ന്യൂദൽഹി: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരിക്കവെ ജലവിതരണവുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവ് അദ്ദേഹം പുറത്തിറക്കിയതായി എഎപി വൃത്തങ്ങൾ അറിയിച്ചു. ദൽഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കേജ്‌രിവാൾ ഇറക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രിയുടെ കുറിപ്പ് വായിച്ച് താൻ കണ്ണീരൊഴുക്കുകയായിരുന്നുവെന്ന് അതിഷി പിന്നീട് പത്രസമ്മേളനത്തിൽ പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ ജി എനിക്ക് ഒരു കത്തും നിർദ്ദേശവും അയച്ചു, അത് വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. ജയിലിൽ കഴിയുമ്പോഴും അദ്ദേഹം ദൽഹി നിവാസികളുടെ വെള്ളത്തിന്റെയും മലിനജലത്തിന്റെയും പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. അരവിന്ദ് കേജ്‌രിവാളിന് മാത്രമേ ഇത് ചെയ്യാൻ കഴിയൂ, കാരണം ദൽഹിയിലെ 2 കോടി ജനങ്ങളുടെ കുടുംബാംഗമായി അദ്ദേഹം സ്വയം കരുതുന്നുവെന്നും അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആതേ സമയം ജയിലിൽ കഴിയവേ മുഖ്യമന്ത്രിയായി തുടരാനാകുമോ എന്ന ചർച്ചകൾക്കിടെയാണ് അരവിന്ദ് കേജ്‌രിവാൾ ഉത്തരവ് പുറത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്. ദൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച രാത്രിയാണ്കേജ്‌രിവാൾ അറസ്റ്റിലായത്. അതേസമയം, അരവിന്ദ് കേജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഇഡി കസ്റ്റഡിയിലുള്ള കെജ്‌രിവാളിനെയും കവിതയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത് തുടരാനാണ് ഏജന്‍സിയുടെ തീരുമാനം. ചൊവ്വാഴ്ചയാണ് രണ്ട് പേരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുക. ചോദ്യം ചെയ്യലിനോട് പൂര്‍ണ നിസ്സഹകരണം പ്രഖ്യാപിച്ചാണ് കേജ്‌രിവാളിന്റെ നീക്കം. കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: