ദുബായ് : അബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 65 ശതമാനം പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു. എമിറേറ്റിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ടിലാണ് ഈ മ്യൂസിയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
2025 അവസാനത്തോടെ മ്യൂസിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയാക്കുമ്പോൾ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ മ്യൂസിയമായിരിക്കും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി. സന്ദർശകരെ 13.8 ബില്യൺ വർഷം പഴക്കമുള്ള കാലത്തേക്കും സ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നത് ലക്ഷ്യമിട്ടാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി രൂപകൽപന ചെയ്യുന്നത്.
മുപ്പത്തയ്യായിരം സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള മ്യൂസിയത്തിന്റെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ഇലക്ട്രിക്കൽ, പ്ലംബിങ്, മെക്കാനിക്കൽ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി പദ്ധതിയ്‌ക്ക് 2022 മാർച്ച് 23-ന് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് തുടക്കം കുറിച്ചിരുന്നു.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, മിറാൾ എന്നിവർ സംയുക്തമായാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി ഒരുക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരിലും പ്രകൃതി ലോകത്തോടുള്ള ആജീവനാന്ത അഭിനിവേശം ഉണർത്താൻ ലക്ഷ്യമിട്ട്, നമ്മുടെ ഗ്രഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന കഥയെക്കുറിച്ചുള്ള പാഠങ്ങൾ നൽകുന്നതിനായാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി രൂപകൽപ്പന ചെയ്യുന്നത്.
നിർമ്മാണത്തിലിരിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയുടെ ഭാഗമായി ഒരുങ്ങുന്ന കാഴ്‌ച്ചകളെക്കുറിച്ച് പൊതുജനങ്ങൾക്ക് സൂചന നൽകുന്നതിനായി 2022 ഏപ്രിൽ 6 മുതൽ മെയ് 12 വരെ ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിരുന്നു. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിലെ ശേഖരത്തിൽ നിന്നുള്ള പ്രധാന ആകർഷണങ്ങളെ പൊതുജനങ്ങൾക്ക് അടുത്തറിയുന്നതിന് ഈ പ്രദർശനത്തിലൂടെ അവസരം ലഭിച്ചിരുന്നു.
67 ദശലക്ഷം വർഷം പഴക്കമുള്ള ലോകപ്രശസ്തമായ ‘സ്റ്റാൻ’ എന്ന ടൈറനോസോറസ് റെക്‌സ് ദിനോസർ ഫോസിൽ, 40 വർഷങ്ങൾക്ക് മുമ്പ്, ഓസ്‌ട്രേലിയയിൽ പ്രസിദ്ധമായി ക്രാഷ്-ലാൻഡ് ചെയ്‌തതും അതിനുശേഷം ആദ്യകാല സൗരയൂഥത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് വെളിപ്പെടുത്തിയതുമായ അസാധാരണമായ മർച്ചിസൺ ഉൽക്കാശിലയുടെ മാതൃക തുടങ്ങിയ ആകർഷണങ്ങളെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയുടെ നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ പ്രത്യേക പ്രദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: