ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ മഹുവ മൊയ്ത്രയ്ക്കെതിരായ ചോദ്യത്തിന് കോഴ കേസ് സിബിഐ അന്വേഷിക്കണമെന്ന് ലോക്പാല്‍ ഉത്തരവ്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്ന് ഉത്തരവിലുണ്ട്. 20(3)(എ) പ്രകാരമുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോക്പാല്‍ സിബിഐയോട് ആവശ്യപ്പെട്ടു.
ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ മിക്കതും വ്യക്തമായ തെളിവുകളുടെ പിന്തുണയുള്ളവയാണെന്ന് ലോക്പാല്‍ നിരീക്ഷിച്ചു. എല്ലാ മാസവും അന്വേഷണത്തിന്റെ സ്ഥിതി സംബന്ധിച്ച് ആനുകാലിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. രേഖയിലുള്ള മുഴുവന്‍ കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തിയതിന് ശേഷമാണ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. സത്യം സ്ഥാപിക്കാന്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്, ലോക്പാല്‍ ഉത്തരവില്‍ പറഞ്ഞു.
മൊയ്ത്ര കുറ്റക്കാരിയാണെന്ന് കാണിച്ച് സഭയുടെ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തുവന്നിരുന്നു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്ശന് ഹിരാനന്ദാനിയില്‍ നിന്ന് പണവും സമ്മാനങ്ങളും മൊയ്ത്ര വാങ്ങിയെന്ന് ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സത്യമേവ ജയതേ എന്ന് എക്സില്‍ കുറിച്ചാണ് ലോക്പാല്‍ ഉത്തരവിനെ ദുബെ സ്വാഗതം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: