കാലടി: ഡോ. കെ.കെ. ഗീതാകുമാരി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റു. നിലവില്‍ കാലിക്കറ്റ് സര്‍വകലാശാല സംസ്കൃത വിഭാഗം പ്രൊഫസറാണ്. കാലടി മുഖ്യകേന്ദ്രത്തിലെ ഭരണനിര്‍വഹണ സമുച്ചയത്തില്‍ രജിസ്ട്രാര്‍ ഡോ. പി. ഉണ്ണികൃഷ്ണന് ബൊക്കെ നല്കി ഗീതാകുമാരിയെ സ്വീകരിച്ചു. ഫിനാന്‍സ് ഓഫീസര്‍ ശ്രീകാന്ത് എസ്. സന്നിഹിതനായിരുന്നു.
സര്‍വകലാശാലയുടെ സംസ്കൃതം സാഹിത്യ വിഭാഗത്തില്‍ 1994ല്‍ ലക്ചററായി ഔദ്യോഗിക ജീവിതമാരംഭിച്ച പ്രൊഫ. ഗീതാകുമാരി, സര്‍വകലാശാലയുടെ തിരൂര്‍ പ്രാദേശിക ക്യാമ്പസിലെ അധ്യാപികയായിരുന്നു. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയുടെ സംസ്കൃത വിഭാഗത്തില്‍ 2004ല്‍ റീഡറായി സര്‍വീസില്‍ പ്രവേശിച്ചു. 30 വര്‍ഷത്തെ അദ്ധ്യാപന പരിചയമുണ്ട്.
ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയില്‍ നിന്നു സംസ്കൃതത്തില്‍ ഡോക്ടറേറ്റ് നേടി. സംസ്കൃതസാഹിത്യം, സംസ്കൃതം വ്യാകരണം, പുരാണേതിഹാസം, ഇംഗ്ലീഷ്, ഫിലോസഫി, ഭാഷാശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദവും ബിഎഡ്, എംഫില്‍, ഡിപ്ലോമ ഇന്‍ പ്രാകൃത് എന്നിവയും നേടിയിട്ടുണ്ട്. കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വകലാശാലകളില്‍ ഡോക്ടറല്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെ ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ വിഭാഗം ഡീനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: