ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റുചെയ്ത ബിആര്‍എസ് നേതാവ് കെ. കവിതയുടെ ജാമ്യഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. വിചാരണക്കോടതിയെ സമീപിക്കാന്‍ കവിതയ്ക്ക് നിര്‍ദേശം നല്കി. പൊതുനയം പിന്തുടരേണ്ടതുണ്ടെന്നും രാഷ്ട്രീയക്കാരായതുകൊണ്ടും നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിവുള്ളതുകൊണ്ടും മാത്രം ഇത്തരത്തിലുള്ള ഹര്‍ജികള്‍ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ വിചാരണക്കോടതി ജാമ്യഹര്‍ജി പെട്ടെന്നു പരിഗണിക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എം.എം. സുന്ദ്രേഷ്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതിനു പിന്നാലെ അറസ്റ്റിനെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നല്കിയ ഹര്‍ജിയും പിന്‍വലിച്ചു. മദ്യനയ അഴിമതിക്കേസില്‍ കഴിഞ്ഞ ദിവസമാണ് ബിആര്‍എസ് നേതാവും തെലങ്കാന മുന്‍മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകളുമായ കെ. കവിതയെ ഇഡി അറസ്റ്റു ചെയ്തത്.
ഇവരെ കോടതി ഏഴു ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. കവിതയ്ക്കെതിരെ സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും ഉണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. മദ്യനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായും അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും നൂറു കോടി രൂപ ഇവര്‍ക്ക് കൈമാറിയെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: