സ്വാതന്ത്ര്യാനന്തരം അയല്‍ രാജ്യങ്ങളെ അപേക്ഷിച്ചു ഈ രാജ്യം എല്ലാവരുടെയും ആണെന്ന മഹത്തായ സങ്കല്പവും അതിലെ ജനാധിപത്യവും നിലനിര്‍ത്താന്‍ ഇന്നുവരെ ഈ രാജ്യത്തിന് ആയിട്ടുണ്ട്. ഇപ്പോഴും അതിന് യാതൊരുവിധ മാറ്റവും സംഭവിച്ചിട്ടില്ല. ഭാരതത്തിനൊപ്പം സ്വാതന്ത്ര്യം നേടിയ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പിന്നീട് ബംഗ്ലാദേശ് ആയി മാറിയ കിഴക്കന്‍ പാകിസ്ഥാനിലും ഒക്കെ ഭരണകൂട പ്രതിസന്ധികളും അട്ടിമറികളും പട്ടാള ഭരണവും ഏകാധിപത്യ ഭരണവും പിന്നീടത് മതാധിപത്യ ഭരണവും ഒക്കെയായി മാറി.
ആ രാജ്യങ്ങളിലെ ജനജീവിതം ദുഷ്കരമായപ്പോള്‍ ഭാരതമെന്ന ഈ രാജ്യത്തെ കെട്ടുറപ്പോടെ മനോഹരമായി നിലനിര്‍ത്തിയത് ഇവിടുത്തെ ജനാധിപത്യ സംവിധാനവും നിയമങ്ങളും അവയില്‍ കാലാനുസൃതമായിവരുത്തിയ മാറ്റങ്ങളും അവ കര്‍ശനമായി പാലിക്കപ്പെട്ടതും എല്ലാം കൊണ്ടുതന്നെയാണ്.
പുതുതായി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള പൗരത്വ ഭേദഗതി നിയമവും ഈ രാജ്യത്തിന്റെ കെട്ടുറപ്പിന്റെയും ജനാധിപത്യ ബോധത്തിന്റെയും പൗരന്മാരോടുള്ള കരുതലിന്റെയും ഭാഗം തന്നെയായി വേണം കാണുവാന്‍. മതത്തിന്റെ പേരില്‍ വെട്ടി മുറിക്കപെട്ടില്ലായിരുന്നുവെങ്കില്‍ ഭാരതമെന്ന മഹാരാജ്യത്തിന്റെ പൗരന്മാരാകേണ്ടിയിരുന്നവര്‍ മതത്തിന്റെ പേരില്‍ മാത്രം രൂപീകരിക്കപ്പെട്ട ഇസ്ലാമിക രാജ്യങ്ങളായ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും ഇന്ന് രണ്ടാംതരം പൗരന്മാരായി നരകയാതന അനുഭവിക്കുന്നുവെങ്കില്‍, അങ്ങിനെ പീഡനങ്ങള്‍ സഹിക്കാനാവാതെ എല്ലാം ഉപേക്ഷിച്ച് ഭാരതത്തിലേക്ക് അഭയാര്‍ത്ഥികളായി എത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ രേഖകളില്‍ ഭാരതീയരല്ലാതെ ഈ രാജത്തിന്റെ തെരുവുകളിലും ക്യാമ്പുകളിലും കഴിയുന്നുണ്ടെങ്കില്‍ അവരെ പൗരത്വം നല്കി ഭാരതത്തിന്റെ ഭാഗമാക്കേണ്ടതും ഈ രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. അതുതന്നെയാണ് ഇപ്പോള്‍ നമ്മുടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതും.
1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പാക്കിസ്ഥാനുമായി നെഹ്റുവും ലിയാഖത്ത് അലി ഖാനും തമ്മിലും 1972-ല്‍ ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാജ്യമായി മാറിയപ്പോള്‍ ഇന്ദിരാഗാന്ധിയും മുജീബ്റഹ്മാനും തമ്മിലും മൂന്ന് രാജ്യങ്ങളിലുമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ച് വ്യക്തമായ ധാരണകള്‍ ഉണ്ടാക്കിയിട്ടുള്ളതാണ്. പാക്കിസ്ഥാനും ബംഗ്ലാദേശും ഇസ്ലാമിക രാജ്യങ്ങള്‍ ആണെങ്കില്‍ തന്നെയും ആ രാജ്യങ്ങളില്‍ ആയിരിക്കുന്ന ഹിന്ദു, ജൈന, പാഴ്സി, സിക്ക്, ക്രിസ്ത്യന്‍, ബുദ്ധ എന്നീ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മറ്റ് ഇസ്ലാം മതസ്ഥര്‍ക്കൊപ്പം തുല്യമായ പരിഗണനയും അവകാശങ്ങളും കൊടുത്ത് ഒരേ തരം പൗരന്മാരായി നിലനിര്‍ത്തിക്കൊള്ളാം എന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ കരാറിന്റെ ലംഘനങ്ങളാണ് ആ രാജ്യങ്ങളില്‍ എല്ലാം ഉണ്ടായത്. ന്യൂനപക്ഷങ്ങള്‍ എന്ന പരിഗണന പോലും ലഭിക്കാതെ അവര്‍ രണ്ടാംതരം പൗരന്മാരായി മാറ്റപ്പെടുകയും വര്‍ഗീയമായും വംശീയപരമായും കൊടിയ പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകേണ്ടിയും വന്നുകൊണ്ടിരിക്കുന്നു.
1950-ലും 1972ലും പാക്കിസ്ഥാനുമായും ബംഗ്ലാദേശുമായും ഭാരതം ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് പരസ്പരം ഉണ്ടാക്കിയ കരാറുകളുടെ ലംഘനം ആരാണ് നടത്തിയത് എന്ന് മൂന്ന് രാജ്യത്തെയും ന്യൂനപക്ഷങ്ങളുടെ ഇപ്പോഴത്തെ എണ്ണമെടുത്താല്‍ മനസ്സിലാവും. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങള്‍ വംശനാശം നേരിടുമ്പോള്‍ ഇവിടുത്തെ ന്യൂനപക്ഷമായ മുസ്ലിം സമുദായം പതിന്മടങ്ങ് ജനസംഖ്യാപരമായും സാമുദായികപരമായും രാഷ്ട്രീയപരമായും വളരുകയും രാജ്യത്തിന്റെ എല്ലാ മേഖലകളിലും പ്രാതിനിധ്യം നേടുകയുമാണ് ചെയ്തത്.
1947ല്‍ 23% ന്യൂനപക്ഷങ്ങള്‍ ഉണ്ടായിരുന്ന പാകിസ്ഥാനില്‍ 2011 ല്‍ എത്തിയപ്പോള്‍ ന്യൂനപക്ഷങ്ങള്‍ 3.7% ആയി കുറഞ്ഞു. 1947-ല്‍ 20.5 % ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ ഉണ്ടായിരുന്നുവെങ്കില്‍ 2021ആയപ്പോള്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ എണ്ണം 2.14 ശതമാനമായി കുറഞ്ഞു, 1947-ല്‍ 5.6 % ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ ആവട്ടെ 2021 എത്തിയപ്പോള്‍ 0.8% മാത്രമായി മാറി. ബംഗ്ലാദേശിലും സമാന സ്ഥിതി തന്നെ, 1947ല്‍ 30% ഉണ്ടായിരുന്ന ഹിന്ദുക്കള്‍ 2021 ആയപ്പോള്‍ വെറും 7% മാത്രമായി കുറഞ്ഞു. ഇതുപോലെ തന്നെയാണ് മറ്റു ന്യൂനപക്ഷങ്ങളുടെ അവസ്ഥയും.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്രിസ്ത്യന്‍-2.8% അല്ലെങ്കില്‍ അനൗദ്യോഗികമായി 3% എന്ന് പറയാമെങ്കിലും നോര്‍ത്ത്ഇന്ത്യയിലും, പഞ്ചാബ്, ആന്ധ്രാ, തെലുങ്കന ഇവിടങ്ങളില്‍ രഹസ്യമായി ക്രിസ്തുവിനെ സ്വീകരിച്ചവരുടെ കണക്ക് നോക്കിയാല്‍ അത് 5% വരെ ആകാമെന്നും പറയപ്പെടുന്നു. അതുപോലെ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം മുസ്ലിം 7 ശതമാനത്തില്‍ നിന്നും ഔദ്യോഗികമായി 22 ശതമാനമെന്നും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 27% മുതല്‍ 32% വരെ എന്നും പറയപ്പെടുന്നു. ഇവിടെ ക്രിസ്ത്യനികളെയും മുസ്ലിങ്ങളെയും ‘എല്ലാ ദിവസവും കാവി ഭീകരര്‍ കൊന്നു ശാപ്പിട്ടിട്ടും’ ഇവിടെത്തെ ന്യുനപക്ഷങ്ങള്‍ 75 വര്‍ഷമായിട്ടും കുറയുകയല്ല, കൂടുകയാണ് ചെയ്തതെന്നും അവര്‍ പ്രത്യേക ന്യുനപക്ഷ സംവരണവും സംരക്ഷണവും അനുഭവിച്ചു കൊണ്ട് അവരുടെ മതവും സംസ്കാരവും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഇവിടെ പ്രാക്ടീസ് ചെയ്തു സര്‍വ്വ സ്വാതന്ത്രരായി മുന്നോട്ട് പോകുന്നു. ഇതേ സമയം തന്നെ സ്വാതന്ത്ര്യാനന്തര പാകിസ്ഥാനില്‍ അവിടത്തെ ന്യുനപക്ഷമായ ഹിന്ദുവും ക്രിസ്ത്യാനിയും പാഴ്സിയും, ജെനനും ബൗദ്ധനുമെല്ലാം ഉള്‍പ്പെടെ 30% ഉണ്ടായിരുന്നത് ഇന്ന് 3 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്!
ഈ ന്യുനപക്ഷങ്ങള്‍ ഈ കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ഉടലോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടതാണോ. അതോ ഇവരുടെയൊക്കെ എണ്ണം കുറഞ്ഞുപോയത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചതു കൊണ്ടോ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായതുകൊണ്ടോ ആണോ? അല്ല. മറിച്ച് നിര്‍ബന്ധിതമായി മതംമാറ്റം ചെയ്യപ്പെട്ടതും കൊലചെയ്യപ്പെട്ടതും മുതല്‍ പീഡനങ്ങള്‍ സഹിക്കവയ്യാതെ എല്ലാം ഉപേക്ഷിച്ച് ഭാരതം ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി ഓടി പോകേണ്ടി വന്നതും മൂലമാണ് അവരുടെ ജനസംഖ്യ അവിടെ കുറയാന്‍ ഇടയായത്. അതായത് ഇതേ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ അടുത്ത 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതെയാവും.
അതുകൊണ്ടുതന്നെ അഭയാര്‍ത്ഥികളായി ഇവിടെ എത്തപ്പെട്ടവരിലും അവിടെ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു സിഖ് ബുദ്ധ ജൈന പാഴ്സി ക്രിസ്ത്യന്‍ എന്നീ ന്യൂനപക്ഷങ്ങള്‍ക്ക് പോകാന്‍ ഈ ഭാരതമല്ലാതെ വേറൊരു ഇടമില്ലാത്തതിനാല്‍ ആ രാജ്യങ്ങളില്‍ നിന്നും ഇവിടെ അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കും വരുവാന്‍ ആഗ്രഹമുള്ള ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വം കൊടുക്കേണ്ടത് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: