അഴിമതിക്കേസില്‍ അരവിന്ദ് കേജ്‌രിവാള്‍ കുടുങ്ങിയതില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജിയും ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ എന്ന പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ. മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ ഹെഗ്‌ഡെയും കേജ്‌രിവാളും പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ വലംകൈയായിരുന്നു.
‘അഴിമതിയില്‍ കേജ്‌രിവാള്‍ കുടുങ്ങിയതില്‍ നിരാശയുണ്ട്. അധികാരത്തില്‍ വരുമ്പോള്‍ ആര്‍ത്തി മൂക്കും. ഇതാണ് കേജ്‌രിവാളിന്റെ കാര്യത്തിലും സംഭവിച്ചത്. ആപ്പ് അധികാരത്തില്‍ വന്നപ്പോള്‍ ഭരണ നിര്‍വ്വഹണം നീതി യുക്തമാകുമെന്ന് കരുതി. അധികാരം ദുഷിപ്പിക്കും, പരമാധികാരം പരമാവധി ദുഷിപ്പിക്കും എന്നത് ശരിയായിരിക്കുകയാണ്. രാഷ്‌ട്രീയം അഴിമതിയുടെ ഇരുളടഞ്ഞ ഗുഹയാണ്.
അഴിമതിക്കെതിരായ പോരാട്ടമായിരുന്നു ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍. രാഷ്‌ട്രീയത്തില്‍ നിന്ന് അകന്നു നിന്നുകൊണ്ട് രാഷ്‌ട്രീയത്തെ ശുദ്ധമാക്കാന്‍ ശ്രമിക്കുകയായിരുന്നു ഞങ്ങളുടെ ദൗത്യം. ആ സമയത്താണ് ഞങ്ങളില്‍ ഒരു വിഭാഗം രാഷ്‌ട്രീയത്തില്‍ ചേര്‍ന്നത്. അവര്‍ക്ക് രാഷ്‌ട്രീയം സംശുദ്ധമാക്കാന്‍ സാധിക്കുമെന്ന് അന്നേ ഞാന്‍ കരുതിയില്ല. ഞാന്‍ അന്ന് ചിന്തിച്ചത് ശരിയായിരുന്നുവെന്നാണ് ആപ്പിലെ സംഭവ വികാസങ്ങള്‍ ഇപ്പോള്‍ തെളിയിക്കുന്നത്. അന്ന് പാര്‍ട്ടിയില്‍ ചേരാന്‍ കേജ്‌രിവാള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അതിനെ എതിര്‍ത്തു, ചേരില്ലെന്നു പറഞ്ഞു.
പ്രതിപക്ഷത്തെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ഇ ഡി അടക്കമുള്ള ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന വാദവും ഞാന്‍ അംഗീകരിക്കുന്നില്ല. ഒരു പക്ഷെ അവര്‍ തെരഞ്ഞെടുത്ത് ഇത് ചെയ്യുന്നുണ്ടാവാം. പക്ഷെ അത് ഒരു കുറ്റമല്ല. എന്തെന്നാല്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഭരണഘടനയിലെ പതിനാലാം വകുപ്പില്ല (തുല്യതയ്‌ക്കുള്ള അവകാശം). ഒരിക്കല്‍ അവര്‍ (പ്രതിപക്ഷം) അധികാരത്തില്‍ വരുമ്പോള്‍ അവര്‍ ബിജെപിക്കെതിരെ തിരിയും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: