കൊച്ചി: മലപ്പുറം താനൂര്‍ തൂവല്‍തീരം ബീച്ചില്‍ 2023 മെയ് ഏഴിന് ഉണ്ടായ ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനന് കമ്മിഷന്റെ ആദ്യ വിചാരണ 27ന് രാവിലെ 11ന് തിരൂര്‍ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജസ്റ്റിസ് വി.കെ. മോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്മിഷന്റ ആദ്യ സിറ്റിങ്ങിന്റെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളില്‍ നിന്നു ബോട്ടപകടം സംബന്ധിച്ച അഭിപ്രായങ്ങളും ആക്ഷേപണങ്ങളും ക്ഷണിച്ചുകൊണ്ട് പത്രപരസ്യം നല്‍കിയിട്ട് വേണ്ടത്ര പ്രതികരണങ്ങള്‍ കമ്മിഷന് ലഭിച്ചില്ല. തുടര്‍ന്ന് ഈ വിഷയത്തില്‍ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട 56 സ്ഥാപനങ്ങള്‍ക്കും മറ്റും അവരുടെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് കത്തുകള്‍ നല്‍കിയിട്ടും ഇവരുടെ ഭാഗത്തുനിന്നു പ്രതികരണങ്ങള്‍ കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് ഇനിയും അന്വേഷണം നീട്ടിക്കൊണ്ടുപോകാതിരിക്കാന്‍ വേണ്ടി ആദ്യ വിചാരണ 27ന് വിളിച്ചതെന്ന് കമ്മിഷന് ചെയര്മാന് വ്യക്തമാക്കി.
കമ്മിഷന് അയച്ച കത്തുകളോട് പ്രതികരിച്ച എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടാതെ ഈ ദുരന്തവുമായി ബന്ധപ്പെട്ട താനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ പ്രഥമദൃഷ്ട്യാ പ്രതികളായി ചേര്‍ത്തിട്ടുള്ള മുഴുവന്‍ വ്യക്തികള്‍ക്കും വിചാരണയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍, ബോട്ടപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങളും വീഴ്ച്ചകളുമാണ് അന്വേഷിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കമ്മിഷന് അംഗങ്ങളായ എസ്. സുരേഷ്കുമാര്‍, ഡോ .കെ.പി. നാരായണന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: