ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ ദേശീയപാതയില്‍ യുദ്ധവിമാനം പറന്നിറങ്ങി. വ്യോമസേനയുടെ അടിയന്തര ലാന്‍ഡിങ് പരീക്ഷണത്തിന്റെ ഭാഗമായാണ് ദേശീയ പാതയില്‍ യുദ്ധ-ഗതാഗത വിമാനങ്ങളിറക്കിയത്. ദേശീയപാതയില്‍ നിര്‍മിച്ച എമര്‍ജന്‍സി ലാന്‍ഡിങ് ഫെസിലിറ്റിയിലായിരുന്നു പരീക്ഷണം.
ആന്ധ്രയിലെ ബപട്ല ജില്ലയില്‍ അദ്ദങ്കിക്ക് സമീപം ദേശീയപാത 16-ല്‍ സുഖോയ്, ഹോക്ക് യുദ്ധവിമാനങ്ങളും ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളുമാണ് പരീക്ഷണ പറക്കലും ലാന്‍ഡിങ്ങും നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. 4.1 കിലോമീറ്റര്‍ നീളവും 33 മീറ്റര്‍ വീതിയുമുള്ള കോണ്‍ക്രീറ്റ് എയര്‍സ്ട്രിപ്പ് വ്യോമസേനയുടെ നിബന്ധനകള്‍ക്ക് അനുസരിച്ച് നാഷണല്‍ ഹൈവേ അതോറിറ്റിയാണ് നിര്‍മിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരത്തെയും ദേശീയപാതയുടെ ഭാഗമായി എയര്‍സ്ട്രിപ്പുകള്‍ ഒരുക്കിയിട്ടുണ്ട്.
പ്രകൃതിദുരന്തങ്ങളില്‍ മാനുഷിക സഹായം എത്തിക്കല്‍, വിദൂര പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ദേശീയപാതയുടെ ഭാഗമായി എമര്‍ജന്‍സി ലാന്‍ഡിങ് ഫെസിലിറ്റികള്‍ ഒരുക്കുന്നത്. വ്യോമസേനയും ഗതാഗത മന്ത്രാലയവും സംയുക്തമായാണ് എയര്‍ സ്ട്രിപ്പുകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: