പത്തനംതിട്ട: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ആറാട്ട് നാളെ നടക്കും. ആചാര വിധിപ്രകാരം പമ്പയില്‍ നടക്കുന്ന ആറാട്ട് ക്രിയകള്‍ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് കാര്‍മികനാകും.
ഉച്ചയ്ക്ക് 11.30നാണ് ചടങ്ങുകള്‍. ഗജരാജന്‍ വെളിനെല്ലൂര്‍ മണികണ്ഠന് അയ്യപ്പസ്വാമിയുടെ തിടമ്പേറ്റും. ആറാട്ടിന് ശേഷം ദേവനെ പമ്പ ഗണപതി കോവിലിലേക്കു എഴുന്നള്ളിച്ച് ഇരുത്തും. വൈകിട്ട് മൂന്നു വരെ പമ്പയില്‍ ദര്‍ശനത്തിന് അവസരമുണ്ട്.
ഭക്തര്‍ക്ക് പറ വഴിപാട് സമര്‍പ്പിക്കാം. 3.30ന് സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്. ഘോഷയാത്ര സന്നിധാനത്ത് എത്തിയ ശേഷം കൊടിയിറക്കും. ആറാട്ട് ദിവസം ദര്‍ശനത്തിനും പതിനെട്ടാംപടി കയറുന്നതിനും നിയന്ത്രണമുണ്ട്.
രാവിലെ 9ന് നട അടച്ചാണ് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടുന്നത്. ആറാട്ടിനു ശേഷം തിരിച്ച് സന്നിധാനത്ത് എത്തി നട തുറന്ന ശേഷമേ ദര്‍ശനത്തിന് അവസരം ലഭിക്കൂ. ആറാട്ടിന് മുന്നോടിയായുള്ള ക്രിയകള്‍ ഇന്ന് പൂര്‍ത്തിയാകും. രാത്രി ശരംകുത്തിയില്‍ പള്ളിവേട്ട നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: