നിരവധി പ്രത്യേകതകള്‍ കൊണ്ട് സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ ലോക്സഭ മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഒരു വനിത കൂടി എത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. മലയോര ജനതയെ ബാധിക്കുന്ന നിരവധി വിഷയങ്ങളിലും ഈ തെരഞ്ഞെടുപ്പില്‍ ചൂടേറിയ ചര്‍ച്ചയാണ്. ജില്ലയില്‍ റോഡ്, കുടിവെള്ളം, ആശുപത്രി, ടൂറിസം അടക്കമുള്ള പ്രധാന വിഷയങ്ങളില്‍ ലഭിച്ച കേന്ദ്രസഹായവും വലിയ ചര്ച്ചയയാണ്. എന്‍ഡിഎയ്ക്ക് വേണ്ടി ഇത്തവണയും ബിഡിജെഎസ് പ്രതിനിധിയാണ് മത്സര രംഗത്ത്.
അല്പം വൈകിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി അഡ്വ. സംഗീത വിശ്വനാഥ് എത്തിയതെങ്കിലും തൊടുപുഴയില്‍ അവര്‍ക്ക് ലഭിച്ചത് വലിയ സ്വീകരണമാണ്. ആയിരങ്ങളാണ് റോഡ് ഷോയില്‍ അണിനിരന്നത്. സംസ്ഥാനത്തെ ഏറ്റവും വലിപ്പമേറിയ ലോക്സഭ മണ്ഡലത്തിലെ എല്ലാ സ്ഥലങ്ങളിലും ഓടി എത്താനുള്ള ശ്രമത്തിലാണ് എല്ലാ സ്ഥാനാര്‍ത്ഥികളും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ജോയ്സ് ജോര്‍ജും യുഡിഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ഡീന്‍ കുര്യാക്കോസും മൂന്നാം വട്ടമാണ് പരസ്പരം മത്സരിക്കുന്നത്.
ഏറ്റുമുട്ടിയ രണ്ട് തവണയും ഓരോ തവണ വീതം ഇരുവരും വിജയം കൈപ്പിടിയിലാക്കി. 2014ലെ തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോയ്സ് ജോര്‍ജ് അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീന്‍ കുര്യാക്കോസിനെ 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
അന്ന് കത്തിനിന്ന ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് എതിരായ പ്രതിഷേധങ്ങളില്‍ ഹൈറേഞ്ച് സംരക്ഷണസമിതിക്കൊപ്പം നിന്ന ജോയ്സ് ജോര്‍ജ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വരികയായിരുന്നു. എന്നാല്‍ 2019ല്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഡീന്‍ കുര്യാക്കോസിനായിരുന്നു വിജയം. 1,71,053 വോട്ടിന്റെ ഇടുക്കിയുടെ ചരിത്രത്തിലെ തന്നെ വലിയ ഭൂരിപക്ഷത്തിലായിരുന്നു ആ വിജയം.
ഇത്തവണ വീണ്ടും ജോയിസ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. മുമ്പ് രണ്ട് തവണയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് ജോയ്സ് മത്സരിച്ചതെങ്കില്‍ ഇത്തവണ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് അങ്കം.
ഇടുക്കിയിലെ ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും എല്‍ഡിഎഫിന്റെ കൈയിലാണ്. യുഡിഎഫ് അക്കൗണ്ടില്‍ തൊടുപുഴയും മൂവാറ്റുപുഴയും മാത്രം. അതേസമയം, നിയമസഭാ മണ്ഡലകളില്‍ എല്‍ഡിഎഫിനുള്ള മേല്‍ക്കൈ പലപ്പോഴും ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാകാറില്ല എന്നതാണ് ചരിത്രം. തമിഴ് ജനതയ്ക്ക് വലിയ സ്വാധീനമുള്ള ദേവികുളം, പീരുമേട് പോലുള്ള മണ്ഡലങ്ങളും വോട്ടെടുപ്പില്‍ നിര്‍ണ്ണായകമാകും.
മലയോര മേഖലകളില്‍ കുടിവെള്ള ക്ഷാമം വലിയ പ്രശ്നമാണ്. ജല്‍ജീവന്‍ പദ്ധതി പ്രകാരം കോടികള്‍ കേന്ദ്രം നല്‍കിയെങ്കിലും പലയിടത്തും ഇതിന്റെ ജോലികള്‍ കെടുകാര്യസ്ഥത മൂലം ഇഴഞ്ഞ് നീങ്ങുകയാണ്. അനുദിനം വര്‍ധിക്കുന്ന വന്യമൃഗ ശല്യവും ഒരിക്കലും തീരാത്ത നിര്‍മാണ നിരോധനമടക്കമുള്ള ഭൂപ്രശ്നങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഇടുക്കിയിലെ ജനത ഇത്തവണ മാറ്റത്തിനായി വോട്ട് ചെയ്യുമെന്നും ഇത്തവണ വിജയം സുനിശ്ചിതമാണെന്നും സംഗീത വിശ്വനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: