ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ പുനരുപയോഗ ബഹിരാകാശ വിക്ഷേപണ വാഹനം (റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍-ആര്‍എല്‍വി എല്‍ഇഎക്സ് 02) പുഷ്പകിന്റെ ലാന്‍ഡിങ് പരീക്ഷണം വിജയം. കര്‍ണാടക ചിത്രദുര്‍ഗ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ ഇന്നലെ രാവിലെ 7.10നായിരുന്നു പരീക്ഷണം.
വ്യോമ സേനയുടെ ചിനൂക്ക് ഹെലിക്കോപ്റ്ററില്‍ 4.5 കിലോമീറ്റര്‍ ഉയരെ ആര്‍എല്‍വി പുഷ്പക് എത്തിച്ച് താഴേക്കിട്ടു. റണ്‍വേയില്‍ നിന്ന് നാലു കിലോമീറ്റര്‍ ഉയരെ പുഷ്പക് സ്വയം നിയന്ത്രണമേറ്റെടുത്തു. ബ്രേക്ക് പാരച്യൂട്ട്, ലാന്‍ഡിങ് ഗിയര്‍ ബ്രേക്ക്, നോസ് വീല്‍ സ്റ്റിയറിങ് സംവിധാനം എന്നിവ ഉപയോഗിച്ച് കൃത്യമായി റണ്‍വേയില്‍ ഇറങ്ങി.
പുഷ്പകിന്റെ വിജയകരമായ രണ്ടാമത്തെ ലാന്‍ഡിങ് പരീക്ഷണമായിരുന്നു ഇന്നലെ. കഴിഞ്ഞ ഏപ്രിലിലായിരുന്നു ആദ്യ പരീക്ഷണം. ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായാണ് കുറഞ്ഞ ചെലവില്‍ റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ വികസിപ്പിച്ചത്. ഏറ്റവും മികച്ച രീതിയില്‍ ബഹിരാകാശ ദൗത്യത്തിനു ഭാരതം നിര്‍മിച്ചതാണ് പുഷ്പക്. ഭാവിയില്‍ ഭാരത ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിരിക്കും ഇവ. ഭൂമിയിലേക്കു സുരക്ഷിതമായി തിരിച്ചെത്താനുള്ള അത്യാധുനിക സാങ്കേതികതയും ഈ ബഹിരാകാശ പേടകത്തിനുണ്ട്, ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് അറിയിച്ചു.
ആര്‍എല്‍വി സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ഐഎസ്ആര്‍ഒ ശ്രമങ്ങളുടെ വലിയ മുന്നേറ്റമാണിത്. ഗതിനിര്‍ണയ, നിയന്ത്രണ സംവിധാനങ്ങള്‍, ലാന്‍ഡിങ് ഗിയര്‍ ഉള്‍പ്പെടെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കാര്യക്ഷമതയും ഇന്നലെ വീണ്ടും പരിശോധിച്ചു. വ്യോമ സേനയുടെയും മറ്റും പിന്തുണയോടെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍, ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് എന്നിവ ചേര്‍ന്നായിരുന്നു പരീക്ഷണം.
വിഎസ്എസ്സി അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സിസ്റ്റംസ് പ്രോഗ്രാം ഡയറക്ടര്‍ പി. സുനിലാണ് ആര്‍എല്‍വി പുഷ്പകിന്റെ പരീക്ഷണത്തിനു നേതൃത്വം നല്‍കിയത്. ആര്‍എല്‍വി പ്രോജക്ട് ഡയറക്ടര്‍ ജെ. മുത്തുപാണ്ഡ്യനായിരുന്നു മിഷന് ഡയറക്ടര്‍. ആര്‍എല്‍വി ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ബി. കാര്‍ത്തിക് ആണ് ദൗത്യത്തിന്റെ വെഹിക്കിള്‍ ഡയറക്ടര്‍. ദൗത്യത്തിനു നേതൃത്വം നല്കിയ സംഘത്തെ എസ്. സോമനാഥ് അഭിനന്ദിച്ചു.
തുടര്‍ച്ചയായുള്ള ഈ വിജയങ്ങളിലൂടെ ഐഎസ്ആര്‍ഒ ടെര്‍മിനല്‍ ഫേസ് മാന്യുവറിങ്, ലാന്‍ഡിങ്, എനര്‍ജി മാനേജ്മെന്റ് എന്നിവയില്‍ സ്വയംപര്യാപ്തത നേടി. ഭാവിയില്‍ ഓര്‍ബിറ്റര്‍ റി-എന്‍ട്രി ദൗത്യങ്ങളില്‍ ഇതിനു വലിയ പ്രാധാന്യമുണ്ടെന്നും വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. ഉണ്ണിക്കൃഷ്ണന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: