ലണ്ടന്‍: കരുത്തരായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇംഗ്ലീഷ് എഫ്എ കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍. അധികസമയത്തേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ലിവര്‍പൂളിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമിയിലെത്തിയത്. ലെസ്റ്റര്‍ സിറ്റിക്കെതിരെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. സെമിയില്‍ യുണൈറ്റഡിന് എതിരാളികള്‍ ചെല്‍സിയാണ്.
ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ അധികസമയത്തിന്റെ ഇഞ്ചുറി സമയത്ത് അമദ് ദിയാലോ നേടിയ ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവും സെമി ബെര്‍ത്തും സ്വന്തമാക്കിയത്. ആദ്യ ലീഡ് നേടുകയും പിന്നീട് രണ്ട് തവണ പിന്നിലാവുകയും ചെയ്തശേഷം ശക്തമായി പൊരുതിയാണ് മാഞ്ചസ്റ്ററിന്റെ പടയോട്ടം. കളിയുടെ 10-ാം മിനിറ്റില്‍ സ്‌കോട്ട് മക്‌ടോമിനെയിലൂടെ യുണൈറ്റഡ് മുന്നിലെത്തി. എന്നാല്‍ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോള്‍ തിരിച്ചടിച്ച ലിവര്‍പൂള്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-1ന് മുന്നിലെത്തുകയും ചെയ്തു. 44-ാം മിനിറ്റില്‍ മക്അലിസ്റ്ററും പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റില്‍ മുഹമ്മദ് സാലയുമാണ് ലിവര്‍പൂളിനായി ലക്ഷ്യം കണ്ടത്.
രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ വ്യക്തമായ മേധാവിത്തം പുലര്‍ത്തിയെങ്കിലും ഗോള്‍ എണ്ണം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 87-ാം മിനിറ്റില്‍ സമനില പിടിച്ചു. ബ്രസീലിയന്‍ താരം ആന്റണിയാണ് ഗോളടിച്ചത്. ഇതോടെ നിശ്ചിത സമയം അവസാനിച്ചപ്പോള്‍ 2-2 എന്ന നിലയിലായി. തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീ്ണ്ടത്. അധിക സമയത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പായി ലിവര്‍പൂള്‍ വീണ്ടും ലീഡ് നേടി. ഹാര്‍വെ എല്ലിയറ്റാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ ഏഴ് മിനിറ്റിനുശേഷം റാഷ്‌ഫോര്‍ഡിലൂടെ യുണൈറ്റഡ് സമനില ഗോള്‍ നേടി. ഒടുവില്‍ അധികസമയ രണ്ടാം പകുതിയുടെ പരിക്ക് സമയത്ത് ഡിയാലോയിലൂടെ ലിവര്‍പൂളിന്റെ ഹൃദയം പിളര്‍ന്ന ഗോളും യുണൈറ്റഡ് നേടി. ഇതോടെ സ്വപ്‌നതുല്യ പോരാട്ടത്തില്‍ വിജയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തമായി. ഗോളടിച്ചശേഷം ഷര്‍ട്ട് ഊരി ആഘോഷം നടത്തിയതിന് അമദ് ദിയാലോയ്‌ക്ക് രണ്ടാം മഞ്ഞ കാര്‍ഡും മാച്ചിങ് ഓര്‍ഡറും ലഭിച്ചു. തുടര്‍ന്ന് അവസാന രണ്ട് മിനിറ്റ് 10 പേരുമായാണ് യുണൈറ്റഡ് കളിച്ചത്.
ഇഞ്ചുറി സമയത്തെ രണ്ട് ഗോളില്‍ ചെല്‍സി
ലെസ്റ്റര്‍ സിറ്റിക്കെതിരെ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ പരിക്ക് സമയത്ത് നേടിയ രണ്ട് ഗോളുകളാണ് ചെല്‍സിയെ സെമിയിലേക്ക് നയിച്ചത്. കളിയുടെ 13-ാം മിനിറ്റില്‍ മാര്‍ക്ക് കുക്കുറെല്ല, ആദ്യപകുതിയുടെ പരിക്ക് സമയത്ത് കോള്‍ പാല്‍മര്‍, രണ്ടാം പകുതിയുടെ പരിക്ക് സമയത്ത് കാര്‍നി ചുക്വുമെക്ക, നോനി മദുകെ എന്നിവര്‍ ചെല്‍സിക്കായി ഗോള്‍ നേടി. ലെസ്റ്ററിനായി മാവിദിദി ഒരു ഗോളടിച്ചപ്പോള്‍ മറ്റൊന്ന് ചെല്‍സി താരം ഡിസാസിയുടെ സെല്‍ഫ് ഗോളായിരുന്നു. ആദ്യപകുതിയില്‍ 2-0ന് മുന്നിട്ടുനിന്ന ചെല്‍സിക്കെതിരെ രണ്ടാം പകുതിയില്‍ ലെസ്റ്റര്‍ തിരിച്ചടിച്ചു.
കളിയില്‍ ചെല്‍സിയുടെ ആധിപത്യമായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അവര്‍ ഏറെ മുന്നിട്ടുനിന്നു. തുടക്കം മുതല്‍ എതിര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി മുന്നേറ്റം അഴിച്ചുവിട്ട അവര്‍ 13-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചു. നിക്കോളാസ് ജാക്‌സണ്‍ ഒരുക്കിയ അവസരത്തില്‍ നിന്ന് മാര്‍ക്ക് കുക്കുറെല്ലയാണ് ലക്ഷ്യം കണ്ടത്. 24-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ ചെല്‍സിക്ക് സുവര്‍ണാവസരം ലഭിച്ചു. റഹീം സ്റ്റര്‍ലിങ്ങിനെ ബോക്‌സിനുള്ളില്‍ വീഴത്തിയതിന് പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ സ്റ്റര്‍ലിങ്ങിന്റെ കിക്ക് ലെസ്റ്റര്‍ സിറ്റി ഗോളി രക്ഷപ്പെടുത്തി. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ചെല്‍സിക്ക് ലഭിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. ഒടുവില്‍ പരിക്ക് സമയത്തേക്ക് കളി നീണ്ടപ്പോള്‍ ചെല്‍സി ലീഡുയര്‍ത്തി. സ്റ്റര്‍ലിങ് ഒരുക്കിയ അവസരത്തില്‍ നിന്ന് പാല്‍മറാണ് ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ചെല്‍സി 2-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ചെല്‍സി സംഘം നേരിട്ടത്. ലെസ്റ്റര്‍സിറ്റിയുടെ മുന്നേറ്റം തടയാന്‍ ശ്രമിച്ച ആക്സല്‍ ഡിസാസിയുടെ കാലില്‍ നിന്നും പന്ത് ഉയര്‍ന്നുപോയി. ഏറെ മുന്നിലായിരുന്ന ചെല്‍സി ഗോള്‍ കീപ്പര്‍ക്ക് പന്ത് വലയ്‌ക്കുള്ളിലാകുന്നത് നോക്കി നില്‍ക്കാനെ സാധിച്ചുള്ളു. 62-ാം മിനിറ്റില്‍ മാവിദിദിയുടെ ഗോളിലൂടെ ലെസ്റ്റര്‍ ഒപ്പമെത്തി. എന്നാല്‍ 73-ാം മിനിറ്റില്‍ ലെസ്റ്ററിന്റെ ഡൊയ്‌ലെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ 92-ാം മിനിറ്റില്‍ കാര്‍നി ചുക്വുമെക്കയും 98-ാം മിനിറ്റില്‍ നോനി മദുകെയും ഗോളുകള്‍ നേടി. ഇതോടെ ചെല്‍സി എഫ്എ കപ്പിന്റെ സെമിയിലേക്കെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: