Categories: Kerala

മോദിയുടെ ഗ്യാരന്‍റിയുമായി ആവേശത്തോടെ കോഴിക്കോട് എം.ടി.രമേശ്

കോഴിക്കോടിന്‍റെ തകര്‍ച്ചയ്ക്ക് ഉത്തരവാദി യുഡിഎഫും എല്‍ഡിഎഫും ആണെന്നും ശക്തമായ വികസനങ്ങള്‍ കൊണ്ടുവരാന്‍ മോദിയുടെ കൈകള്‍ക്ക് കരുത്തേകണമെന്നും അതിന് ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നുമാണ് രമേശ് കോഴിക്കോട്ടെ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത്.

Published by

കരുത്തുറ്റ മത്സരം നടക്കുന്ന കോഴിക്കോട് മോദി സര്‍ക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് എൻഡിഎ സ്ഥാനാർഥി എം.ടി.രമേശ് ശക്തമായ പ്രചാരണം നടത്തുന്നത്. കോണ്‍ഗ്രസിനെ കേരളത്തില്‍ നിന്നും കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചിട്ട് കാര്യമില്ലെന്ന ചിന്താഗതി വോട്ടര്‍മാരില്‍ ഉണ്ടാക്കാന്‍ ശക്തമായ പ്രചാരണം ബിജെപി ഇവിടെ നടത്തുന്നു. “400ലേറെ സീറ്റുകളുമായി നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തില്‍ ഏറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. “- രമേശ് പറയുന്നു.

കോഴിക്കോടിന്റെ തകര്‍ച്ചയ്‌ക്ക് ഉത്തരവാദി യുഡിഎഫും എല്‍ഡിഎഫും ആണെന്നും ശക്തമായ വികസനങ്ങള്‍ കൊണ്ടുവരാന്‍ മോദിയുടെ കൈകള്‍ക്ക് കരുത്തേകണമെന്നും അതിന് ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നുമാണ് രമേശ് കോഴിക്കോട്ടെ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് പോലുള്ള ഒരു കമ്പനി പൂട്ടിച്ചതിന് പിന്നില്‍ യുഡിഎഫിനും എല്‍ഡിഎഫിനും പങ്കുണ്ടെന്നും രമേശ് പറയുന്നു.

കോഴിക്കോട് ജില്ലയില്‍ 25,83,119 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 13,33,052 പേര്‍ സ്ത്രീകളും 12,50,018 പേര്‍ പുരുഷന്മാരും 49 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍മാരും ആണ്. യുവവോട്ടര്‍മാര്‍ 42,055 പേര്‍. ഭിന്നശേഷി വോട്ടര്‍മാര്‍ 34,198. 80 വയസ്സിന് മുകളില്‍ ഉള്ളവര്‍ 52,506 പേരും ഉണ്ട്. കോഴിക്കോട് നാലാം വട്ടം ജയം തേടിയെത്തുന്ന കോണ്‍ഗ്രസിന്റെ എം.കെ രാഘവനും സിപിഎമ്മിന്റെ എളമരം കരീമുമാണ് എം.ടി. രാമേശിന്റെ എതിര്‍സ്ഥാനാര്‍ത്ഥി. 2019ല്‍ കെ.പി. പ്രകാശ്ബാബുവായിരുന്നു ബിജെപി നേതൃത്വത്തിലുള്ള സ്ഥാനാര്‍ത്ഥി. 1,61,216 വോട്ടുകള്‍ അന്ന് പ്രകാശ് ബാബു നേടി. 2019ല്‍ എം.കെ. രാഘവന്‍ 4.93 ലക്ഷം വോട്ടുകളും സിപിഎം സ്ഥാനാര്‍ത്ഥി എ. പ്രദീപ് കുമാര്‍ 4.08 ലക്ഷം വോട്ടുകളും നേടി.

ഇക്കുറി ബിജെപിയുടെ വോട്ട് വിഹിതം ഉയര്‍ത്തുകയാണ് എം.ടി. രമേശിന്റെ ലക്ഷ്യം. പൗരത്വ നിയമവും ഇലക്ടറല്‍ ബോണ്ടും ഭാരത് അരിയും എല്ലാം ചര്‍ച്ചാവിഷയമാകുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നിലപാടുകള്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ച് മുന്നേറുകയാണ് എം.ടി. രമേശ്.മാധ്യമപ്രവര്‍ത്തകരുടെ ഏത് ചോദ്യത്തിനും കൃത്യവും ശക്തവുമായ ഉത്തരം നല്‍കാനുള്ള കഴിവാണ് രമേശിനെ വ്യത്യസ്തനാക്കുന്നത്. പ്രസാദത്വം നിറഞ്ഞ പുഞ്ചിരി വോട്ടര്‍മാരെയും രമേശിലേക്ക് അടുപ്പിക്കുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക