മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിയമത്തിൽ ഭേദഗതി വരുത്തി ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റി. സിം സ്വാപ്പ് പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനോടനുബന്ധിച്ചാണ് ട്രായിയുടെ പുതിയ നീക്കം. സിം പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ പുതിയ ഭേദഗതി നിലവിൽ വരുമെന്ന് ട്രായ് അറിയിച്ചു.
പുതിയ നിയന്ത്രണം അനുസരിച്ച് ഒരു സിം കാർഡ് നമ്പർ മറ്റൊരു സിം കാർഡിലേക്ക് മാറ്റിയാൽ ഏഴ് ദിവസം പിന്നിട്ടതിന് ശേഷം മാത്രമാകും കണക്ഷൻ മറ്റൊരു ടെലികോം സേവനാദാതാവിലേക്ക് പോർട്ട് ചെയ്യപ്പെടുകയുള്ളൂ. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിയമത്തിൽ മാറ്റം വരുത്തുന്ന ഒമ്പതാമത്തെ ഭേദഗതിയാണിതെന്ന് ട്രായ് വ്യക്തമാക്കി.
ഒരു സിം കാർഡ് നഷ്ടമായാൽ ഈ നമ്പർ മറ്റൊരു കാർഡിലേക്ക് മാറ്റാൻ നിഷ്പ്രയാസം സാധിക്കും. ഇതിനോടനുബന്ധിച്ച് വ്യാപക തട്ടിപ്പുകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഉപയോക്താക്കൾ അറിയാതെ തന്നെ നമ്പറുകൾ മറ്റൊരു കണക്ഷനിലേക്ക് മാറ്റുന്ന സാഹചര്യം റിപ്പോർട്ട് ചെയ്തതോടെയാണ് പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുത്തുന്നത്.
കൂടാതെ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക്ക് പോർട്ടിങ് കോഡ് അഥവാ യുപിസി അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം കൊണ്ടുവന്നിട്ടുണ്ട്. ഇത് പ്രകാരം സിം സ്വാപ്പ് ചെയ്യുകയോ റീപ്ലേസ് ചെയ്യുകയോ ചെയ്തതിന് ശേഷം ഏഴ് ദിവസം പൂർത്തിയാകുന്നതിന് മുമ്പ് യുപിസി കോഡിന് അപേക്ഷിച്ചാൽ കോഡ് നൽകുന്നതായിരിക്കില്ല. ഫോൺ നമ്പർ മാറാതെ തന്നെ ഒരു ടെലികോം കമ്പനിയുടെ സേവനത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ അനുവദിക്കുന്ന സേവനമാണ് മൊബൈൽ നമ്പർ പോർട്ടബിലിറ്റി. കഴിഞ്ഞ വർഷം സിം പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രായ് കൂടുതൽ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: