കോട്ടയം: നാലാം ക്ളാസുകാര്‍ക്കുള്ള എല്‍.എസ്.എസ് സ്കോളര്‍ഷിപ്പ് പരീക്ഷയും ഏഴാം ക്ളാസുകാര്‍ക്കുള്ള യു.എസ്.എസ് സ്കോളര്‍ഷിപ്പ് പരീക്ഷയും പ്രഹസനമാക്കുന്നതായി ആക്ഷേപം. ഒരു രക്ഷിതാവായ അബൂ ഹനീന് പറയുന്നത് ഇതാണ്: അദ്ദേഹത്തിന്റെ മകള്‍ ഇപ്പോള്‍ പ്ലസ് ടു ക്ലാസിലാണ് പഠിക്കുന്നത്. താഴ്ന്ന ക്ളാസില്‍ ലഭിച്ച സ്കോളര്‍ഷിപ്പ് തുക ഇനിയും പൂണ്ണമായി ലഭിച്ചിട്ടില്ല. ഒരു വര്‍ഷം മുടങ്ങാതെ ലഭിച്ചു. ഇതുപോലെ സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വര്‍ഷങ്ങളായി തുക കൊടുക്കുന്നില്ല. കുട്ടികളുടെയും രക്ഷിതാക്കളുടെയും കണ്ണില്‍ പൊടിയിടാന്‍ ഇടയ്ക്കിടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശേഖരിക്കും. ഇതു മാത്രമാണ് വര്‍ഷംതോറും ചെയ്യുന്നത്. തുക ഉടന്‍ അനുവദിക്കുമെന്ന് തോന്നിപ്പിക്കാനാണിത്. വിദ്യാര്‍ത്ഥികളുടെയും സ്കൂളിന്റെയും അക്കാദമിക നിലവാരം വിലയിരുത്തുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയെ ഇങ്ങനെ അവഹേളിക്കരുത്. ബാലാവകാശ കമ്മിഷന് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഇടപെടാറുണ്ടെങ്കിലും സ്കോളര്‍ഷിപ്പ് കാര്യത്തില്‍ ഇടപെട്ടുകാണുന്നില്ല. തുക കൃത്യമായി വിതരണം ചെയ്ത് പരീക്ഷയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: