സ്വന്തം ലോക്സഭാ പ്രതിനിധിയുടെ മരണത്തിന് സാക്ഷ്യം വഹിക്കാന്‍ കൂടുതല്‍ ദുര്യോഗം ഉണ്ടായ മണ്ഡലം തിരുവനന്തപുരമാണ്. അനന്തപുരിക്കാര്‍ ജയിപ്പിച്ചു വിട്ട മൂന്നുപേരാണ് കാലാവധി തീരും മുന്‍പേ കാലയവനികയില്‍ മറഞ്ഞത്. എംപിയായിരിക്കെ മരിച്ച ആദ്യ മലയാളി പി.എസ്. നടരാജപിള്ള. 1966 ജനുവരി 10ന് മരിക്കുമ്പോള്‍ തിരുവനന്തപുരം എംപി
യാണ്. തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുമ്പോഴാണ് 1974 ഒക്ടോബര്‍ 6 ന് വി.കെ. കൃഷ്ണമേനോന് മരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായര്‍ 2005 ജൂലൈയ് 12ന് മരിച്ചതും തിരുവനന്തപുരം എംപിയായിരിക്കുമ്പോള്‍. ലോക്സഭാഗം ആയിരിക്കെ അവസാനം മരിച്ച മലയാളി ഇ. അഹമ്മദാണ്.
എറണാകുളത്തിന്റെ പ്രതിനിധിയായിരിക്കെ രണ്ടു പേര് മരിച്ചു. 1997 ഫെബ്രുവരി 9ന് സേവ്യര്‍ അറയ്ക്കലും 2003 ജൂലൈ 26ന് ജോര്‍ജ് ഈഡനും. ഈ മരണങ്ങളെ തുടര്‍ന്നു നടന്ന രണ്ട് ഉപതെരഞ്ഞടുപ്പിലും ജയിച്ചത് ഒരാളായിരുന്നു, സെബാസ്റ്റ്യന്‍ പോള്‍. എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ജോര്‍ജ്ജ് ഈഡന്റെ രാജിയെ തുടര്‍ന്നുണ്ടായ 1998ല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും സെബാസ്റ്റ്യന്‍ പോള്‍ ജയിച്ചു. മൂന്നു ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്നയാള്‍ എന്ന റിക്കാര്‍ഡ് സ്വന്തമാക്കി. ഏഴ് വര്‍ഷത്തിനിടെ ആറ് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും അതില്‍ നാലെണ്ണം വിജയിക്കുകയും ചെയ്തതിന്റെ റിക്കാര്‍ഡും പോളിനുണ്ട്.
കേന്ദ്രമന്ത്രിയായിരിക്കെ മരിക്കുന്ന ഏക മലയാളി പനമ്പിള്ളി ഗോവിന്ദമേനോനാണ്. മുകുന്ദപുരത്തെ പ്രതിനിധിയായിരിക്കെ 1970 മേയ് 23 മരിക്കുമ്പോള്‍ റെയില്‍വേ മന്ത്രിയായിരുന്നു. മുഹമ്മദ് ഇസ്മായില്‍ സാഹിബ് (1972 ഏപ്രില്‍ 5, മഞ്ചേരി), ഡോ. കെ.ജി. അടിയോടി (1987 ഒക്ടോബര്‍ 22, കോഴിക്കോട്) എന്നിവരും അംഗമായിരിക്കെ നിര്യാതരായി. എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സി.എം സ്റ്റീഫന്‍ 1984 ജനുവരി 16ന് അന്തരിക്കുമ്പോള്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍നിന്ന് ലോക്സഭയിലംഗമായിരുന്നു.
സി.കെ. ഗോവിന്ദന്‍നായര്‍ (1964 ജൂണ്‍ 17), തഴവാ കേശവന് (1969 നവംബര്‍ 28), ടി.കെ.സി. വടുതല (1988 ജൂലെ ഒന്ന്), പി.കെ. കുഞ്ഞച്ചന് (1991 ജൂണ്‍ 14), എന്‍.ഇ ബലറാം (1994 ജൂലൈ 16) കൊരമ്പയില്‍ അഹമ്മദ് ഹാജി (2003 മേയ് 12) എന്നിവര്‍ രാജ്യസഭയില്‍ അംഗമായിരിക്കെ നിര്യാതരായ മലയാളികളാണ്. ഒറീസയില്‍ നിന്നുള്ള കെ. വാസുദേവപണിക്കരും അംഗമായിരിക്കെ 1988 മേയ് മൂന്നിന് നിര്യാതനായി. ഏറ്റവും കുറഞ്ഞകാലം (85 ദിവസം) കേരളത്തെ പ്രതിനിധീകരിച്ച രാജ്യസഭാംഗമാണ് ഗോവിന്ദന്‍നായര്‍. രണ്ട് അംഗങ്ങളുടെ അടുത്തടുത്തുള്ള നിര്യാണം കാരണം ഒരു രാജ്യസഭാ സീറ്റ് മൂന്നുപേര്‍ പങ്കുവയ്ക്കേണ്ടതായി വന്ന ഒരു അപൂര്‍വ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. ടികെസി വടുതല, പി.കെ.കുഞ്ഞച്ചന്, തെന്നല ബാലകൃഷ്ണപിള്ള എന്നിവരാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: