ആലപ്പുഴ: കൊവിഡ്, നിപ പോലുള്ള രോഗ പ്രതിരോധത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഗ്യാരന്റിയാണ് ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്. ഈ മാസമാണ് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് കേരളഘടകം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇടുങ്ങിയ മുറികളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍സ്റ്റിറ്റിയൂട്ട് പുന്നപ്ര കുറവന്തോട് ജങ്ഷനു പടിഞ്ഞാറുള്ള കെട്ടിടത്തിലേക്ക് 2022 നവംബറില്‍ മാറ്റിയിരുന്നു.
2006 ലാണ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനം തുടങ്ങിയത്. യൂണിറ്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി പുരോഗമിക്കുന്നു. നിലവില്‍ സ്രവപരിശോധന നടത്തി മുന്‍കരുതലെടുക്കാന്‍ കഴിയും. എന്നാല്‍ നിപ അടക്കം ഗുരുതര വൈറസ് പരിശോധനയ്ക്ക് സജ്ജമെങ്കിലും പരിശോധനാഫലം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ അനുമതിയില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മാനദണ്ഡമാണ് തടസം.
ബയോ സേഫ്റ്റി ലെവല്‍ രണ്ടില്‍ നിന്ന് ബിഎസ്എല്‍ മൂന്നിലേക്ക്ഉയര്ന്നെങ്കിലേ പരിശോധനാഫലം ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാവൂവെന്നാണ് മാനദണ്ഡം. നിലവില്‍ രോഗനിര്‍ണയത്തിന് സ്രവം പുനെയിലോ മണിപ്പാലിലോ അയച്ച് ഫലത്തിനായി ഒരു ദിവസം കാത്തിരിക്കണം. ഇതിന് പരിഹാരമായി നാലു മാസത്തിനുള്ളില്‍ ബിഎസ്എല്‍ മൂന്ന് നിലവാരത്തിലേക്കുയരാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 10 കോടിരൂപ വിനിയോഗിച്ച് നിലവിലെ ലാബിന്റെ സൗകര്യം വര്‍ധിപ്പിച്ച് ബയോസേഫ്റ്റി ലെവല്‍ മൂന്നിലേക്ക് ഉയര്‍ത്താനുള്ള പ്രവൃത്തി പുരോഗമിക്കുന്നു.
നിലവില്‍ പ്രതിദിനം 1000 സാമ്പിളുകളും ഒരേസമയം 100 ഓളം നിപാ സാമ്പിളുകളും പരിശോധിക്കാം. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയാണ് നിപാ സ്ഥിരീകരിക്കാനുള്ള റിയല്‍ ടൈം ആര്‍ടിപിസിആര്‍ പരിശോധനക്ക് വേണ്ടത്. ഇവിടെ പരിശോധന ആരംഭിച്ചാല്‍ 12 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. നിലവില്‍ ബിഎസ്എല്‍ രണ്ട് പ്ലസ് നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ടില്‍ അണുനശീകരണ സംവിധാനത്തോടെയുള്ള ശീതീകരണ മുറികളാണ് ഒരുക്കിയിരിക്കുന്നത്. പകര്‍ച്ചവ്യാധികളെക്കുറിച്ചും, മറ്റു വൈറസുകളെക്കുറിച്ചും വേഗത്തിലും ആഴത്തിലുമുള്ള ഗവേഷണം നടത്താനും ലാബിന് കഴിയുമെന്നതാണ് പ്രത്യേകത. ബയോസേഫ്റ്റി ലെവല്‍ മൂന്നിലേക്ക് ലാബിന്റെ നിലവാരം ഉയരുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഏറെ ഗുണകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: