കോട്ടയം: വായ്പയെടുത്ത് വിദേശങ്ങളില്‍ പോയി പഠനത്തിനൊപ്പം പണിയെടുത്ത് വീട്ടാമെന്ന വിദ്യാര്‍ത്ഥികളുടെ പ്രതിക്ഷ മങ്ങുന്നു. കാനഡ, യു.കെ എന്നിവിടങ്ങളില്‍ അവിദഗ്ധരായ കുട്ടികള്‍ക്ക് തൊഴില്‍ ക്ഷാമം രൂക്ഷമാവുകയാണ്. കാനഡയില്‍ ഹോട്ടല്‍ ജോലി പോലും കിട്ടാനില്ല . യു.കെ യില്‍ വൃദ്ധരെയും രോഗികളെയും പരിചരിക്കുന്ന കെയര്‍ ടേക്കര്‍ ജോലിയെങ്കിലും ശേഷിക്കുന്നു. നിരന്തരം കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കുന്ന സാഹചര്യം കണക്കിലെടുത്തും ഇവിടങ്ങളില്‍ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ കടക്കെണിയില്‍ പെടാതെ കരുതല്‍ പാലിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
പഠനത്തിനൊപ്പം ചെയ്യാന്‍ ജോലി കിട്ടാത്തതിനാല്‍ ചെലവിനങ്ങള്‍ക്കായി വീട്ടില്‍ നിന്ന് വീണ്ടും പണം അയപ്പിക്കുകയാണ് പലരും. അതിന് ഇല്ലാത്തവര്‍ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നു . ഉയര്‍ന്ന ജീവിത ചെലവും വീട്ടുവാടകയും താങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല. പഠനശേഷം പഴയതുപോലെ അവിടെ തുടരാനുള്ള സാദ്ധ്യതയും മങ്ങി .
ഇരുപത്തഞ്ചും മുപ്പതും ലക്ഷം രൂപ വായ്പയെടുത്തും മറ്റും വിദേശത്തു പഠിക്കാന്‍ പോകുന്നവര്‍ ജോലി നേടി അവിടെ തുടരാമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പോകുന്നവര്‍ പഠനം മാത്രം ലക്ഷ്യം വയ്ക്കുകയാണ് ഉചിതമെന്നും അവിടെ തുടരാന്‍ ഒട്ടേറെ കടമ്പകളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
യു.കെ കാനഡ അടക്കമുള്ള പല രാജ്യങ്ങളും വിദ്യാര്‍ത്ഥി പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കയാണ്. കാനഡയില്‍ പല പ്രവിശ്യകളും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നില്ല. ഇനി തുറന്നാല്‍ തന്നെ തൊഴില്‍ ക്ഷാമം രൂക്ഷമായതിനാല്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനും സാദ്ധ്യതയില്ല.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: