സി.ജെ.ജെസ്വിന്
ഹൈന്ദവ വര്‍ഷാഘോഷത്തിന്റെ ആണ്ടുതുറയാണ് ഹോളി. പഞ്ചാംഗ കലണ്ടര്‍ ഫല്ഗുനമാസം നിറപൗര്ണ്ണമിയാണ് മുഹൂര്‍ത്തം. ഇക്കുറി മാര്‍ച്ച് ഇരുപത്തിനാലിന് ഞായറാഴ്ച സന്ധ്യയ്ക്ക് ഹോളികയെ കത്തിക്കും. ആര്‍പ്പുവിളിയോടെ ആചാരാനുഷ്ഠാനങ്ങള്‍ യഥാവിധി അരങ്ങേറും. പിറ്റേന്ന് പുലര്‍കാലെ ഹോളി തിമിര്‍ത്തു കളിച്ചുല്ലസിക്കാന്‍ ആബാലവൃന്ദം ഒരിറക്കവും. ആണുംപെണ്ണും നിറങ്ങളില്‍ കുളിച്ച് ആര്‍ത്തുല്ലസിക്കുകയാണ് പതിവ്.
ഉത്തര ഭാരതത്തില്‍ ഹോളി ഉത്സവതിമിര്‍പ്പാണ്. പഞ്ചാബി-ഗുജറാത്തി- മാര്‍വാഡി സമൂഹം ഒരുമിക്കും. മെട്രോ നഗരങ്ങളായ മുംബൈ-ദല്‍ഹി നിവാസികള്‍ ജാതിഭേദമെന്യേ ഹോളി കൊണ്ടാടുന്നത് തഴക്കമാക്കി. അതിനാല്‍ ബോളിവുഡ് സിനിമകളും ഹോളി സുലഭമായി കൊണ്ടാടി. മാലോകരെ മുഴുവന്‍ ഹോളിയില്‍ പങ്കാളികളാക്കി വിസ്മയിപ്പിച്ചു പോരുന്നു! അയല്‍രാജ്യമായ നേപ്പാളിലും ഹോളി ആഘോഷം തിരുതകൃതിയാണ്. ഇംഗ്ലണ്ട്, അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ വിദേശനാടുകളിലും ഹോളി ആഘോഷം നിറയുന്നു.
ഹിന്ദിഭാഷ പ്രചാരത്തിലായതോടെ മലയാളനാട്ടിലും ഹോളി കൊണ്ടാടുന്നവരുണ്ടായി. ബംഗാളി-അസംകാര്‍ തൊഴിലാളികളായി കാലുറപ്പിച്ചു. വ്യാപാരികളായി ഗുജറാത്തി-മാര്‍വാഡികളും സ്ഥാനംപിടിച്ചു. പണ്ടേ പഞ്ചാബികള്‍ പട്ടാള നാവികസേന നയിക്കുന്നുമുണ്ടല്ലോ. ഇങ്ങനെ ഇതരഭാഷക്കാര്‍ സംഘം ചേര്‍ന്ന് ആഘോഷിക്കുന്ന സുദിനമാണ് ഹോളി. ഇവരൊത്ത് സഹവസിക്കുന്ന മലയാളിയും ഹോളി വര്ണമനോഹരമാക്കിവരുന്നു.
ഹോളി ഐതിഹ്യം
പണ്ടുപണ്ടൊരു കാലത്ത് ഹിരണ്യകശിപു എന്നചക്രവര്‍ത്തി നാടുവാണിരുന്നു. പ്രജകളോട് തന്നെദൈവതുല്യം ആദരിക്കാന്‍ ഉത്തരവിട്ടിരുന്ന അദ്ദേഹത്തെകൊണ്ട് ജനം പൊറുതിമുട്ടി. നിഷേധിച്ചവരെ ദുഷ്ടന് ഉപദ്രവിച്ചു. എന്നിട്ടും ചൊല്‍പ്പടിക്കു വരാത്തവരെ നിഷ്ക്കരുണം വധിച്ചു. അരുംകൊലകള്‍ കണ്ടുംകേട്ടും ഹിരണ്യകശുപുവിന്റെ മകന് പ്രഹ്ലാദന് മനസ്സിടിഞ്ഞു. അവന് നിരപരാധികള്‍ക്കുവേണ്ടി പിതാവിനു നേരെതിരിഞ്ഞു. എന്നാല്‍ ചക്രവര്‍ത്തി സ്വപുത്രനായ പ്രഹ്ലാദനേയും വരച്ചവരയില്‍ നിര്‍ത്താന്‍ ശ്രമിച്ചു. ഫലിച്ചില്ല. ഒടുവില്‍ മകനേയും കൊന്നുകളയാന്‍ പരിപാടിയിട്ടു. അതിനു സ്വന്തം സഹോദരിയായ ഹോളികയെ നിയോഗിച്ചു. ഒരഗ്നിയ്ക്കും കത്തിച്ചുചാമ്പലാക്കാനാവാത്ത വരം ലഭിച്ചവളാണ് ഹോളിക! പ്രഹ്ലാദനെ ഹോളികക്കൊപ്പം തൂണില്‍ തളച്ചിട്ടു. തീ കൊളുത്തിയതും മകന് ചൂളയില്‍ കത്തിമരിക്കും എന്നായിരുന്നു ധാരണ. ഹോളിക രക്ഷപ്പെടുമെന്നും വിചാരിച്ചു. സംഭവിച്ചതു നേരെമറിച്ചും.
വരദോഷം വരുത്തിയ ഹോളിക കത്തിഭസ്മമായി. പ്രഹ്ലാദന് അത്ഭുതകരമാംവിധം അഗ്നിദേവനില്‍ നിന്ന് മുക്തിനേടി! വിറളിപിടിച്ച ദുഷ്ടനായ ചക്രവര്‍ത്തിയെ നരസിംഹമിറങ്ങി മാറുപിളര്ത്തുകൊന്നു. ഇതാണു ഹോളിയുടെ പ്രബലമായ ഐതിഹ്യം. ഈ കഥയിലെ സല്‍സ്വഭാവി പ്രഹ്ലാദനാണ്. അദ്ദേഹം കേരളീയര്‍ എവിടെയായാലും മലയാള കലണ്ടര്‍ നോക്കി കൊണ്ടാടുന്ന തിരുവോണത്തിന്റെ മഹാബലിയുടെ മുത്തശ്ശന്മാരിലൊരാളെന്നും ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്!
ഹോളികയെ കത്തിക്കല്‍
ഇതേ സ്മരണയുടെ അനുബന്ധമായി വീടുകളിലും കോളനികളിലും ഹോളികളിയുടെ തലേന്നു രാത്രി ഹോളികയെ കത്തിക്കുന്ന ചടങ്ങ് അരങ്ങേറും. വലിയ കുഴിയുണ്ടാക്കി അതിനുള്ളില്‍ ഒരു തൂണുനാട്ടും, പ്രഹ്ലാദനെ തളച്ചിടാന്‍. ഹോളികയുടെ ചീര്‍ത്ത വികൃതരൂപവും പ്രതിഷ്ഠിക്കും. ശേഷം തീക്കൂനയ്ക്കായി കുഴിനിറയെ വിറകും വൈക്കോലും മറ്റുചപ്പുചവറും നിറയ്ക്കും. ഇതിനായി ഓരോ വീട്ടുകാരും തടിക്കഷ്ണങ്ങള്‍ വര്‍ഷം മുഴുവന്‍ സൂക്ഷിച്ചു ശേഖരിച്ചുപോരുന്നതാണ് സമ്പ്രദായം.
കാഴ്ച്ചക്കാളെണ്ണം തികഞ്ഞാല്‍ കുഴിക്കുള്ളിലും ചുറ്റുവട്ടവും എണ്ണപാറ്റും. കൂട്ടത്തിലെ തലമുതിര്‍ന്ന കാരണവര്‍ കൂനയ്ക്കു തീകൊളുത്തും. കത്തിയാളുന്ന തീവട്ടത്തിനു ചുറ്റും മങ്കമാരുടെ നാട്യപ്രകടനമുണ്ട്. കൈത്താളമിട്ട് ഇമ്പത്തില് ചുവടുവച്ചുള്ള വട്ടപ്പാല കുമ്മിയടി. ഭജന മൂളിപ്പാട്ടു വടിവൊത്തു കേള്‍ക്കാം. തപ്പുംതകരവുമാണു മേളം. ചില നോമ്പുനോറ്റ വരമഞ്ഞളണിഞ്ഞ മങ്കമാര്‍ കയ്യില്‍ ലോട്ട വെള്ളം പാറ്റി കത്തുന്ന കുഴിക്കു അഗ്നി പ്രദക്ഷിണവും നടത്താറുണ്ട്. സന്താന സന്തുഷ്ടിക്കുള്ള ഈശ്വര വരപ്രസാദ ലബ്ദിയാണത്രേ ലക്ഷ്യം.
വിശ്വാസങ്ങളെന്തായാലും ആചാരങ്ങള്ക്കാരും മുടക്കു കല്പ്പിക്കാറില്ല. കനലോടുകനല് കത്തിച്ചാമ്പലായാല്‍ ഏറെ നീണ്ടുനില്‍ക്കാത്ത സത്യം ജയിച്ച സന്തോഷ ആര്‍പ്പുവിളി തിമിര്‍ക്കും. ഹോളീരേ ഹോളീ… ഭക്തര്‍ പിറ്റേന്നത്തെ ആഘോഷ കലപില ചര്‍ച്ചയുമായി പിരിയുകയായി.
ഹോളികളിയുടെ ഗുട്ടന്‍സ്
കുബേരനും കുചേലനും തമ്മിലുള്ള ഒത്തൊരുമയാണ് ഹോളിയാഹ്ലാദത്തിലെ ഇതിവൃത്തം. ഹോളിക്കൊരു ആഴ്ചമുന്‍പേ പിള്ളേര് പടചട്ട വട്ടങ്ങള്‍ തുടങ്ങും. ഒളിത്താവളങ്ങളില്‍ പതുങ്ങി ഇരുന്നാണ് അക്രമണ ശൈലി കാട്ടുക. റോഡിലൂടെ പോകുന്ന വഴിപോക്കരായിരിക്കും ഇരകള്‍. ബലൂണിലോ കൊച്ചുകവറുകളിലോ വെള്ളം നിറച്ചൊരേറ്. വര്‍ണം ഉന്നത്തില്‍ ചെന്നു പതിച്ചാല്‍ കാര്യം ബലഭേഷ്! കവറുപൊട്ടി ദേഹത്തു വെള്ളം പതിക്കുന്നവന്റെ ഞെളുങ്ങിയ മുഖഭാവം അന്നേരം കാണാന്‍ ബഹുരസം. ഉടുപുടകള് ഈറനണിഞ്ഞ ചമ്മലൊതുക്കി ചുറ്റുവട്ടം ഒരു വെപ്രാള നോട്ടമുണ്ട്. ഒരീച്ചകുഞ്ഞിനെ കണ്‍വെട്ടത്തു കണികാണാന്‍ കിട്ടില്ല. ഒന്നും ആരും കണ്ടില്ലെന്ന വൈക്ലബ്യം ഉള്ളിലൊതുക്കും. അതിവേഗം ശരീര ഉടുപുട ഈറന്‍ തൂക്കും. ഗെറ്റപ്പില്‍ മുന്നോട്ടൊരു ചുവടുവച്ചാല്‍ ആര്‍പ്പുവിളി ആലഭാരമാകും. ഗമ തീര്‍ന്നു.
ദാ ഒളിഞ്ഞിരുന്ന് അക്രമിച്ചവര്‍ വെളിച്ചത്തു വന്നു. നിറവര്ണങ്ങളെറിഞ്ഞ് ഇളിഭ്യനെ ചെപ്പടിവിദ്യ പോല്‍ പാട്ടിലാക്കും. സുഹൃത്തിനെ സഹൃദയം വട്ടംകൂടി കീഴടക്കുകയും. അതോടെ സെറ്റിലൊരാള്‍ എണ്ണംകൂടി. ആരുമീബാലലീലക്കു എതിരിടാന്‍ ചെല്ലില്ലെന്ന സവിശേഷതയാണ് ഹോളികളിയുടെ സന്മാര്ഗ ഹരം. ഹോളികളിക്കിറങ്ങുന്നവര് വെള്ളം ചീറ്റാന്‍ കരുതുന്ന കളിക്കോപ്പിന്റെ പേരാണു പിച്ച്ക്കാരി! ഹോളികളിക്ക് കുട്ടിക്കുറുമ്പന്മാരുടെ കയ്യില്‍ കാണുന്ന വിചിത്ര ഇനം കുസൃതി ആയുധം.
നിറങ്ങളുടെ തിരുമധുരം
ഹോളി കൊണ്ടാടുന്നവര്‍ ശരിക്കും ശര്‍ക്കര മധുരം സേവിച്ച് വിശപ്പടക്കുന്നവരാണെന്ന് പ്രശസ്ത ഹിന്ദി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ഗുല്‍സാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് സമ്മതം മൂളിയ സൂപ്പര്‍സ്റ്റാറാണ് അമിതാഭ്ബച്ചന്. നിരവധി ചിത്രങ്ങളില്‍ ബച്ചന് ഹോളി ഗാനരംഗങ്ങളില്‍ മതിമറന്നാടി. എന്തിനധികം വിശദീകരിക്കണം. എന്‍.എന്‍.സിപ്പിയുടെ ഷോലെയില്‍ മൗനിയായി അഭിനയിച്ച ജയഭാദുരിയുമായി മിണ്ടിയും പറഞ്ഞും ഹോളി നിറംപൂശിയിണങ്ങി പ്രിയതമയാക്കിയതെന്ന് പണ്ടുകാലത്തെ ഗോസിപ്പ്!
ഹോളികാലത്തെ വാണിജ്യ ഓപ്പണ്‍ വിപണികളില്‍ പ്രകാശം പരത്തുന്നു. വടക്കേ സംസ്ഥാനങ്ങളില്‍ എവിടെ തിരിഞ്ഞാലും നിറവര്‍ണങ്ങളുടെ അലകടല്‍ അഴകാണ്. അലുമിനിയത്താലങ്ങളില് നിരനിരകൂമ്പാരം കുത്തിയ ചായംപൊടികളുടെ തിരുതകൃതിയായ വില്പന. ആകര്‍ഷക വര്ണപ്പൊടികള്ക്കു ബദല്‍ തേയ്കുന്ന കൂട്ടുചായങ്ങളുടെ നിറപ്പകിട്ടും. രാസവസ്തുക്കള്‍ ചേര്‍ത്ത ഇവ ശരീരത്തിന് അലര്‍ജിയും മറ്റു മായാത്ത മുദ്രകളും വരുത്തുന്നതിനാല്‍ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ട്. പരസ്യമായ വിരോധങ്ങളൊന്നും പരിഗണിക്കാതെ ഇത്തരം ചായംപൂശി ഉല്ലസിക്കുന്നവരും ധാരാളം. ചിലര്ക്കതിനും പറയാന്‍ ന്യായമുണ്ട്. ഹോളികളിച്ചെന്ന വരുംദിനങ്ങളില്‍ തോന്നണ്ടേ. ദേഹത്തും മുഖത്തും കൈകാലുകളിലും അടയാളങ്ങള്‍ ഒരാഴ്ചയെങ്കിലും നിലനില്ക്കണമെന്ന ശാഠ്യം. ഉയര്‍ന്ന ശ്രേണിക്കാര്ക്ക് വിദേശിയരെ ഹോളീമാഹാത്മ്യം പറഞ്ഞ് പ്രചരിപ്പിച്ച് സല്ലപിക്കാന്‍ മതിയായ മുഖതെളിവുമായി. വെറും ചായമാണേല് ഒന്നു സോപ്പിട്ട് തേച്ചുരച്ചു കുളിച്ചാല്‍ പറ്റിപ്പിടിച്ച നിറഭംഗി തേഞ്ഞുമാഞ്ഞു പോകും.
ഹോളിയുടെ കൗതുകാനുഭവം ഏതുപ്രായക്കാരനും വായ്തോരാതെ പറഞ്ഞാലും തീരാത്ത ഹരമേകുന്നുവെന്നു സാരം. ഹോളിക്ക് ചായംപൂശാന്‍ പ്രായപരിധിയില്ല. കുഞ്ഞുതൊട്ട് വയോവൃദ്ധര്‍ വരെ പങ്കാളികളാണ്. മനംകുളിര്‍ക്കെ പരസ്പരം നിറംതേച്ച് നിര്‍വൃതിയടയുന്നു. എന്തിനധികം ആസന്നരോഗികള് പോലും അന്നേദിവസം ചായപ്പൊലിമ ചാര്ത്തിയില്ലേല് മുഖംവീര്പ്പിക്കും. അതുകൊണ്ട് ആശുപത്രികളിലും ഹോളികളി അതിവിപുലമായി അനുവദനീയമാണ്. ഒരിറ്റ് മലിനജലമോ ചെഞ്ചായമോ അഴുക്കോ അറിഞ്ഞോ അറിയാതേയോ വസ്ത്രങ്ങളിലോ ദേഹത്തോ പുരണ്ടാല്‍ അപരന് മനപൂര്‍വ്വം അപമാനിച്ചെന്ന കുറ്റം കെട്ടിച്ചമച്ച് കേസിനും കൂട്ടത്തിനും പോകാന്‍ മടിക്കാത്ത ജനവിഭാഗമാണ് ബെല്ലുംബ്രേക്കുമില്ലാത്ത പുലികളിക്ക് തലകുമ്പിടുന്നത്. ആളുംതരവും കളിക്കാര്‍ നോക്കാറുമില്ല. കണ്മുന്നില് വരുന്നത് പിച്ചക്കാരാണേലും ഉറ്റകൂട്ടുകാര്‍. ആരോടും ഇണങ്ങാത്ത ഏതു ഗര്വ്വുകാരനും സാമട്ടില്‍ വിടും. ചായം തേയ്ക്കാന്‍ മുറുപ്പില്ലാതെ നിന്നുകൊടുക്കുന്ന ഈ നിര്‍വികാര പ്രവണത മനസിണങ്ങിയ ഇമ്പമല്ലേ? ഈ ഒത്തൊരുമയാണ് ഭാരതമാകെ ഹോളി പ്രാധാന്യം വര്‍ഷാവര്‍ഷം പ്രചരിക്കുന്നതിന്റെ സാഹചര്യം സൃഷ്ടിക്കുന്നത്.
ഹോളി കൊണ്ടാടുംവിധം
ഹോളിയുടെ പരമപ്രധാന സന്ദേശം പരസ്പരസ്നേഹം പങ്കുവയ്ക്കലാണ്. അതിന് മാലോകര്ക്ക്ഇച്ചിരിനിറങ്ങള് ധാരാളം മതി. വീടുവൃത്തിയാക്കിയിടേണ്ട ഗുലുമാലില്ല തെല്ലും. വീടുംപരിസരവുംപൊരിഞ്ഞ ഹോളി കളിച്ചു വൃത്തികേടാക്കേണ്ട ഇടങ്ങളാണ്. പുതുപുത്തന്‍ വസ്ത്രങ്ങളണിയേണ്ട മത്സരമില്ല. നിറങ്ങളിലും കലക്കുവെള്ളത്തിലും ആറാടുന്നതിലാണു ഹോളിയുടെ ഹരമാര്ന്ന പരമാനന്ദം. വീടുകളില്‍ അന്നേദിവസം സദ്യവട്ടങ്ങളും പതിവില്ല. ഭാംഗ് (ഹോളിക്കു വീടുവീടന്തരം തയ്യാറാക്കുന്ന ലഹരിപാനീയം) വയറുനിറച്ചു മോന്തും. ലഹരിക്കല്ല, മനംമറന്നു ഹോളികളിക്കു ധൈര്യം കിട്ടാനുള്ള ചെപ്പടിവിദ്യ! അങ്ങനെ പരമ്പരാഗതമായ കുടുംബ വഴക്കുകള്‍ ഹോളികളിച്ചു തമ്മില്‍ തീര്‍ന്നിട്ടുണ്ട്. കളിച്ചുകൂത്താടി അതിരുവിട്ടാരും അക്രമാസക്തരാവില്ല. ആണുംപെണ്ണും കണ്ണു മയങ്ങി ചായംതേച്ചു പ്രണയിക്കാനുള്ള മുഹൂര്‍ത്തങ്ങളും നിരവധി സമാഗതമാകാറുണ്ട്. ഹോളികളി നല്ലൊരു മനോല്ലാസമായി കരുതുന്നതിനൊപ്പം കായിക വ്യായാമം കൂടിയാണ്. ദേഹമനങ്ങാത്ത പൊണ്ണത്തടിയന്മാര് ഒച്ചയിട്ട് ഓടിച്ചാടി വിയര്ത്തുകളിച്ചാല് കലോറി നഷ്ടം അസാരം. വൈദ്യശാസ്ത്ര പ്രകാരം ഹൃദയസന്തുലിത ലഭ്യമാകും. പിന്നെയെന്തിന് പേക്കൂത്ത് നിറങ്ങളെ അറച്ച് മാറിനില്‍ക്കണം.
വര്‍ണഭംഗിയാര്‍ന്ന ചേതോഹാരിതയില്‍ മുങ്ങിക്കുളിച്ച് കോമാളി ചമയാം. സ്നേഹോഷ്മളതയ്ക്കായി പരസ്പരം പല നിറവര്‍ണങ്ങള്‍ പൂശി പരമാനന്ദ സംതൃപ്തിയടയാം. ഇനിയെന്തിന് അമാന്തിക്കണം. കാഴ്ചക്കാരാകേണ്ട. ചേതാരമില്ലാത്ത ഒരിറ്റു നിറഗുണങ്ങള് പാറ്റി സൗഹൃദ സാമ്രാജ്യം ഓരോരുത്തര്‍ക്കും ഇഷ്ടംപോലെ വര്‍ദ്ധിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: