തിരുവനന്തപുരം: സിപിഎമ്മിനെ സംബന്ധിച്ചു ജീവന്മരണ പോരാട്ടമാണ് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. കാരണം ഇത്തവണ മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാര്‍ട്ടി പട്ടികയില്‍നിന്ന് സിപിഎം പുറത്താകും. ഇതോടെ അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന സ്വന്തം ചിഹ്നവും സിപിഎമ്മിന് നഷ്ടമാകും. അത് കൊണ്ട് തന്നെ കൂടുതല്‍ സീറ്റുകളും വോട്ട് വിഹിതവും ഒപ്പിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് സിപിഎം.
ഇന്ത്യയിലെ ഒരു പാര്‍ട്ടിയ്ക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നതിന് മൂന്ന് തരം മാനദണ്ഡങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് വയ്ക്കുന്നത്.
1. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എംപിമാര്‍
2. നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും
3. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി.
ഇതില്‍, നാല് സംസ്ഥാനങ്ങളില്‍ നിന്നായി നാല് എംപിമാരെ കിട്ടിയാലും ആറ് ശതമാനം വോട്ട് കിട്ടുക സിപിഎമ്മിന് ഇന്നത്തെ നിലയില്‍ അസാധ്യമാണ്. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി കിട്ടാനും എളുപ്പമല്ല.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികസമയം നല്കിയ കാരുണ്യത്തിലാണ് സിപിഎമ്മിന്റെ ദേശീയപാര്‍ട്ടിപദവി നഷ്ടമാകാതെ നില്‍ക്കുന്നത്.
ഇക്കുറി സിപിഎമ്മിന് നാലില്‍ അധികം ലോക്സഭാ സീറ്റ് കിട്ടിയില്ലെങ്കില്‍ ദേശീയ പദവി നഷ്ടമാകും. 2014ല്‍ ലോക് സഭയില്‍ 43 സീറ്റുണ്ടായിരുന്ന സിപിഎം 2019ല്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ബംഗാളിലെയും ത്രിപുരയിലെയും തകര്‍ച്ചയാണ് സിപിഎമ്മിനെ ദേശീയ തലത്തില്‍ പ്രസക്തിയില്ലാത്ത പാര്‍ട്ടിയാക്കി മാറ്റിയത്.
തെരഞ്ഞെടുപ്പുകളിലൂടെ സിപിഎം
2004ല്‍ 43 സീറ്റുകള്‍ നേടിയ പാര്‍ട്ടിയാണ് സിപിഎം. അന്നും 5.66 ശതമാനമായിരുന്നു ആകെ ലഭിച്ച വോട്ട് വിഹിതം. 2009ല്‍ സിപിഎമ്മിന്റെ സീറ്റുകള്‍ 16 ആയി കുറഞ്ഞു. 2014ല്‍ കഥയാകെ മാറി. 3.6 ശതമാനം വോട്ട് വിഹിതം മാത്രമാണ് കിട്ടിയത്. രാജ്യത്താകെ 9 സീറ്റുകളേ ജയിക്കാനായുള്ളൂ. 2019ല്‍ ആകെ മൂന്ന് സീറ്റാണ് സിപിഎമ്മിന് കിട്ടിയത്. കേരളത്തില്‍ ആലപ്പുഴയില്‍ ആരിഫും രണ്ട് പേര് തമിഴ്നാട്ടില്‍ നിന്നും വിജയിച്ചു. ബംഗാളിലും ത്രിപുരയിലും സിപിഎം പ്രതിനിധികളുടെ എണ്ണം വട്ടപ്പൂജ്യമായി.
സിപിഎമ്മിന് ഇപ്പോള്‍ കേരളം, ത്രിപുര, ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് സംസ്ഥാനപാര്‍ട്ടി പദവി ഉണ്ട്. എന്നാല്‍ ഇത് ഇപ്പോള്‍ പരുങ്ങലിലാണ്. എന്നാല്‍ മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിച്ച സിപിഎമ്മിന് ബംഗാളില്‍ ഒരു എംഎല്‍എയോ എംപിയോ ഇല്ലെന്നതാണ് വാസ്തവം. ത്രിപുരയിലും സിപിഎമ്മിന്റെ പിടി അയഞ്ഞു.
സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടി ചിഹ്നം
അതിനാല്‍ ഇക്കുറി വോട്ട് ശതമാനം കൂട്ടാനും കൂടുതല്‍ എംപിമാരെ കിട്ടാനും പെടാപാടിലാണ് സിപിഎം. അതിനാല്‍ ഇക്കുറി കേരളത്തില്‍ സ്വതന്ത്രസ്ഥാനാര്ത്ഥികളെപ്പോലും പാര്‍ട്ടി ചിഹ്നത്തിലാണ് സിപിഎം മത്സരിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇടുക്കിയില്‍ നിന്നും മത്സരിക്കുന്ന ജോയ്സ് ജോര്‍ജ്ജും പൊന്നാനിയില്‍ ഹംസയും മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: