കോണ്‍ഗ്രസ് ഭരണത്തില്‍ രാഷ്ട്രപതിപദം റബ്ബര്‍ സ്റ്റാമ്പാക്കിയത് വിശാല ചരിത്രമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഫക്രുദ്ദീന്‍ അലി അഹമ്മദ് എന്തും കണ്ണടച്ച് ഒപ്പിട്ടുകൊടുക്കുന്ന സ്ഥിതിയുണ്ടാക്കിയത് കുപ്രസിദ്ധമാണല്ലോ. എല്ലാവര്ക്കും സുപരിചിതമായ, അബുവിന്റെ ആ കാര്‍ട്ടൂണിനെക്കുറിച്ച് പറഞ്ഞ് മുഷിപ്പിക്കുന്നില്ല. അടിയന്തരാവസ്ഥയില്‍ അതിന്റെ പാരമ്യത്തിലെത്തിയെന്നു മാത്രം. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരുകളെ ‘ആനയെ മാത്രമല്ല ആനപ്പിണ്ടത്തേയും പേടിക്കണമെന്ന സ്ഥിതി’ എന്ന് പറയിക്കുംപോലെ, പിരിച്ചുവിടാന്‍ ഇന്ദിരാഗാന്ധിയും മകന് സഞ്ജയ് ഗാന്ധിയും തമ്മില്‍ മത്സരമായിരുന്നുവെന്ന് രാഷ്ട്രീയ പറച്ചില് പോലുമുണ്ടായി ഒരുകാലത്ത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തില്‍ ആദ്യമായാണ് രാഷ്ട്രപതി പ്രതിപക്ഷത്തിന്റെ കളിപ്പാവയായത്.
നീലം സഞ്ജീവ് റെഡ്ഡി ഉപദേശവും നിര്‍ദേശവും സ്വീകരിച്ചത് ഇന്ദിരയില്‍ നിന്നായിരുന്നു. കര്‍ണാടകയിലെ ചിക്മംഗളൂരില്നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിര വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ തുടങ്ങിയിരുന്നു രാഷ്ട്രപതിഭവനിലെ ‘പ്രതിപക്ഷ ഭരണം’ എന്നുവേണം കരുതാന്‍. അങ്ങനെയാണ് ജഗ്ജീവന്റാമിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം കൊടുക്കാതെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ സഞ്ജീവ് റെഡ്ഡി തയാറായത്.
ഇതേക്കുറിച്ച് റെഡ്ഡി പ്രതികരിച്ചത്, കാലുമാറ്റത്തിനും കൂറുമാറ്റത്തിനും കൂട്ടുനില്ക്കാഞ്ഞതിനാണോ കുറ്റപ്പെടുത്തുന്നതെന്നായിരുന്നുവത്രേ. പക്ഷേ, ജനതാ സര്‍ക്കാരില്‍നിന്ന് കൂറുമാറിയ ഒരു നേതാവിനെയാണ് ചരണ്‍സിങ്ങിന് സത്യവാചകം ചൊല്ലിക്കൊടുത്ത് പ്രധാനമന്ത്രിപദത്തിലേക്ക് കയറ്റിയിരുത്തിയതെന്ന് സഞ്ജവ് റെഡ്ഡി മറന്നുപോയതോ, മറന്നുവെന്ന് നടിച്ചതോ. മാത്രമല്ല നിയമസഭയായാലും ലോക്സഭയായാലും ശരി, ഭൂരിപക്ഷം നിര്‍ണയിക്കുന്നത് തലയെണ്ണിയോ രാജ്ഭവനിലോ രാഷ്ട്രപതിഭവനിലോ ശക്തിപ്രദര്‍ശനം നടത്തിയോ ആകരുത്, സഭക്കുള്ളില്‍ വോട്ടിട്ടുതന്നെയാകണമെന്ന് നിയമനിര്‍മാണ സഭകളിലെ അധ്യക്ഷന്മാരോട് ഉപദേശിക്കുകയും നിര്‍ദേശിക്കുകയും ചെയ്തയാളായിരുന്നു സഞ്ജീവ് റെഡ്ഡി.
1980ലെ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമായി. കോണ്‍ഗ്രസ് അതിശക്തമായി തിരിച്ചുവന്നു. ”പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് വോട്ടുചെയ്യുക” എന്നുമായിരുന്നു ഇന്ദിരയുടെ മുദ്രാവാക്യം. ”നിര്‍ഗുണവും ഷണ്ഡവുമായ സര്‍ക്കാര്‍” എന്ന് ചരണ്‍സിങ് സ്വന്തം സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവനയാണോ ഈ മുദ്രാവാക്യത്തിന് വഴിതെളിച്ചത്, അതോ ചരണ്‍സിങ്ങിന്റെ പ്രസ്താവന തയാറാക്കിയത് ഇന്ദിരയുടെ നിര്‍ദേശപ്രകാരമായിരുന്നോ എന്ന് ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല, അനേ്വഷിച്ചിട്ടുണ്ടാവാം.
എന്നാല്‍ ജനതാസര്‍ക്കാര്‍ നിര്‍ഗുണമോ ഷണ്ഡത്വമോ ആയിരുന്നില്ല. ഭരണത്തിലെ വ്യക്തതയും ലക്ഷ്യത്തിലെ കൃത്യതയും ശ്രദ്ധേയമായിരുന്നു. ജനാധിപത്യ സ്ഥാപനം, പൗരന്മാര്ക്ക് സകല വിധത്തിലും, ഭരണഘടനാപ്രകാരമുള്ള സ്വാതന്ത്ര്യം, വിലനിയന്ത്രണം, സാമ്പത്തിക, കാര്‍ഷിക മേഖലകളിലെ വളര്‍ച്ച, വിദേശരാജ്യങ്ങളുമായുള്ള മികച്ച ബന്ധം, പ്രത്യേകിച്ച് സോവിയറ്റ് യൂണിയനെ പിണക്കാതെ അമേരിക്കയുമായി ചങ്ങാത്തം, ചൈന, പാകിസ്ഥാന് എന്നീ രാജ്യങ്ങളുമായുള്ള സമാധാനം തുടങ്ങി വിവിധ രംഗത്തെ നേട്ടങ്ങള്‍ക്ക് മൊറാര്‍ജി ഭരണത്തിന്റെ കുറഞ്ഞ കാലം കാരണമായി.
ഇന്ദിരാ ഭരണത്തോടെ ജനതാപാര്‍ട്ടിയുടെ സമ്പൂര്‍ണ തകര്‍ച്ച സംഭവിച്ചു. ജഗ്ജീവന്റാം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് (യു)വില്‍ ചേര്‍ന്നു. വൈ.ബി. ചവാനാണ് പാര്‍ട്ടി നയിച്ചത്. ചരണ്‍സിങ് ഭാരതീയ ലോക്ദള്‍ പുനരുജ്ജീവിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ 41 സീറ്റുകള്‍ ചരണ്‍സിങ്ങിന്റെ ഒപ്പം നിന്നവര്‍ നേടിയിരുന്നു. ജനസംഘം ദ്വയാംഗപ്രശ്നം വന്നപ്പോഴേക്കും ജനതാപാര്‍ട്ടി വിടാന്‍ സജ്ജമായിരുന്നു. എന്നാല്‍ ജനസംഘത്തെ ജനതാപാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്നായിരുന്നു തീരുമാനം വന്നത്.
ജനതാപാര്‍ട്ടി ഒരു പാര്‍ട്ടിയല്ലായിരുന്നു എന്നും ‘ലയിച്ച’ മറ്റു പാര്‍ട്ടികള്‍ ‘അലിയാതെ’യാണ് ജനതാപാര്‍ട്ടിയില്‍ ഉണ്ടായിരുന്നതെന്നും വ്യക്തമാക്കുന്നതാണ് ‘ജനസംഘത്തെ പുറത്താക്കല്‍’ തെൡയിച്ചത്. എന്നാല്‍ മറ്റെല്ലാവരും ഒഴിഞ്ഞുപോയിട്ടും ചന്ദ്രശേഖര്‍ അധ്യക്ഷനായ ജനതാപാര്‍ട്ടി നിലനിന്നു, സ്മാരകം പോലെ. ജനതാപാര്‍ട്ടി പൊട്ടിത്തകര്‍ന്നു, ചിലത് അവിടെ തെറിച്ചുവീണു, ചിലത് ഇവിടെയും എന്ന മട്ടിലായി.
ജനസംഘത്തിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നേതാക്കള്‍ രാജ്യത്ത് തലങ്ങും വിലങ്ങും സഞ്ചരിച്ചു. തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് കാരണം തിരിച്ചറിഞ്ഞു. ജനതാപാര്‍ട്ടിയില്‍ ജനസംഘം പ്രവര്‍ത്തകര്‍ക്ക് പ്രാദേശിക തലത്തിലും കടുത്ത അവഗണനയായിരുന്നു. രണ്ടാംതരം പൗരന്മാരായാണ് അവരെ കണ്ടിരുന്നത്. ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ അപമാനിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. അതുകൊണ്ടുതന്നെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ കാര്യമായ പങ്കുവഹിച്ചില്ല. ഫലം കോണ്‍ഗ്രസ് നേട്ടം കൊണ്ടുപോയി. അത് 1977 ല്‍ ഇന്ദിരയുടെ പാര്‍ട്ടിക്ക് കിട്ടിയത് 153 സീറ്റായിരുന്നത് മൂന്ന് വര്‍ഷത്തിനുശേഷം 1980 ല്‍ 351 സീറ്റാക്കി വളരാനിടയാക്കി.
ഇക്കാലത്ത് ജനതാപാര്‍ട്ടിയുടെ പ്രശ്നം, ജനസംഘത്തിന്റെ നിലപാട്, ആര്‍എസ്എസ്, രാജ്യം എന്നിവയെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ 1979 ജൂണ്‍ ഒമ്പതിലെ പത്രത്തില്‍ അച്യുത് പട്വര്ദ്ധന് എന്ന ഗാന്ധിയന്‍ ഒരു ലേഖനം എഴുതി ജനസംഘം എന്താണെന്നും അതിന്റെ ആര്‍എസ്എസ് ബന്ധം എങ്ങനെയാണെന്നും രണ്ടിന്റേയും രാജ്യം എന്ന സങ്കല്പവും സ്വപ്നവും എന്താണെന്നും അതില്‍ വിവരിച്ചു. ഒരുപക്ഷേ സംഘപ്രസ്ഥാനത്തിനു പുറത്ത്, പക്ഷപാതമില്ലാതെ ആര്‍എസ്എസ്-ജനസംഘം പ്രസ്ഥാനങ്ങളെക്കുറിച്ച്, ഒരാള്‍ മനസ്സിലാക്കി എഴുതിയ ചരിത്രപരമായ ലേഖനമായിരുന്നു അത് എന്നു പറയാം.
മറ്റൊരു ലേഖനം അക്കാലത്ത് വന്നത് 1979 ആഗസ്റ്റ് രണ്ടിന്. അടല്‍ബിഹാരി വാജ്പേയി ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയതാണ്. ജനസംഘത്തെയും ആര്എസ്എസിനെയുംകുറിച്ചും ദ്വയാംഗപ്രശ്നത്തെക്കുറിച്ചും മറ്റും ഉയര്‍ന്ന സകല ആരോപണങ്ങള്‍ക്കും അതില്‍ മറുപടിയും നിലപാടും പറഞ്ഞു. ആര്‍എസ്എസ് ഒരു വര്‍ഗീയ ലഹളയ്ക്കും കാരണമായിട്ടില്ലെന്ന് വിശദീകരിച്ചു. രാഷ്ട്രീയ-രാജ്യഭരണ കാര്യങ്ങളില്‍ ആര്‍എസ്എസിന്റെ പങ്കിനെക്കുറിച്ചും എഴുതി. സര്‍സംഘചാലകനായിരുന്ന ബാലാസാഹേബ് ദേവറസ് അതു സംബന്ധിച്ച് പിന്നീട് വിശദീകരിക്കുകയും ചെയ്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: