ല്യോണ്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളില്‍ ഫ്രാന്‍സിനെ തകര്‍ത്ത് ജര്‍മനി. ഫ്രാന്‍സില്‍ നടന്ന കളിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി വിജയിച്ചത്. കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആദ്യ ഗോള്‍ നേടിയ ജര്‍മനി രണ്ടാം പകുതിയുടെ തുടക്കത്തിലേ രണ്ടാമത്തെ ഗോളും കണ്ടെത്തി.
കളി തുടങ്ങി 7 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പന്ത് കൈയില്‍ കിട്ടിയ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് ഇടത് വിങ്ങര്‍ ഫ്ളോറിയന്‍ വിര്‍ട്സിന് പന്ത് നല്കി. മുന്നോട്ട് കുതിച്ച വിര്‍ട്സ് ബോക്സിന് പുറത്ത് വച്ച് മികച്ചൊരു ക്ലോസ് റേഞ്ചറിലൂടെ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ പിന്നെ കാര്യമായൊന്നും സംഭവിച്ചില്ല. ഫ്രാന്‍സ് ചില നീക്കങ്ങള്‍ നടത്തിയത് വഴി എംബാപ്പെ ചില ഗോള്‍ ശ്രമങ്ങള്‍ നടത്തിയത് മാത്രം.
രണ്ടാം പകുതിക്ക് തുടക്കമിട്ടതും ജര്‍മനിയുടെ ഗോളോടുകൂടിയാണ്. കളിക്ക് 49 മിനിറ്റെത്തിയപ്പോള്‍ മികച്ചൊരു ഒത്തണക്കത്തിലൂടെ സൂപ്പര്‍ താരം കായി ഹാവേര്‍ട്സ് ഗോള്‍ നേടി. ജുമാല്‍ മുസിയാല ആണ് ഗോളിന് വഴിയൊരുക്കിയത്.
കിലിയന്‍ എംബപ്പെയും മാര്‍കസ് തുറാമും ഉസ്മാന് ഡെംബേലെയും അടക്കം മികച്ച ടീമിനെയാണ് പരിശീലകന് ദിദിയര്‍ ദെഷാംപ്സ് കളത്തിലിറക്കിയത്. നാഗല്സ്മാന് കിഴില്‍ യൂറോ ആതിഥേയരാകാന്‍ ഒരുങ്ങുന്ന ജര്‍മനി കരുത്ത് തെളിയിച്ചാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സ് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തെങ്കിലും അവ ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: