2016 ല്‍ നേമത്തുനിന്ന് ഒ.രാജഗോപാല്‍ ജയിച്ചപ്പോള്‍ അത് ചരിത്രമായി. കേരളത്തില്‍ നിയമസഭയിലെത്തിയ ആദ്യത്തെ ബിജെപിക്കാരന് എന്ന പട്ടം അദ്ദേഹത്തിന്റെ പേരിലായി. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ആദ്യ ആര്‍എസ്എസ് പ്രവര്ത്തകന് ഒ.രാജഗോപാല്‍ അല്ല. അഡ്വ. മാന്നാര്‍ ഗോപാലന് നായര്‍ ആണ് നിയമസഭയിലെത്തിയ ആദ്യത്തെ ഹിന്ദുത്വ രാഷ്ട്രീയ വക്താവ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയച്ച സ്വയം സേവകന് കൂടിയാണ് ഈ മാന്നാറുകാരന്‍.
സാര്‍വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തില്‍ ആദ്യ തെരഞ്ഞെടുപ്പായിരുന്നു 1948 ല്‍ തിരുവിതാംകൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. തിരുവല്ല മണ്ഡലത്തില്‍ നി്ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍്ത്ഥിയായി ജയിച്ചത് മാന്നാര്‍ ഗോപാലന് നായര്‍. 1949 ല്‍ തിരു കൊച്ചി സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ ഇരു നിയമസഭകള്‍ യോജിച്ച് തിരു കൊച്ചി നിയമസഭ രൂപം കൊണ്ടു. 1953 വരെയായിരുന്നു ഈ സഭയുടെ കാലാവധി.
ആര്‍എസ്എസിന്റെ കേരളത്തിലെ ചരിത്രത്തില്‍ ഇടം പിടിച്ച ആളാണ് രാഷ്ട്രീയ സാഹിത്യ സാംസ്ക്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഗോപാലന് നായര്‍. 1942 ല്‍ നാഗപ്പൂരില്‍ നടന്ന ആര്‍എസ്എസ് പരിശീന പദ്ധതിയായ സംഘ ശിക്ഷാ വര്‍ഗിലാണ് കേരളത്തില്‍ നിന്ന് ആദ്യമായി പ്രതിനിധികള്‍ പങ്കെടുത്തത്. നാഗപ്പൂരില്‍ പോയ മൂന്നുപേരില്‍ ഒരാള്‍ മാന്നാര്‍ ഗോപാലന് നായര്‍ ആയിരുന്നു. ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കര്‍, ജനസംഘം സ്ഥാപകന്‍ ദീനദയാല്‍ ഉപാദ്ധ്യായ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന് തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മന്നത്ത് പദ്മനാഭന് , പട്ടം താണുപിള്ള , പറവൂര്‍ നാരായണപിള്ള തുടങ്ങിയവരുമായും അടുപ്പം പുലര്‍ത്തി. ഗുരുജി ഗോള്‍വാള്‍ക്കര്‍ പലതവണ ഇദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്.
ബിജെപിയുടെ ആദ്യ രൂപമായിരുന്ന ജനസംഘവുമായും അടുത്ത ബന്ധം. 1953ല്‍ ദീനദയാല്‍ ഉപാധ്യായ ജനസംഘം രൂപീകരണത്തിനായ കേരളത്തിലെത്തിയപ്പോള്‍ തിരു- കൊച്ചി സംസ്ഥാനത്തിന്റെ കണ്‍വീനറായി നിശ്ചയിച്ചത് മാന്നാര്‍ ഗോപാലന് നായരെ. തുടര്‍ന്ന് ആലപ്പുഴയില്‍ സംസ്ഥാന കണ്‍വന്‍ഷനില്‍ കാര്യദര്‍ശിയായി.
മാന്നാര്‍ നായര്‍ സമാജം സ്കൂള്‍, തിരുവനന്തപുരം യൂണിവേവ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തിയ ഗോപാലന് നായര്‍ ചെങ്ങന്നൂര്‍ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് തിരുവനന്തപുരമായിരുന്നു പ്രവര്‍ത്തന മണ്ഡലം.ഗവണ്മെന്റ് പ്ലീഡര്‍, നിയമാദ്ധ്യാപകന്‍ എന്നീ നിലകളിലും തിളങ്ങി. ഭഗവദ് ഗീതയുടെ മലയാള വിവര്‍ത്തനം, ശിവാജി പട്ടാഭിഷേകം കഥകളി, ഗീതോപദേശം കഥകളി, ശ്രീകൃഷ്ണ ചരിത്രം കഥകളി, അമൃതകലശം കഥകളി, ഭാരതദര്‍ശനം ഖണ്ഡകാവ്യം , ഇന്ത്യ – പാക്കിസ്ഥാന് യുദ്ധത്തെ ആസ്പദമാക്കി എഴുതിയ വീര ഭരതം ഓട്ടന്തുള്ളല് തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും തിരുവനന്തപുരം ചന്ദ്രികാ ബുക്ക് ഡിപ്പോ ഉടമയുമായിരുന്നു.
1937ല്‍ മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശന വേളയില്‍ ശുഭാനന്ദ ഗുരുദേവനും ഗാന്ധിജിയുമായി നടന്ന സംഭാഷണം തര്ജ്മ ചെയ്തത് മാന്നാര്‍ ഗോപാലന് നായരായിരുന്നു. സ്വാതന്ത്യ സമര സേനാനി എന്ന നിലയില്‍ ഇന്ദിരാ ഗാന്ധി താമ്രപത്രം നല്കി 1972 ല്‍ ആദരിച്ചിരുന്നു. 1986 ല്‍ അന്തരിച്ചു
പി. ശ്രീകുമാര്‍
P. Sreekumar
Janmabhumi Daily
പ്രതികരിക്കാൻ ഇവിടെ എഴുതുക: