പത്തനംതിട്ട: പത്തനംതിട്ടയില്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്ത വേളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും മികച്ച ടൂളായി എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ കരുവാക്കുന്നത് കുടുംബശ്രീയെ. ചാനല്‍ ചര്‍ച്ചകളിലും സൈബര്‍ ഇടങ്ങളിലും ഇടതുപക്ഷം പ്രയോഗിക്കുന്ന ക്യാപ്സൂള്‍ തന്ത്രത്തിന്റെ മറ്റൊരു പതിപ്പാണ് കുടുംബശ്രീയെ ഉപയോഗിച്ച് സ്ത്രീ വോട്ടുകള്‍ പിടിക്കാനുള്ള ശ്രമത്തിലും കാണുന്നത്.
അടൂര്‍ നിയോജക മണ്ഡലത്തിലെ ഏഴംകുളം, ഏറത്ത്, പന്തളം തെക്കേക്കര, തിരുവല്ലയിലെ കുന്നന്താനം പഞ്ചായത്തുകളിലാണ് സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ യോഗങ്ങള്‍ വിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് പങ്കെടുക്കാനുള്ള വേദിയൊരുക്കിയത്. ഇത് വിവാദമായത് സിഡിഎസ് ചെയര്പേഴ്സണ്മാര് കുടുംബശ്രീ ഗ്രൂപ്പുകളില്‍ അയച്ച ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്. തോമസ് ഐസക്കിന് കുടുംബശ്രീയുടെ രക്ഷക പരിവേഷം നല്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഗ്രൂപ്പുകളിലൂടെ കുടുംബശ്രീ അംഗങ്ങളില്‍ എത്തിച്ചിരുന്നത്. പന്തളം തെക്കേകരയില്‍ കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ അനൂപയുടെ നേരിട്ടുള്ള ഒത്താശയോടെയാണ് തോമസ് ഐസക് കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തത്.
ഏഴംകുളത്ത് കേരള സംസ്ഥാന പിന്നാക്ക വികസന കോര്പറേഷന് സിഡിഎസിലെ 162 ഗ്രൂപ്പുകളിലായി 711 കുടുംബശ്രീ അംഗങ്ങള്‍ക്ക് 2.68 കോടി രൂപയുടെ വായ്പ വിതരണം നടത്തുന്നു എന്ന വ്യാജേനയാണ് കുടുംബശ്രീ അംഗങ്ങളെ മാങ്കൂട്ടത്തില്‍ ബഥാനിയ ഓഡിറ്റോറിയത്തില്‍ വിളിച്ചുകൂട്ടിയത്. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറാണ്. ഇതില്‍ വായ്പ വിതരണം നടത്തിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക്കും. എന്നാല്‍ ഇതില്‍ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് പി.എം. സൂരജ് പോര്‍ട്ടലിലൂടെ അക്കൗണ്ടിലേക്ക് വായ്പ തുക നിക്ഷേപിച്ചുവെന്ന് മൊബൈലില്‍ സന്ദേശം വന്നതോടെ കള്ളി വെളിച്ചത്തായി. ജില്ല കളക്ടര്‍ക്ക് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികള്‍ ഇത് വരെ ഉണ്ടായിട്ടില്ല. അടുത്ത കാലത്ത് നടന്ന എഡിഎസ്, സിഡിഎസ് തെരെഞ്ഞെടുപ്പ്, സഹകരണ ബാങ്ക് ഭരണം പിടിക്കുന്ന തന്ത്രങ്ങളിലൂടെയാണ് ജില്ലയില്‍ പലയിടത്തും എല്‍ഡിഎഫ് കൈകാര്യം ചെയ്തത്. ജില്ലയിലെ പരമാവധി സിഡിഎസ് ചെയര്‍പേഴ്സണ്‍മാരെ വിജയിപ്പിച്ചെടുക്കുക വഴി ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നത് ഓരോ കുടുംബവും ഓരോ വോട്ടു ബാങ്ക് ആക്കുന്ന സമ്മര്‍ദ്ദ തന്ത്രമാണ് എന്നത് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: