കൊച്ചുപിള്ള എന്ന ആലപ്പുഴക്കാരന്‍ ഡോക്ടറെ നാം മലയാളികള്‍ക്ക് തീരെ പരിചയമുണ്ടാവില്ല. പക്ഷേ നമ്മുടെ ഓരോരുത്തരുടെയും തീന്‍മേശയില്‍ അദ്ദേഹത്തിന്റെ കരുതലിന്റെ കയ്യൊപ്പുണ്ട്. നമ്മുടെയൊക്കെ മുന്നിലിരിക്കുന്ന ഉപ്പ് ഭരണിയില്‍. അയഡിന്റെ അപര്യാപ്തത നാട്ടുകാരുടെ ബുദ്ധിവളര്‍ച്ചയെയും ശാരീരികക്ഷമതയെയും പ്രതികൂലമായി ബാധിക്കുമെന്ന് വിളിച്ചു പറഞ്ഞത് ഡോ. കൊച്ചുപിള്ളയാണ്. അത് പരിഹരിക്കാന്‍ ഭക്ഷണത്തിലൂടെ ആവശ്യമായ അയഡിന്‍ അകത്തെത്തിക്കണമെന്ന് പറഞ്ഞതും അദ്ദേഹം തന്നെ. ഈ ആവശ്യവുമായി അദ്ദേഹം നിരവധി വര്‍ഷങ്ങള്‍ പോരാട്ടം നടത്തി. ഒടുവില്‍ 85-ാം വയസ്സില്‍ കാലയവനികയില്‍ മറയുമ്പോഴും ആ ചാരിതാര്‍ത്ഥ്യം അദ്ദേഹത്തിനുള്ളില്‍ ഉണ്ടായിരുന്നിരിക്കണം.
മനുഷ്യന്റെ ആരോഗ്യത്തിന് അത്യാവശ്യമായ ഒരു സൂക്ഷ്മ മൂലകമാണ് അയഡിന്‍. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോക്‌സിനിലെ അവശ്യഘടകം. തൈറോയിഡ് ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ‘ഹോര്‍മോണ്‍’ ആണല്ലോ ‘തൈറോക്‌സിന്‍.’ അയഡിന്റെ അഭാവത്തിലാണ് ഗോയിറ്റര്‍ അഥവാ തൊണ്ടമുഴ ഉണ്ടാവുന്നത്. അതായത് തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം. കടുത്ത ക്ഷീണം, മാന്ദ്യം, ഉറക്കം, വിഷാദം, ശരീരഭാരം കുറയുക തുടങ്ങിയ മറ്റ് ഒരുപാട് ലക്ഷണങ്ങളും ഉണ്ടാവും. ലോകജനസംഖ്യയുടെ മൂന്നിലൊന്നും തൈറോയിഡ് ഭീഷണിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഗോയിറ്റര്‍ രോഗത്തിനു കാരണമായ അയഡിന്‍ കുറവ് കുട്ടികളിലെ ബുദ്ധിവളര്‍ച്ചയെപ്പോലും അപകടകരമായി സാധിക്കുമെന്ന് കണ്ടെത്തിയത് ഡോ. കൊച്ചുപിള്ളയാണ്. അതിന് ആളുകളുടെ ഉള്ളില്‍ അയഡിന്‍ എത്തണം. അതിന് പറ്റിയ മാധ്യമം ഉപ്പുതന്നെയെന്നും അദ്ദേഹം പറഞ്ഞു. അയഡിന്‍ കലര്‍ന്ന ഉപ്പ് ജനങ്ങളിലെത്തിക്കുന്നതിലൂടെ തൈറോക്‌സിന്റെ പ്രവര്‍ത്തനം സുഗമമാക്കാം. കാലേകൂട്ടി വേണ്ടത് ചെയ്താല്‍ ഗുരുതരമായ തലച്ചോര്‍ തകരാറുകള്‍ (അയഡിന്‍ ഡഫിഷ്യന്‍സി ഡിസോര്‍ഡര്‍) പരിഹരിക്കാനാവുമെന്നും ഡോ. കൊച്ചുപിള്ള പ്രചരിപ്പിച്ചു.
കൊച്ചുപിള്ളയും സഹപ്രവര്‍ത്തകരും നടത്തിയ അയഡിന്‍ ഉപ്പ് പ്രചാരണത്തെ വിമര്‍ശിക്കാനും അന്ന് ചിലരുണ്ടായിരുന്നു. അയഡിന്‍ കുറവ് ഇല്ലാത്തവര്‍ക്ക് അത്തരം ഉപ്പ് നല്‍കിയാല്‍ അവരുടെ ശരീരത്തില്‍ ദോഷഫലങ്ങളുണ്ടാവുമെന്ന് അവര്‍ വാദിച്ചു. ബഹുരാഷ്‌ട്ര കുത്തകകളെ സഹായിക്കാനുള്ള നീക്കമെന്ന് മറ്റ് ചിലര്‍ ആരോപിച്ചു. പക്ഷേ തന്റെ ലക്ഷ്യം വ്യക്തമായറിയാവുന്ന കൊച്ചുപിള്ള കുലുങ്ങിയില്ല. 1992ല്‍ അയഡിന്‍ ഉപ്പില്‍ കലര്‍ത്തുന്നത് (ഫോര്‍ട്ടിഫിക്കേഷന്‍)സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി. തുടര്‍ന്ന് 2011 ല്‍ സാര്‍വത്രിക അയഡിന്‍വല്‍ക്കരണത്തിന് സുപ്രീംകോടതിയും ഉത്തരവിട്ടു. അയഡിന്‍ കലര്‍ന്ന ഉപ്പ് ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയത് ‘ടാറ്റ സോള്‍ട്ട്’ ആയിരുന്നു. ഇന്ന് രാജ്യത്തെ ജനസംഖ്യയില്‍ 92 ശതമാനവും അയഡിന്‍ ചേര്‍ന്ന ഉപ്പ് ഉപയോഗിക്കുന്നു. അമേരിക്കയില്‍ ഈ ഏര്‍പ്പാട് നിരവധി വര്‍ഷങ്ങള്‍ക്കു മുന്നേ ആരംഭിച്ചിരുന്നു.
തൈറോയ്ഡ് ചികിത്സാരംഗത്ത് ലോകപ്രശസ്ത ചികിത്സകനായ ഡോ. കൊച്ചുപിള്ള ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എന്‍ഡോ ക്രൈനോളജി വിഭാഗം മേധാവിയായി നെടുനാള്‍ സേവനമനുഷ്ഠിച്ചു.
ആരോഗ്യ രംഗത്തിന് സമര്‍പ്പിച്ച കനത്ത സംഭാവനകള്‍ പരിഗണിച്ച് റാന്‍ബാക്‌സി അവാര്‍ഡും ന്യൂയോര്‍ക്കിലെ സോളമന്‍ എബേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ ഫെലോഷിപ്പും കൊച്ചുപിള്ളയെ തേടിയെത്തി. ഭാരത സര്‍ക്കാരിന്റെ ദേശീയ പുരസ്‌കാരമായ ബി.സി. റോയ് പുരസ്‌കാരം, ബാസന്തി ദേവി മര്‍ച്ചന്റ് സമ്മാനം എന്നിവ നേടിയ ഈ ഗവേഷകന് 2003ല്‍ പദ്മശ്രീയും ലഭിച്ചു. നൊബേല്‍ പുരസ്‌കാര ജേതാവായിരുന്ന റൊസാലിന്‍ എസ് യാലോയുടെ വിദ്യാര്‍ത്ഥിയായി ഉപരിപഠനത്തിന് ഭാഗ്യം സിദ്ധിച്ച ഡോ. കൊച്ചുപിള്ള നേച്ചര്‍, ലാന്‍സെറ്റ്, ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ തുടങ്ങിയ ജേര്‍ണലുകളില്‍ കുറിച്ച ഗവേഷണ കുറിപ്പുകള്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി.
ആലപ്പുഴ ബോട്ട് ജെട്ടിയില്‍ പോപ്പുലര്‍ ബേക്കറി ഉടമ പരേതനായ നാരായണപ്പണിക്കരുടെയും പത്മാവതിയുടെയും മകനായി 1939 ഫെബ്രുവരി 10ന് ജനിച്ച കൊച്ചുപിള്ള നാട്ടിലെ സാധാരണ സ്‌കൂളുകളില്‍ തികച്ചും സാധാരണക്കാരനായാണ് പഠിച്ചത്. ഡിഗ്രി നേടിയത് യൂണിവേഴ്‌സിറ്റി കോളജില്‍നിന്നും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മനസ്സ് എന്നും സാധാരണക്കാര്‍ക്കൊപ്പമായിരുന്നു. സമൂഹത്തിന്റെ താഴെ തലത്തിലുള്ള ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയെന്നത് അതുകൊണ്ടുതന്നെ എന്നും അദ്ദേഹത്തിന്റെ മുഖ്യ അജണ്ടയായിരുന്നു. ഡോ.കൊച്ചുപിള്ളയുടെ വിടവാങ്ങലിലൂടെ തലയെടുപ്പുള്ള ഒരു മലയാളി ശാസ്ത്രജ്ഞനാണ് ഓര്‍മയാവുന്നത്.
ഇഫ്‌കോയുടെ നാനോ വളം
കാര്‍ഷിക രംഗത്ത് വന്‍കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന മറ്റൊരു നേട്ടം കൂടി ഭാരതം കയ്യടക്കിയിരിക്കുന്നു. നാനോ-ഡിഎപി അഥവാ നാനോ ഡൈ അമോണിയം ഫോസ്‌ഫേറ്റ്. അന്‍പത് കിലോ ചാക്കില്‍ വാങ്ങുന്ന പരമ്പരാഗത ഡൈ അമോണിയം ഫോസ്‌ഫേറ്റിനു പകരം അരലിറ്ററിന്റെ കുപ്പിയില്‍ നാനോ ഡിഎപി വരുന്നു. സബ്‌സിഡി കൂടാതെ ഒരു കുപ്പി വളത്തിന് ഏകദേശം 600 രൂപ വരുമ്പോള്‍ ഇതേ അളവ് പോഷകം തരുന്ന 50 കിലോ ചാക്കിന് സബ്‌സിഡി അടക്കം 1350 രൂപ വിലവരുമത്രേ. വില തുച്ഛം; ഗുണം മെച്ചം. കാര്‍ഷികരംഗത്തെ അതികായനായ ഇഫ്‌കോ എന്ന സഹകരണ സ്ഥാപനമാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.
പരമ്പരാഗത ഡൈ അമോണിയം ഫോസ്‌ഫേറ്റ് ചാക്കില്‍ 18 ശതമാനം നൈട്രജനും 46 ശതമാനം ഫോസ്ഫറസും ഉള്ളപ്പോള്‍ അരലിറ്റര്‍ നാനോ കുപ്പിയില്‍ എട്ട് ശതമാനം നൈട്രജനും 16 ശതമാനം ഫോസ്ഫറസുമാണ് അടങ്ങിയിരിക്കുന്നത്. ഉയര്‍ന്ന വിള, വര്‍ധിച്ച വരുമാനം, ഭക്ഷണ ഗുണമേന്മയിലെ വര്‍ധന. കടത്ത് കൂലിയിലെ കുറവ്, പണിക്കുറവ് തുടങ്ങി ഒരുപാട് മെച്ചങ്ങളാണ് നാനോ വളം നല്‍കുന്നതത്രേ. സൂക്ഷ്മപോഷകങ്ങള്‍ നേരിട്ട് സസ്യങ്ങളിലെത്തിക്കുന്നതിലും നാനോ വളത്തിന് കഴിവ് ഏറും. ഗുജറാത്തിലെ കണ്ട്‌ല, ഒഡീസയിലെ പാരദ്വീപ് എന്നിവിടങ്ങളിലാണ് നാനോ ഡിഎപി നിര്‍മിക്കാനുള്ള ഇഫ്‌കോ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: