ചെന്നൈ: ഭാരതത്തിന്റെ ക്രിക്കറ്റ് പൂരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) പുതിയ സീസണ് ആരംഭിക്കാന്‍ ഇനി രണ്ട് നാള് കൂടി. വെള്ളിയാഴ്ച രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും.
2008ല്‍ ആരംഭിച്ച ഐപിഎലിന്റെ 17-ാം പതിപ്പാണിത്. വെള്ളിയാഴ്ച തുടങ്ങുന്ന ഇത്തവണത്തെ പ്രീമിയര്‍ ലീഗ് മെയ് 26ന് ഫൈനലോടെ അവസാനിക്കും. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തുടരെ രണ്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് മുംബൈ കിരീടം ചൂടിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ലീഗിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ വിദേശത്തേക്ക് മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എല്ലാ മത്സരങ്ങളും ഭാരതത്തില്‍ തന്നെ നടത്താനാണ് തീരുമാനം.
ഘടനയില്‍ മാറ്റമില്ല
കഴിഞ്ഞ തവണത്തെ അതേ ഘടനയിലാണ് ഇക്കുറിയും ടൂര്‍ണമെന്റ് നടക്കുക. പത്ത് ടീമുകളാണ് ലീഗിലുള്ളത്. പുതുതായി ടീമുകളൊന്നുമില്ല. ഫൈനലും പ്ലേഓഫ് മത്സരങ്ങളും അടക്കം 74 കളികള്‍. ഏറ്റവും കൂടുതല്‍ നീണ്ടു നില്ക്കുന്ന ആദ്യഘത്തട്ടില്‍ പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ പ്ലേ ഓഫിലേക്ക് മുന്നേറും.
പ്ലേ ഓഫില്‍ ഏറ്റവും മുന്നിലുള്ള രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ പോരടിക്കും. ജയിക്കുന്നവര്‍ ക്വാളിഫയര്‍-1 എന്നപേരില്‍ ഫൈനലില്‍ കളിക്കാന്‍ യോഗ്യരാകും. തോറ്റ ടീമിന് വീണ്ടും അവസരമുണ്ട്. പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍ ഏറ്റുമുട്ടി തോല്‍ക്കുന്നവര്‍ പുറത്താകും. ജയിക്കുന്നവരും ആദ്യ പ്ലേഓഫില്‍ തോറ്റവരും വീണ്ടും കളിക്കും. ജയിക്കുന്നവര്‍ ക്വാളിഫയര്‍-2 എന്ന പേരില്‍ ഫൈനലിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: