നർത്തകരുടെ നിറവുമായും സൗന്ദര്യവുമായും ബന്ധപ്പെട്ട് നർത്തകി കലാമണ്ഡലം സത്യഭാമയുടെ പരാമർശം വിവാദമായിരിക്കുകയാണ്. ചാലക്കുടിക്കാരൻ നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പേര് പരാമർശിച്ചില്ലെങ്കിലും പ്രതികരണവുമായി നർത്തകനും നടനുമായ ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്.
ഇപ്പോഴിതാ സത്യഭാമയെ വിമർശിച്ചുകൊണ്ടുള്ള ഹരീഷ് പേരടിയുടെ പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഞങ്ങൾക്ക് കാക്കയുടെ നിറമുള്ള രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്നും കറുപ്പിനും രാമകൃഷ്ണനുമൊപ്പമെന്നും ഹരീഷ് പേരടി കുറിച്ചു.
ഹരീഷ് പേരടിയുടെ വാക്കുകൾ;
”മോളെ സത്യഭാമേ..ഞങ്ങൾക്ക് പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി.രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം..”
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.
ഇത്തരം പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആര്‍.എല്‍.വി രാമകൃഷ്ണൻ പറഞ്ഞു. സാംസ്കരിക രംഗത്ത് ഇത്തരം സവര്‍ണ ചിന്തയുള്ളവര്‍ നിലയുറപ്പിച്ചാല്‍ വലിയ ഭീകര അവസ്ഥയാണുണ്ടാകുകയെന്നും കലാഭവൻ മണിയടക്കമുള്ള ആളുകള്‍ ഇത്തരം അധിക്ഷേപം നേരിട്ടിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: