ചെന്നൈ:കരുത്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കി തമിഴ്നാട്ടില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ഈ തന്ത്രത്തിന് ഉദാഹരണമാണ് കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയായി പരിചയസമ്പന്നനായ, രണ്ട് തവണ കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണന്‍ വീണ്ടുമെത്തുന്നത്.
ഒമ്പത് തവണ ലോക് സഭയിലേക്ക് മത്സരിച്ച പൊന്‍ രാധാകൃഷ്ണനെ അറിയാത്ത ആരും കന്യാകുമാരിയിലും നാഗര്‍ കോവിലിലും വിശേഷിച്ചും തമിഴ്നാട്ടില്‍ പൊതുവേയും ഉണ്ടാവില്ല. അദ്ദേഹം അഞ്ച് തവണ നാഗര്‍കോവിലില്‍ നിന്നും മത്സരിച്ചപ്പോള്‍ നാല് തവണ കന്യാകുമാരിയില്‍ നിന്നും മത്സരിച്ചു. 1991,1996,1998 ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം നാഗര്‍കോവിലില്‍ പരാജയപ്പെട്ടു. പക്ഷെ 1999ല്‍ അദ്ദേഹം നാഗര്‍കോവിലില്‍ വിജയിച്ചു. ഏകദേശം 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ അദ്ദേഹം അവിടെ 1999ല്‍ നേടിയിരുന്നു. അന്ന് വാജ്പേയി സര്‍ക്കാരില്‍ യുവജനക്ഷേമത്തിനുള്ള കേന്ദ്രസഹമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷെ 2004ല്‍ നാഗര്‍ കോവിലില്‍ തോറ്റു.
അതുപോലെ കന്യാകുമാരിയില്‍ 2009,2014, 2019, 2021 വര്‍ഷങ്ങളില്‍ മത്സരിച്ചു. അതില്‍ 2014ല്‍ അദ്ദേഹം വിജയിച്ചെന്നു മാത്രമല്ല, വീണ്ടും കേന്ദ്രമന്ത്രിയായി. 2014 മുതല്‍ 2019 വരെ ഒന്നാം മോദി മന്ത്രിസഭയില്‍ ഷിപ്പിംഗ്, ധനകാര്യം എന്നീ വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയായിരുന്നു പൊന്‍രാധാകൃഷ്ണന്‍. പക്ഷെ 2019ല്‍ എച്ച്. വസന്ത് കുമാറിനോട് പരാജയപ്പെട്ടു. 2021ല്‍ വസന്ത് കുമാറിന്റെ നിര്യാണത്തെതുടര്‍ന്ന് വീണ്ടും കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പൊന്‍രാധാകൃഷ്ണന്‍ വസന്തകുമാറിന്റെ ഭാര്യയോട് പരാജയപ്പെട്ടെങ്കിലും തന്റെ വോട്ട് നിലയില്‍ 4 ശതമാനം പുരോഗതി നേടിയിരുന്നു. വസന്ത് കുമാറിന്റെ ഭാര്യയ്‌ക്കാകട്ടെ വോട്ട് നിലയില്‍ 7 ശതമാനം കുറവുണ്ടായി. സഹതാപതരംഗം ഉണ്ടായിട്ടും വസന്ത് കുമാറിന്റെ ഭാര്യയുടെ വോട്ട് നിലയില്‍ കുറവ് വരുത്താന്‍ കഴിഞ്ഞുവെന്നത് പൊന്‍രാധാകൃഷ്ണന്റെ ജനപ്രീതിയുടെ ഉദാഹരണമാണ്.
ഇക്കുറി മോദിയുടെ തിളക്കമാര്‍ന്ന വ്യക്തിപ്രഭാവവും അണ്ണാമലൈയുടെ നേതൃത്വത്തില്‍ ഡിഎംകെ അഴിമതികള്‍ക്കെതിരെ നടന്ന പോരാട്ടവും വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് ബിജെപി. അതുകൊണ്ട് തന്നെ പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരി തിരിച്ചുപിടിക്കുമെന്ന പ്രതീതി ബിജെപി ക്യാമ്പിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: