ന്യൂദല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വിജ്ഞാപനം ബുധനാഴ്ച പുറത്തിറങ്ങും. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ സീറ്റുകളിലേക്കാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിലെ 39 സീറ്റുകള്‍, രാജസ്ഥാനിലെ 12 സീറ്റുകള്‍, ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റുകള്‍, മധ്യപ്രദേശില്‍ ആറ് സീറ്റുകള്‍, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ അഞ്ച് സീറ്റുകള്‍, ബിഹാറില്‍ നാല് സീറ്റുകള്‍, പശ്ചിമ ബംഗാളില്‍ മൂന്ന് സീറ്റുകള്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളിലെ രണ്ട് സീറ്റുകള്‍ വീതം, ഛത്തീസ്ഗഡ്, മിസോറം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, അനാദമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ സീറ്റിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.
ഈ മാസം 27 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ് നീതിപൂര്‍വമായും സ്വതന്ത്രമായും നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യകതമാക്കി.പണത്തിന്റെ ദുരുപയോഗം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ എന്നിവയ്‌ക്കൊപ്പം ശാരീരികാക്രമണങ്ങള്‍ നടത്തുന്നുണ്ടോ എന്നും നിരീക്ഷിക്കും. പ്രശ്‌ന സാധ്യതയുളള സ്ഥലങ്ങളില്‍ സായുധ കേന്ദ്ര പൊലീസ് സേനയെ വിന്യസിക്കും. ജില്ലകളില്‍ മുഴുവന്‍ സമയവും സംയോജിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും.
പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തും. ജാമ്യമില്ലാ വാറണ്ടുകള്‍ നടപ്പിലാക്കും.ആയുധശേഖരണവും മുമ്പ് പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള വ്യക്തികളെയും നിരീക്ഷിക്കും.രാജ്യവ്യാപകമായി ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: