ന്യൂഡൽഹി: ഫെസ്റ്റിവൽ സീസണോടനുബന്ധിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ. തിരക്ക് നിയന്ത്രിക്കുന്നതിനായി 540-ൽ അധികം സർവീസുകളാണ് റെയിൽവേ പുതിയതായി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന ഇടങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് സർവീസുകൾ സജ്ജമാക്കിയിരിക്കുന്നത്.
ഡൽഹി- പട്‌ന, ഡൽഹി- ഭഗൽപൂർ, ഡൽഹി-മുസാഫർപൂർ, ഡൽഹി-സഹർസ, ഗോരഖ്പൂർ- മുംബൈ, കൊൽക്കത്ത-പുരി, ഗുവാഹത്തി- റാഞ്ചി, ന്യൂഡൽഹി- ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര, ജയ്‌പൂർ- ബാന്ദ്ര ടെർമിനസ്, പൂനെ- ദാനാപൂർ, ദുർഗ്-പട്‌ന, ബറൗനി-സൂറത്ത് എന്നീ റൂട്ടുകളിലാണ് സർവീസ് ലഭ്യമാകുകയെന്ന് റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇവയിൽ സെൻട്രൽ റെയിൽവേ 88 ട്രെയിൻ സർവീസുകളും ഈസ്റ്റ് സെൻട്രൽ റെയിൽവേ 79 ട്രെയിൻ സർവീസുകളും നോർത്തേൺ റെയിൽവേ 93 സർവീസുകളും നടത്തുന്നുണ്ട്.
യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി ഈ ദിവസങ്ങളിൽ പ്രധാന സ്റ്റേഷനുകളിലെല്ലാം തന്നെ കൂടുതൽ ആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. യാത്ര സൗകര്യം കൂടുതൽ സുഗമമാക്കുന്നതിനായി പ്ലാറ്റ്‌ഫോം നമ്പറുകൾ ഉൾപ്പെടെ ട്രെയിൻ എത്തുന്നതും പോകുന്നതുമായ അറിയിപ്പുകളും നൽകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: