നഷ്ടക്കണക്കുകളില്‍ നട്ടം തിരിയുകയായിരുന്ന ബിഎസ് എന്‍എല്‍ ഈ സാമ്പത്തിക വര്‍ഷം ലാഭത്തിലേക്ക് കുതിക്കുമെന്ന് വിദഗ്ധര്‍. ഈ സാമ്പത്തിക വര്‍ഷം 2000 കോടിയുടെ ലാഭമെങ്കിലും കമ്പനിയ്‌ക്കുണ്ടാകും.
ജീവനക്കാരുടെ എണ്ണം വിആര്‍എസ് (സ്വയം വിരമിക്കല്‍ പദ്ധതി) വഴി വെട്ടിച്ചുരുക്കിയതും ഫൈബര്‍ രംഗത്തെ വിപ്ലവമായി മാറിയ എഫ് ടിടിഎച്ചുമാണ് ബിഎസ് എന്‍എല്ലിനെ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് പുനരുജ്ജീവന പാക്കേജും കമ്പനിയ്‌ക്ക് മുന്നോട്ട് കുതിക്കാന്‍ സഹായകരമായി.
2021-22 സാമ്പത്തിക വര്‍ഷം കമ്പനി 944 കോടിയുടെ ലാഭമുണ്ടാക്കിയിരുന്നു. 2022-23ല്‍ 1559 കോടിയുടെ ലാഭമുണ്ടാക്കി. 1.63 ലക്ഷം ജീവനക്കാരുണ്ടായിരുന്ന കമ്പനിയില്‍ നിന്ന് 78,559 പേര്‍ വിആര്‍എസ് വഴി വിരമിച്ചിരുന്നു. ഇതോടെ ശമ്പളം നല്‍കുന്നതിലെ ലാഭം 60 ശതമാനത്തോളമായി. കേന്ദ്രം നല്‍കിയ 69000 കോടിയുടെ പാക്കേജ് വഴിയാണ് ഇത്രയും ജീവനക്കാരെ പിരിച്ചുവിടാനായത്.
വീണ്ടും കേന്ദ്രം മറ്റൊരു 1.64 ലക്ഷം കോടി കൂടി അനുവദിച്ചു. ഇതുവഴി ബിഎസ്എന്‍എല്‍ 4ജി സ്പെക്ട്രം ലഭിച്ചു. കാലാവധി തീര്‍ന്ന 2ജി ലൈസന്‍സ് പുതുക്കുകയും ചെയ്തു. വീണ്ടും മൂന്നാമതായി മറ്റൊരു 89,047 കോടിയുടെ പാക്കേജും കേന്ദ്രം അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് കൂടുതല്‍ സ്പെക്ട്രം അനുവദിച്ചു. സമീപഭാവിയില്‍ 5ജി നല്‍കാനുള്ള ഉപകരണങ്ങളും ബിഎസ്എൻഎല്‍ സ്ഥാപിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: