അലിഗഡ് : ഹോളി ആഘോഷത്തെച്ചൊല്ലി രണ്ട് കൂട്ടം വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് അലിഗഡ് മുസ്ലീം സർവകലാശാല കാമ്പസിൽ വ്യാഴാഴ്ച വൈകുന്നേരം സുരക്ഷ ശക്തമാക്കി. അലിഗഡ് പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
ഹോളി ആഘോഷ ദിവസം ഉച്ചകഴിഞ്ഞ് സക്കീർ ഹുസൈൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോമ്പൗണ്ടിന് സമീപം ചില യുവാക്കൾ നിറങ്ങൾ ഉപയോഗിച്ച് ഹോളി ആഘോഷിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. വിദ്യാർത്ഥികൾ ഹോളി ആഘോഷിക്കുന്നത് കണ്ടെത്തിയ ചില വിദ്യാർത്ഥികൾ ഇത് ചോദ്യം ചെയ്യുകയും വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.
തുടർന്ന് സ്ഥിതി വഷളാകുന്നതിന് മുമ്പ് മുതിർന്ന സർവകലാശാല ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
തുടർന്ന് വൈകുന്നേരത്തോടെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി അദിത് പർതപ് സിംഗ് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകി. തന്നെ ആക്രമിച്ച 10 വിദ്യാർത്ഥികളുടെ പേരുകൾ സിംഗ് തന്റെ പരാതിയിൽ വ്യക്‌തമാക്കി.
അതേ സമയം കാമ്പസിൽ എല്ലാ ഉത്സവങ്ങളും ആഘോഷിക്കാൻ സമ്പൂർണ സ്വാതന്ത്ര്യം ഉണ്ടെന്നും എല്ലാ വർഷവും എല്ലാ സമുദായങ്ങളിലെയും വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ ഹോളി ആഘോഷിക്കാറുണ്ടെന്നും എഎംയു പ്രോക്ടർ മൊഹമ്മദ് വസീം അലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: