ബെംഗളൂരു: ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലര കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടു. പേടകം സ്വയം ദിശ മാറ്റി ലാൻഡ് ചെയ്തു.
കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത്. അന്ന് നേരെ റൺവേയുടെ ദിശയിലേക്കാണ് പേടകത്തെ ഇട്ടത്, ഇത്തവണ അൽപ്പം വശത്തേക്ക് മാറിയാണ് പേടകത്തെ താഴേക്കിട്ടത്. ദിശാ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനായിരുന്നു ഈ മാറ്റം. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാം. അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാൻഡിങ് പരീക്ഷണങ്ങള്‍.
പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തതാണ് ആർഎൽവി. രൂപകൽപന, ഡവലപ്െമന്റ്, മിഷൻ, സ്ട്രക്ചർ, ഏവിയോണിക്‌സ് തുടങ്ങിയ ഘടകങ്ങളെല്ലാം വിഎസ്എസ്‌സിയിലാണ് തയാറാക്കിയത്. ഇസ്‌റോയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളെല്ലാം പ്രധാന ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. എല്ലാ ഘടകങ്ങളും നിർമിച്ചതും ഇന്ത്യയിലെ സ്ഥാപനങ്ങളിലാണ്. വിമാനത്തിന്റെ മാതൃകയിൽ ചിറകുള്ള റോക്കറ്റ് സംവിധാനമാണ് ഇന്ത്യ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ബൂസ്റ്റർ റോക്കറ്റുകൾ ഉപയോഗിച്ച് വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ്പോലെ വിക്ഷേപിക്കാനും ബഹിരാകാശത്ത് ഉപഗ്രഹം കൃത്യസ്ഥലത്ത് എത്തിച്ച ശേഷം തിരിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്താനും സാധിക്കും. വാഹനം വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാം.
ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചശേഷം തിരിച്ചിറക്കാൻ കഴിയുന്ന വാഹനം ഇന്ത്യയ്‌ക്കില്ല. ഇങ്ങനെ പുനരുപയോഗ വിക്ഷേപണ വാഹനങ്ങൾ രംഗത്തെത്തുന്നത് ഉപഗ്രഹവിക്ഷേപണത്തിന്റെ ചെലവ് കാര്യമായി കുറയ്‌ക്കും. നിലവിൽ 160 കോടി രൂപയാണ് വിക്ഷേപണ വാഹനത്തിന് ചെലവ് വരുന്നത്. വിക്ഷേപണത്തിന് ശേഷം ഇവ കടലിൽ വീഴുകയോ, അന്തരീക്ഷത്തിൽ വച്ച് കത്തിയമരുകയോ ചെയ്യും. എന്നാൽ, ആർഎൽവി-ടിഡി വരുന്നതോടെ, വാഹനം വീണ്ടുമുപയോഗിക്കാമെന്നതിനാൽ ഇന്ധന ചെലവ് മാത്രം നോക്കിയാൽ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: