ഇസ്ലാമബാദ് : കുപ്രസിദ്ധ അധോലോക കുറ്റവാളി ഏറെ വര്‍ഷങ്ങളായി ഇന്ത്യ തിരയുന്ന മുംബയ് സ്‌ഫോടന കേസ് പ്രതി കൂടിയായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്‌ത്തി പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. മുസ്ലിങ്ങള്‍ക്കുവേണ്ടി ദാവൂദ് ഇബ്രാഹിം ചെയ്ത കാര്യങ്ങള്‍ ഏറെ കാലം ഓര്‍മ്മിക്കപ്പെടുമെന്ന് മിയാന്‍ദാദ് പറഞ്ഞു. പാകിസ്ഥാനിലെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് മിയാന്‍ദാദ് ഇങ്ങനെ പറഞ്ഞത്.
ദാവൂദിന്റെ മകള്‍ മഹ്‌റൂഘിനെയാണ് മിയാന്‍ദാദിന്റെ മകന്‍ ജുനൈദ് വിവാഹം ചെയ്തിരിക്കുന്നത്. വന്‍ സുരക്ഷയില്‍ 2005ല്‍ ദുബായില്‍ വച്ചായിരുന്നു വിവാഹം.
ദാവൂദ് ഭായിയെ ദുബായില്‍ വച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അറിയാം.അദ്ദേഹത്തിന്റെ മകള്‍ എന്റെ മകനെ വിവാഹം ചെയ്തതില്‍ അഭിമാനമുണ്ട്. കോണ്‍വെന്റ് സ്‌കൂളിലും സര്‍വകലാശാലയിലും നിന്നും മികച്ച വിദ്യാഭ്യാസം നേടിയിട്ടുണ്ട് മരുമകള്‍. സമൂഹം പറയുന്ന പോലുള്ള ഒരു വ്യക്തിയല്ല ദാവൂദ്. മുസ്ലിങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ തങ്കലിപികളാല്‍ എഴുതപ്പെടും- മിയാന്‍ദാദ് പറഞ്ഞു.
1993ലെ മുംബയ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം.സ്ഫോടനത്തില്‍ 250 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു.ദാവൂദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് 2022ല്‍ എന്‍ഐഎ പ്രഖ്യാപിച്ചു.
ഐഎസ്ഐയുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും സഹായത്തോടെ ദാവൂദിന്റെ ഡി കമ്പനി ഇന്ത്യയില്‍ പ്രത്യേക യൂണിറ്റ് തയാറാക്കിയിട്ടുണ്ടെന്നും സ്ലീപ്പര്‍ സെല്ലുകള്‍ക്കും ഇതുവഴി സഹായം നല്‍കുന്നുവെന്നുമുളള വിവരത്തെ തുടര്‍ന്ന് 2022 ഫെബ്രുവരിയില്‍ ദാവൂദിനെതിരെ എന്‍ഐഎ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് തെളിവുകള്‍ സഹിതം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടും പാക് അധികൃതര്‍ ഈ വാദങ്ങളെല്ലാം നിരന്തരം തള്ളുകയായിരുന്നു. ദാവൂദ് ഇബ്രാഹിം കറാച്ചിയിലാണുളളതെന്നും രണ്ടാമതും വിവാഹം കഴിച്ചെന്നും സഹോദരി ഹസീന പാര്‍ക്കറിന്റെ മകന്‍ അലിഷാ പാര്‍ക്കര്‍ 2023ല്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: