്ഡിയെയും മകന് രാഘവ് മാകുണ്ടയെയും കാണുമെന്നും പറഞ്ഞു. പക്ഷേ പിന്നീടുള്ള കൂടിക്കാഴ്ചയില്‍ തനിക്ക് 30 കോടി രൂപയില്‍ കൂടുതല്‍ തരാന്‍ ആവില്ലെന്ന് രാഘവ് വ്യക്തമാക്കി. അവസാനം 25 കോടി രൂപ കവിതയുടെ സഹചാരികളായ അഭിഷേക് ബോയിന് പള്ളിയും ബുച്ചി ബാബുവും ഒരാള്‍ നിന്ന് ഏറ്റുവാങ്ങി. ഇതിനിടെ അരവിന്ദോ ഫാര്‍മ ഡയറക്ടര്‍ ശരത്ചന്ദ്ര റെഡ്ഡിയെയും കവിത ബന്ധപ്പെട്ടു. ഇടപാടില്‍ പങ്കാളിയാകാന്‍ ശരത്ചന്ദ്ര സമ്മതിച്ചു. അങ്ങനെയാണ് കവിതയുടെ നേതൃത്വത്തില്‍ ശരത്ചന്ദ്ര റെഡ്ഡിയും ശ്രീനിവാസ റെഡ്ഡിയും മകന് രാഘവ് മാകുണ്ടേയും ഉള്‍പ്പെട്ട സൗത്ത് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്. തുടര്‍ന്ന് സൗത്ത് ഗ്രൂപ്പ് മദ്യ വ്യവസായ ഗ്രൂപ്പായ സമീര്‍ മഹേന്ദ്രുവിന്റെ ഇന്‍ഡോസ് പിരിറ്റും ആയി പങ്കാളിത്തത്തില്‍ ആയി. നേരത്തെ തന്നെ കവിതയുടെ ബിനാമിയായ അരുണ്‍ രാമചന്ദ്രന് പിള്ള വഴി കവിതയ്ക്ക് എന്‍ഡോസ് 33 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. ഇതിനിടെ സൗത്ത് ഗ്രൂപ്പ് ദല്‍ഹിയിലെ ഒബ്രോയ് ഹോട്ടലില്‍ യോഗം ചേര്‍ന്ന് കൈക്കൂലി ആയ 100 കോടി രൂപ തിരിച്ചുപിടിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിച്ചു. 100 കോടി രൂപ ആപ്പിന് ഇവര്‍ ഹവാലാ പണമാണ് നല്‍കിയത്. ഇതില്‍ 45 കോടി രൂപ ഗോവയിലെ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചു. ദിനേശ് അരോറയുടെ ഓഫീസില്‍ നിന്ന് വാങ്ങിയ പണം സിസോദിയയുടെ സഹചാരിയായ വിനോദ് ചൗഹാന് കൈമാറിയ കാര്യം കവിതയുടെ ജീവനക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ സമ്മതിക്കുകയും ചെയ്തു.
2021 നവംബറില്‍ പ്രഖ്യാപിച്ച മദ്യനയം അടിമുടി തകരാറായിരുന്നു. പുതിയ മദ്യനത്തിന് മുമ്പ് 530 രൂപയുടെ മദ്യത്തിന്റെ മൊത്ത വില 166.73, എക്സൈസ് തീരുവ 223. 88, വാറ്റ് 106, ചില്ലറ വില്പന കമ്മീഷന് 33.39 എന്നിങ്ങനെയായിരുന്നു. പുതിയ നയം വന്നപ്പോള്‍ മൊത്തവില 188.41, എക്സൈസ് തീരുവ 1.88, ചില്ലറ വില്പന കമ്മീഷന് 363.27 എന്നിങ്ങനെയായി. ചില്ലറ വില്പന വില 30 രൂപ കൂടിയെങ്കിലും എക്സൈസ് നികുതിയിലെ 321.57 രൂപ വീതം നഷ്ടം ഉണ്ടായി. അതേസമയം ചില്ലറ വില്‍പ്പനക്കാരുടെ കമ്മീഷന് 33 രൂപയില്‍ നിന്ന് 363 രൂപയായി ഉയരുകയും ചെയ്തു. ഈ തട്ടിപ്പ് കണ്ടപ്പോഴാണ് ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയകുമാര്‍ സാക്സേന മദ്യനയത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചത്. അതിനിടെ കോണ്‍ഗ്രസ് നേതാക്കളായ ലളിത് മാക്കന് അടക്കമുള്ളവര്‍ മദ്യനയത്തില്‍ അഴിമതിയുണ്ടെന്നും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ദല്‍ഹി സര്‍ക്കാര്‍ പുതിയ മദ്യനയം പിന്‍വലിച്ചു. 2022 ജൂലൈ 31 നാണ് മദ്യനയം പിന്‍വലിച്ചത്. പക്ഷേ അപ്പോഴേക്കും കേസ് രജിസ്റ്റര്‍ ചെയ്ത സിബിഐ, എക്സൈസ് ചുമതലയുള്ള മുഖ്യമന്ത്രി മനേഷ് സിസോദിയയുടെ പേരില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേസെടുത്തു. 2022 ആഗസ്റ്റ് 17 നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 15 പേരെയാണ് പ്രതികളാക്കിയത്. സിസോദിയ കൂടാതെ കവിതയുടെ ബിനാമിയായ അരുണ്‍ രാമചന്ദ്രന് പിള്ളയും പ്രതിയായിരുന്നു.
2022 സെപ്റ്റംബറില്‍ എന്‍ഫോഴ്സ്മെന്റ് സമീര്‍ മഹേന്ദ്രു, അഭിഷേക് ബോയ്നപ്പള്ളി, ശരത്ചന്ദ്ര റെഡി, വിജയ് നായര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. 2022 ഒക്ടോബര്‍ 17ന് മനീഷ് സിസോദിയയേയും ഡിസംബര്‍ 11ന് കവിതയെയും ചോദ്യം ചെയ്തു. 2023 ഫെബ്രുവരി 26 നാണ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 15നാണ് ഹൈദരാബാദിലെ വസതിയില്‍ നിന്ന് കവിതയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. ആയിരം കോടിയിലേറെ രൂപയുടെ അഴിമതി നടന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ മുഖ്യസൂത്രധാരന്‍ അരവിന്ദ് കേജരിവാള്‍ ആയിരുന്നെങ്കിലും എല്ലാ കുറ്റവും സിസോദിയയുടെ തലയില്‍ വരത്തക്ക രീതിയിലാണ് രേഖകള്‍ സൃഷ്ടിച്ചിരുന്നത്. പക്ഷേ കവിതയും കേജരിവാളും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കമുള്ള എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു കഴിഞ്ഞു.
132 ലക്ഷം ലിറ്റര്‍ മദ്യം വിറ്റരുന്ന ദല്‍ഹി വിപണിയില്‍ അത് 245 ലക്ഷം ലിറ്റര്‍ ആയി ഉയര്‍ത്തിയതാണ് കേജരിവാള്‍ ചെയ്ത ഏറ്റവും വലിയ സംഭാവന. മദ്യപിക്കാന്‍ കഴിയുന്നവരുടെ പ്രായപരിധി 18 വയസ്സ് ആക്കി ചുരുക്കി. മദ്യം വില്‍ക്കുന്ന സമയം പുലര്‍ച്ചെ മൂന്നുവരെ നീട്ടിയതും കേജരിവാളിന്റെ സംഭാവനയായിരുന്നു. ഒപ്പം മദ്യം വില്ക്കാന് കഴിയാത്ത വര്‍ഷത്തിലെ 31 ദിവസം മൂന്നാക്കി ചുരുക്കിയും മദ്യ വില്പന കൂട്ടാന്‍ വേണ്ടതെല്ലാം കേജരിവാള്‍ ചെയ്തു. ഈ ഇടപാടില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി തെളിവ് അടക്കം പൂര്‍ണമായും കണ്ടെത്തിയതയോടെയാണ് കേജരിവാളിന്റെ ജയില്‍വാസം ഉറപ്പായത്. ഇനിയിപ്പോള്‍ സിബിഐയുടെ അന്വേഷണവും മുറുകുന്നതോടെ രാജ്യത്ത് ആദ്യമായി അഴിമതിക്ക് അറസ്റ്റില്‍ ആകുന്ന മുഖ്യമന്ത്രിക്ക് പുതിയ ഒരു പൊന്‍കിരീടം കൂടി ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: