Categories: Varadyam

പിറന്നാള്‍

Published by

വിനീത മുരളി

കൊഴിഞ്ഞു പോം പൂവിന്‍
ദലങ്ങളെന്നപോല്‍
പൊഴിഞ്ഞു പോവുന്നു
വയസ്സെനിക്കെങ്കിലും
അറിയുന്നില്ലതിന്‍ വേദന ഞാനൊന്നുമേ
ഏറുകയാണ് സ്‌നേഹബന്ധങ്ങളെന്നില്‍
കാത്തിരിക്കുന്നു ഞാനാ നല്ല നാളിനായി
ചേരുന്നിതാ മിത്രങ്ങള്‍ സ്‌നേഹാദരപൂര്‍വം
നേരുന്നാശംസകള്‍ ആയുസ്സിനായി

നിറയുന്നു മനം സ്നിഗ്ധമാം
സൗഹൃദങ്ങളാല്‍
കുറിച്ചിരുന്നു നമുക്കായുസ്സ്
നൂറെന്നു പിതൃക്കള്‍
എത്തുന്നതില്ല ശതാബ്ധിക്ക്
നമ്മളാരും നിശ്ചയം
ഷഷ്ടിപൂര്‍ത്തിയോടെ തീരുന്നു നല്ല കാലം

ആര്‍ത്തണയും തിരമാലകള്‍ പോല്‍ വന്നു-
ചേരുന്നു വിരുന്നുകാര്‍ മഹാരോഗങ്ങള്‍
പോവുകയാണ് മൃത്യു നമ്മെയും കൂട്ടി
കാലം കരുതി വച്ചൊരാ മഞ്ചലില്‍

ഇല്ലധികം നാളുകള്‍ നമുക്കിനി
യുണ്ടല്ലോ ഈ നിമിഷം മാത്രം സ്വന്തം
മാറ്റിവയ്‌ക്കല്ലേ നാളേക്കായൊന്നുമേ
ആഘോഷിക്കാം നമുക്കീ പിറന്നാള്‍
കൊളുത്തീടാം നന്മതന്‍ വിളക്കുകള്‍

കാണുന്നുണ്ട് ഞാനൊരു കരിന്തിരി
പകര്‍ന്നിടാമൊരു തിരിനാളമതിലേക്കും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by