ലണ്ടന്‍: കോപ്പ അമേരിക്ക പടയൊരുക്കത്തിന്റെ കരുത്തന്‍ ലക്ഷണം പുറത്തെടുത്ത് ബ്രസീല്‍. ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ അവരുടെ സ്വന്തം ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ക്ലബ്ബ് ഫുട്‌ബോള്‍ സീസണിന്റെ ഈ ഇടവേളയില്‍ ലോകം ആവേശപൂര്‍വ്വം കാത്തിരുന്ന ഈ അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ജയിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്.
പകരക്കാരനായി ഇറങ്ങിയ 17കാരന്‍ സ്‌ട്രൈക്കര്‍ എന്‍ഡ്രിക് നേടിയ ഗോളിലാണ് കാനറികള്‍ ജയിച്ചത്. ഒരു കൂട്ടം പ്രതിഭകളുടെ അഭാവമുണ്ടായിട്ടും ഗാരെത്ത് സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ടിനെതിരെ തുടക്കം മുതലേ അത്യുഗ്രന്‍ പ്രകടനമാണ് ബ്രസീല്‍ പുറത്തെടുത്തത്. സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയറും റോഡ്രിഗോയും റഫീഞ്ഞയുമെല്ലാം ഇംഗ്ലണ്ട് ഗോള്‍ മുഖത്തെ പല കുറി വിറപ്പിച്ചെങ്കിലും ഒന്നും നടന്നില്ല.
71-ാം മിനിറ്റില്‍ റോഡ്രിഗോയെ പിന്‍വലിച്ചാണ് എന്‍ഡ്രിക്കിനെ ഇറക്കിയത്. ആഴ്‌ച്ചകള്‍ക്ക് മുമ്പ് മാത്രം ബ്രസീലിന്റെ ദൗത്യം ഏറ്റെടുത്ത പരിശീലകന്‍ ഡോറിവല്‍ ജൂനിയറുടെ നീക്കത്തിന് ഒമ്പത് മിനിറ്റിനുള്ളില്‍ ഫലം. വമ്പന്‍ താരങ്ങളെക്കൊണ്ട് കഴിയാതിരുന്നത് കാനറികളുടെ പുത്തന്‍ കൗമാര പ്രതിഭ സാധ്യമാക്കി. വിജയഗോള്‍ നേട്ടത്തോടെ എന്‍ഡ്രിക് അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ തന്റെ വരവറിയിച്ചു. ബ്രസീലിനായി താരം നേടുന്ന ആദ്യ ഗോളാണിത്. സ്വന്തം ഹാഫില്‍ നിന്നും രൂപമെടുത്ത കൗണ്ടര്‍ അറ്റാക്കില്‍ വിനീഷ്യസ് ജൂനിയര്‍ ആണ് പന്തുമായി കുതിച്ചത്. മത്സരത്തില്‍ പലതവണയെന്നപോലെ താരം വീണ്ടും ഗോളിലേക്ക് ഷോട്ടുതിര്‍ത്തു ഇംഗ്ലണ്ട് ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് തടുത്ത പന്തിനെ ഞൊടിയിടയില്‍ എന്‍ഡ്രിക്‌സ് വലയിലേക്ക് തിരിച്ചുവിട്ടു. 80-ാം മിനിറ്റില്‍ കളിയിലെ ഏകഗോള്‍ ബ്രസീല്‍ അക്കൗണ്ടില്‍.
മറുവശത്ത് ഗാരെത്ത് സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ട് നിരയില്‍ സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഉണ്ടായിരുന്നില്ലെങ്കിലും പ്രതിഭകള്‍ക്ക് കുറവുണ്ടായില്ല. ജൂഡ് ബെല്ലിങ്ഹാം, ഫില്‍ ഫോഡെന്‍, ഡെക്ലാന്‍ റൈസ്, കോണോര്‍ ഗല്ലാഗ്‌ഹെര്‍, കൈല്‍ വാല്‍ക്കര്‍ തുടങ്ങി വമ്പന്‍ താരങ്ങളുടെ നിരയാണ് ഇംഗ്ലണ്ടിനായി ഇറങ്ങിയത്. ഗോള്‍ അകന്നു നിന്നെങ്കിലും കളിയില്‍ ഇംഗ്ലണ്ടും ബ്രസീലിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടീം തൊടുത്ത മൂന്ന് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളും ഗോളെന്നുറച്ചവയായിരുന്നു. ബ്രസീല്‍ ഗോള്‍വലയ്‌ക്ക് മുന്നില്‍ കാവലാള്‍ ബെന്റോയുടെ മികവാണ് കാനറികള്‍ക്ക് രക്ഷയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: